Sunday, May 18, 2014

അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുകയാണ്

ഇതുപോലൊരു അന്നൌന്‍സ്മെന്‍റ് കേട്ടിട്ടാണ് ആ പഴയ കെട്ടിടത്തിനടുത്തേക്ക് ഞങ്ങള്‍ ചെന്നത്. ഏകദേശം എട്ടു വര്‍ഷം മുന്‍പ്. സ്ഥലം ഒറ്റപ്പാലം. സമയം വൈകുന്നേരം ഏഴു മണി. "നാടകമെങ്കില്‍ നാടകം, ട്രെയിന്‍ വരുന്നത് വരെ എങ്ങിനെയെങ്കിലും ഒന്നര മണിക്കൂര്‍ തള്ളി നീക്കണം". ഹരി ആത്മഗതം പറഞ്ഞു.

റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു അഞ്ചു മിനിറ്റ് നടക്കേണ്ട ദൂരമേയുള്ളൂ അവിടുന്ന്. ഞങ്ങള്‍ ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു. നിലാവില്ലാത്ത രാത്രിയായത് കൊണ്ട് ചുറ്റും ഭയാനകമായ ഇരുട്ട്. ഞങ്ങള്‍ കെട്ടിടത്തിനടുത്തെത്തി.

പഴകിയ ദ്രവിച്ച കഴുക്കോല്‍ തൂണുകള്‍. ബലം ക്ഷയിച്ച ചാരുപടി. വരാന്തയിലേക്കുള്ള പടികളില്‍ ഏറ്റവും മുകളിലുള്ള നാലാമത്തെ പടിയുടെ സിമന്‍റ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. എങ്ങിനെയാണ് ഇതിനകത്തു കയറുക എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്‌ വരാന്തയുടെ പടിഞ്ഞാറു ഭാഗത്ത് ഒരു വാതില്‍ ഹരി കണ്ടത്.

ഞങ്ങള്‍ വാതിലിനടുത്തേക്ക് നടന്നു. ചുറ്റും നിശബ്ധത. നേരത്തെ കേട്ട കൊലാഹലമോ മണിമുഴക്കമോ ഒന്നുമില്ല. ഞാനും ഹരിയും അന്യോന്യം നോക്കി. മുഖത്തു പ്രതിഫലിച്ച ഭീതി രണ്ടുപേരും വായിച്ചെടുത്തു.

"നമുക്ക് തിരിച്ചു പോകാം.." ഞാനിത് പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തൊണ്ടയില്‍ നിന്ന് വാക്കുകള്‍ പുറത്തു വരുന്നില്ല. ഹരിയാണെങ്കില്‍ പകുതി വലിച്ച സിഗരെറ്റ്‌ നിലത്തിട്ടു ചവിട്ടിക്കെടുത്തി. ഞങ്ങള്‍ വീണ്ടും മുഖാമുഖം നോക്കി.

"വാ നമുക്ക് തുറന്നു നോക്കാം.. ഏതായാലും വന്നതല്ലേ.. നീയും കേട്ടതല്ലേ അന്നൌന്‍സ്മെന്‍റ്" ഹരിയുടെ ധൈര്യം ഞാന്‍ സമ്മതിച്ചു കൊടുത്തു. കാരണം അവന്‍ സംസാരിക്കുന്നുണ്ട്.

അവന്‍ കൈ നീട്ടി, വാതില്‍ തള്ളിത്തുറക്കാന്‍ വേണ്ടി. അവന്‍റെ കൈ വാതിലില്‍ പതിഞ്ഞതും പുറകില്‍ നിന്നു വേറെ രണ്ടു കൈകള്‍ ഞങ്ങളുടെ തോളില്‍ പതിഞ്ഞു. ശൈത്യത്തില്‍ ഉറച്ച ഹിമം പോലെ ഞങ്ങള്‍ നിശ്ചലമായി.

"നാടകം കാണാന്‍ വന്നതാണോ" ഇടിമുഴക്കം പോലുള്ള ശബ്ദം കൂടി കെട്ടതെ ഞാന്‍ ഹരിയുടെ കൈ മുറുകെ പിടിച്ചു. ഹരി തിരിഞ്ഞു നിന്ന് അയാളെ നോക്കി. ഞാന്‍ അപ്പോഴും വാതിലിനു അഭിമുഖമായി നിന്നു.

"അടുത്ത ബെല്ലോടു കൂടി നാടകം തുടങ്ങും." ഇതും പറഞ്ഞുകൊണ്ട് അയാള്‍ വാതില്‍ തുറന്നു. അയാള്‍ മുന്‍പില്‍ നടന്നു. ഹരി പിറകിലും. അതിനു തൊട്ടു പിറകിലായി ഞാനും. അകത്തു കയറിയ ഞങ്ങള്‍ പകച്ചുപോയി. കൂരാകൂരിരുട്ട്. ഒരാളുപോലുമില്ല. യവനികയുമില്ല, സ്റ്റെയ്ജുമില്ല. കാണികള്‍ക്ക് ഇരിക്കാനുള്ള ഒറ്റ കസേര പോലുമില്ല.

പെട്ടെന്നാണ് അത് സംഭവിച്ചത്. ആരോ എന്‍റെ കൈ പിറകില്‍ നിന്നു പിടിച്ചു വരിഞ്ഞു കെട്ടി. മുടി പിടിച്ചു കഴുത്ത് പിന്നിലോട്ട് മടക്കി. ഞാന്‍ ഘോരം ഘോരമായി ഹരീ ... ഹരീ .. എന്ന് നിലവിളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം നേരത്തത്തെ പോലെ കണ്ഠത്തില്‍ കുടുങ്ങി കിടക്കുന്നു. മരണവെപ്രാളത്തില്‍ ഞാന്‍ കാലുകളിട്ടടിക്കാന്‍ തുടങ്ങി. പക്ഷെ ഒന്നും കാണുന്നുമില്ല കേള്‍ക്കുന്നില്ല.

പെട്ടെന്നാണ് ഇരുട്ടുനിറഞ്ഞ ആ മുറിയില്‍ പ്രകാശം പരന്നതും, ഹരി എന്‍റെ മുഖത്തു നിന്ന് തലയിണ എടുത്തു മാറ്റിയതും, എനിക്ക് സ്വബോധം വന്നതും.

ഞാന്‍ നോക്കുമ്പോള്‍ ഹരി അടിനാഭിക്കു താഴെ കൈയും പിടിച്ചു, കണ്ണും കലങ്ങി കലി പൂണ്ടുനില്‍ക്കുന്നു. അത് വകവെക്കാതെ ഞാന്‍,

" എടാ ഹരീ .. ഞാനൊരു സ്വപ്നം കണ്ടെടാ ... നിന്നേം എന്നേം ഒരാള്‍ ... " ബാക്കി പറയും മുന്‍പ് അവന്‍ എന്‍റെ കഴുത്തിനു കയറി പിടിച്ചു.

" നിനക്ക് പിരാന്താടാ .. നട്ട പിരാന്ത്... ഇനി മേലാല്‍ ഇതുപോലത്തെ സ്വപ്നവും കണ്ടു മുട്ടുകാലു കേറ്റാന്‍ വന്നാല്‍ നിന്‍റെ അണ്ഡകടാഹം ഞാന്‍ ഡിംഗോള്‍ഫി ആക്കും... " കലി തീരാത്ത അവന്‍ കുടിക്കാന്‍ വെച്ച വെള്ളം കൂടി എന്‍റെ തലയിലൂടെ കമഴ്ത്തി ഒഴിച്ചു

No comments:

Post a Comment