Monday, June 30, 2014

എന്നും...

എല്ലാ ദിവസവും സീമ ബസ് ഒരു വളവു തിരിഞ്ഞു ആ വീടിന്‍റെ മുന്‍പിലൂടെ കടന്നുപോകും. അപ്പോള്‍ ഭരതന്‍ അതിനകത്തു നിന്ന് കൈ ഉയര്‍ത്തി കാണിക്കും. അതിനൊരു മറുപടിയെന്നോണം ആ വീടിന്‍റെ വരാന്തയില്‍ നിന്നും കൊണ്ട് വേറെയൊരാളും കൈ പൊക്കും. 

കഴിഞ്ഞ കുറെ നാളുകളായി ബസ്സിലെ മറ്റൊരു സ്ഥിരം യാത്രക്കാരനായ ശ്രീജിത്ത്‌ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും കാണുന്ന ചങ്ങാതിമാര്‍ ആണെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്കിടയ്ക്ക് ആകസ്മികമായി കാണുമ്പോള്‍ ഒരു പുഞ്ചിരിയോടെ ഇങ്ങനെ ചെയ്തെന്നു വരാം, പക്ഷെ ഇത്, താനിപ്പോള്‍ ഏകദേശം ആറുമാസമായി സീമ ബസ്സില്‍ യാത്ര ചെയ്യുന്നു, തിങ്കള്‍ മുതല്‍ ശനി വരെയുള്ള എല്ലാ ദിവസവും ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ തനിക്കിത് കാണാം.

"ഹാഹാഹാ .. അത് ഭരതേട്ടന്‍ ആണ്.." ബസ്സിലെ കണ്ടക്റ്റര്‍ മനോഹരന്‍ വര്‍ഷങ്ങളായി പലരും ചോദിക്കുന്ന ചോദ്യം വീണ്ടും കേട്ടപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ശ്രീജിത്ത്‌ ഒന്നും മനസ്സിലാകാതെ അയാളെ തുറിച്ചുനോക്കി. മനോഹരന്‍ തുടര്‍ന്നു..

"ഞാനും വിചാരിച്ചു... സാധാരണയായി നിങ്ങള്‍ ഭരതേട്ടന്‍റെ തൊട്ടു പിറകിലുള്ള സീറ്റിലല്ലേ ഇരിക്കാറ് .. ഇന്നെന്താ എന്‍റെ അടുത്ത് ഇരിക്കുന്നുന്നേ എന്ന് .." മനോഹരന്‍ ടിക്കറ്റ് മുറിച്ചു കൊണ്ട് പറഞ്ഞു.

"പത്തിരുപത്തിയഞ്ചു വര്‍ഷമായി നിങ്ങള്‍ ഈ ബസ്സിലെ കണക്കപ്പിള്ളയല്ലേ .. അപ്പൊ നിങ്ങള്‍ക്ക് ഇത് അറിയാം എന്ന് ഊഹിച്ചു.. " ശ്രീജിത്ത്‌ കണ്ണിറുക്കി. ടിക്കറ്റിന്‍റെ കാശ് കൊടുത്തു.

"ഹാഹാ .. പറയാം .. ടിക്കറ്റ് ഒന്നു കൊടുത്തു കഴിയട്ടെ.." ഇത്രയും പറഞ്ഞ്, സ്വതസിദ്ധമായ ശൈലിയില്‍ ടിക്കറ്റ്സ് ടിക്കറ്റ്സ് എന്ന് ഈണത്തില്‍ പാടിക്കൊണ്ട് മനോഹരന്‍ യാത്രക്കാരുടെ ഇടയിലേക്ക് നീങ്ങി. ശ്രീജിത്ത്‌ ഭരതേട്ടനെ നോക്കി. പ്രതീക്ഷിച്ചതുപോലെ അയാള്‍ ഉറക്കം തുടങ്ങിയിരുന്നു. ഇനി ഇയാള്‍ ഉണരണമെങ്കില്‍ ബസ്സ്‌ കൈതേരിക്കു മുന്‍പുള്ള വളവില്‍ എത്തണം.

"ഭരതേട്ടനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല, ജോണേട്ടനെ കുറിച്ചും." സീറ്റില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊണ്ട് മനോഹരന്‍ പറഞ്ഞു.

"ജോണേട്ടനോ ... അങ്ങേരാണോ കൈ ഉയര്‍ത്തി കാണിക്കുന്ന മറ്റെയാള്‍.."

"അതെ.. അങ്ങേര് തന്നെ .. ആള് വലിയ പി ഡബ്ല്യൂ ഡി കോണ്ട്രാക്ടര്‍ ആണ് .. ഭരതേട്ടന്‍റെ കടയുടെ അടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ പണ്ട് ജീപ്പ് ഓടിച്ചു കൊണ്ടിരുന്ന ആളാണ്‌.. അങ്ങനെ രണ്ടു പേരും നല്ല ചങ്ങാതിമാരായി."

