Monday, June 16, 2014

അനന്തരം

വിവേകിന്‍റെ ചോദ്യത്തിനു എന്ത് മറുപടി പറയണം എന്ന് രാമേട്ടന് അറിയില്ലായിരുന്നു. 'ശ്ശൊ .. ഞാന്‍ അങ്ങനെ അവനോടു പറയാന്‍ പാടില്ലായിരുന്നു, അല്ല .. ചോദിക്കാന്‍ പാടില്ലായിരുന്നു..' രാമേട്ടന്‍ ആത്മഗതം പറഞ്ഞു.
രാമേട്ടന്‍ കാലങ്ങള്‍ പുറകിലോട്ട് പോയി. താനും ദിവാകരനും, ഉറ്റസുഹൃത്തുക്കള്‍ എന്ന് ആള്‍ക്കാര്‍ പറയുമ്പോഴും, അയാള്‍ക്കറിയാമായിരുന്നു ആ ബന്ധത്തെ വെറും സൗഹൃദം എന്ന് വിളിക്കാന്‍ പറ്റില്ല എന്ന്. അതുകൊണ്ടുതന്നെയാണ് താന്‍ മുന്‍കൈയെടുത്ത് തന്‍റെ പെങ്ങള്‍ നളിനിയെ അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചത്.
എന്നിട്ടും താന്‍ ഇന്ന്, അതും ഇങ്ങനെയൊരു അവസരത്തില്‍, "ശ്ശൊ .. ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.." അയാള്‍ അത് സ്വല്‍പ്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു.
"എന്താ രാമേട്ടാ .. എന്ത് പറയാന്‍ പാടില