"എനിക്കും തോന്നി .. നല്ല ഫ്രെണ്ട്സ് ആയതു കൊണ്ടായിരിക്കും ഇവര്‍ എന്നും ഇങ്ങനെ കൈ ഉയര്‍ത്തി കാണിക്കുന്നത് എന്ന്.."

"ഏയ്‌ .. അങ്ങനെ പറയാന്‍ പറ്റില്ല .." മനോഹരന്‍ അത് പറഞ്ഞതേ ശ്രീജിത്ത്‌ വീണ്ടും സംശയാലുവായി.

"എന്ന് വെച്ചാല്‍ ... അപ്പൊ ഇവര്‍ തമ്മില്‍ ഇപ്പൊ ഫ്രെണ്ട്ഷിപ്പ് ഒന്നുമില്ലേ ..??"

"അതുണ്ടാകാം .. പക്ഷെ ഇപ്പോള്‍ ഇവര്‍ കൈ ഉയര്‍ത്തി കാണിക്കുന്നത് അറിഞ്ഞു കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല.. ചിലത് ശീലങ്ങളാണ് .. നമ്മള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നത് നമ്മളെ കൊണ്ട് നിര്‍ത്താന്‍ കഴിയുമോ ..?" മനോഹരന്‍ ഇത് പറഞ്ഞപ്പോള്‍ ശ്രീജിത്ത്‌ ഭരതേട്ടനെ സൂക്ഷിച്ചു നോക്കി. ശരിയാണ്, ബസ്സ്‌ സ്റ്റാന്റ് വിട്ടാല്‍ ഭരതേട്ടന്‍ ഉറക്കം തുടങ്ങും. പിന്നെ എഴുന്നേല്‍ക്കുന്നത് കൈതേരിക്ക് മുന്‍പുള്ള വളവിലാണ്. അതുമൊരു ശീലമാണ്.

"കണ്ടില്ലേ .." മനോഹരന്‍ തുടര്‍ന്നു, "കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി അയാള്‍ ആ സീറ്റില്‍ തന്നെയാണ് ഇരിക്കുന്നത്... ഏകദേശം പത്തിരുപത് വര്‍ഷമായി ജോണേട്ടന്‍ ആ വീട് പണിതിട്ടും, അന്നുമുതല്‍ ഇവര്‍ കൈ ഉയര്‍ത്തി കാണിക്കും. ആദ്യമൊക്കെ ഇവര്‍ പരസ്പരം നോക്കി ചിരിക്കുമായിരുന്നു, പിന്നെ ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അതൊരു ശീലമായി.."

ബസ്സ്‌ നിര്‍ത്തിയപ്പോള്‍ ഒരാള്‍ ടിക്കറ്റിന്‍റെ ബാക്കി ചോദിച്ചു, മനോഹരന്‍ അത് കൊടുത്തതിനു ശേഷം തുടര്‍ന്നു,
"ഞാന്‍ ഇത് ശ്രദ്ധിച്ചത് ഒരു പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു.. ജോണേട്ടന്‍റെ കൂടെ ആ വരാന്തയില്‍ കുറെ പേര്‍ ഇരിക്കുന്നുണ്ടായിരുന്നു.. ബസ്സ്‌ അവിടെ എത്തിയതും ജോണേട്ടന്‍ അഭിവാദ്യം ചെയ്തു, പക്ഷെ ഇങ്ങോട്ടൊന്നു നോക്കിയത് പോലും ഇല്ല.. എനിക്ക് അതിശയമായി .. ഞാന്‍ ഭരതേട്ടനെ നോക്കി.. അങ്ങേര് ഒരു ഭാവവ്യത്യാസവും ഇല്ലാതെ കൈ താഴ്ത്തി.." ഈ വാക്കുകളിലൂടെ ശ്രീജിത്ത്‌ മനുഷ്യമനസ്സുകളെ കുറിച്ച് പഠിക്കുകയായിരുന്നു.

"അതിലും രസകരം.. ചില ദിവസങ്ങളില്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ ഉണ്ടാകില്ല .. ചിലപ്പോ ഭരതേട്ടന്‍ കടയില്‍ പോയിട്ടുണ്ടാകില്ല, മറ്റുചിലപ്പോള്‍ ജോണേട്ടന്‍ വീട്ടിലില്ലാത്ത സമയം ആയിരുന്നിരിക്കാം .. പക്ഷെ എന്നാലും ഇവര്‍ ഇത് തുടരും.. അതാണ്‌ ചില ശീലങ്ങള്‍ .. അതിനു ബന്ധങ്ങള്‍ ആഴത്തില്‍ ഇറങ്ങണം എന്നില്ല .. സാന്നിധ്യം പോലും വേണമെന്നില്ല .. നാളെ ചിലപ്പോള്‍ ഇവരില്‍ ഒരാള്‍ മരിച്ചു പോയാലും, കുറച്ചു നാളത്തേക്ക് ഇത് തുടരും .." മനോഹരന്‍ ശ്രീജിത്തിനെ നോക്കി ..

"ങ്ങേ .. " ശ്രീജിത്ത്‌ മറ്റൊന്നും പറഞ്ഞില്ല. അപ്പോഴേക്കും ബസ്സ്‌ കൈതേരി എത്തി. ഭരതേട്ടന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നു. ഇനി അടുത്ത ഒരു മിനിറ്റിനുള്ളില്‍ ബസ്സ്‌ ആ വീടിനു മുന്‍പിലൂടെ നീങ്ങും, അപ്പോള്‍ ഇവര്‍ രണ്ടുപേരും പരസ്പരം കൈ ഉയര്‍ത്തി കാണിക്കും, ഉപബോധമനസ്സില്‍ നിന്നുമുള്ള ആജ്ഞ മസ്തിഷ്കം സ്വീകരിക്കും, കൈ അത് താനേ അനുവര്‍ത്തിക്കും. എന്തൊരു വിരോധാഭാസം, നമ്മള്‍ വേണമെന്നു വിചാരിച്ചിട്ടു തന്നെ പല ബന്ധങ്ങളും നിലനിര്‍ത്താന്‍ പറ്റുന്നില്ല .. അപ്പോള്‍ ഇവിടെ ഇതാ... വര്‍ഷങ്ങള്‍ ആയി ഇവര്‍ ഇത് തുടര്‍ന്നുപോരുന്നു...

"എന്താ ആലോചിക്കുന്നത്..??" മനോഹരന്‍ ഒരു യാത്രക്കാരനു കൂടി ടിക്കറ്റിന്‍റെ ബാക്കി കൊടുത്തതിനു ശേഷം ശ്രീജിത്തിനെ ഉപബോധത്തില്‍ നിന്നും തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

"ഏയ്‌ .. ഒന്നുമില്ല .. ഞാന്‍ ഓര്‍ക്കുകയായിരുന്നു.. എല്ലാ ദിവസവും രാവിലെ ബസ്സ്‌ ഇറങ്ങിയാല്‍ ആദ്യം പെട്ടിക്കടയിലെ മൊയ്തീനോട് ഞാന്‍ കൈ ഉയര്‍ത്തി കാണിക്കും.. ചില സമയങ്ങളില്‍ അയാള്‍ അവിടെ ഉണ്ടാകാറെയില്ല .. അതിനു ശേഷം വാച്ച്മാന്‍ ദിനെശിനോട് .. അയാള്‍ ഈ അടുത്ത ദിവസങ്ങളില്‍ ഏത് നിറമുള്ള ഷര്‍ട്ട്‌ ആണ് ഇട്ടത് എന്നു പോലും എനിക്ക് ഓര്‍മ്മയില്ല.. പിന്നെ ഓഫീസിലെ പ്യൂണ്‍ .. അയാളുടെ പേര് പോലും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല .. എങ്കിലും ഞാന്‍ ചെല്ലുമ്പോള്‍ അയാള്‍ എഴുന്നേല്‍ക്കും, ഞാന്‍ ഒരു ചിരി മടക്കി കൊടുക്കും.. പക്ഷെ അയാള്‍ അപ്പോള്‍ തിരിച്ചു ചിരിച്ചോ എന്ന് പോലും ഞാന്‍ ശ്രദ്ധിക്കാറില്ല .." ശ്രീജിത്ത്‌ ഉപബോധമനസ്സിന്‍റെ ശീലങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തു.

അപ്പോഴേക്കും ബസ്സ്‌ ജോണേട്ടന്‍റെ വീടും കഴിഞ്ഞു കുറച്ചു ദൂരം കടന്നിരുന്നു. ഭരതേട്ടന്‍ കൈ ഉയര്‍ത്തി കാണിച്ചുവോ .. ജോണേട്ടന്‍ അവിടെ ഉണ്ടായിരുന്നോ .. ആ .. അറിയില്ല .. ശ്രദ്ധിച്ചില്ല ... ഇപ്പോള്‍ അയാള്‍ക്കും അതൊരു ശീലമായി മാറിയിരുന്നു. മനോഹരന്‍ ടിക്കറ്റ്സ് ടിക്കറ്റ്സ് എന്ന് ഈണത്തില്‍ പാടി, സീറ്റില്‍ നിന്നും എഴുന്നേറ്റ് വീണ്ടും യാത്രക്കാരുടെ ഇടയിലേക്ക് അപ്രത്യക്ഷനായി.

No comments:

Post a Comment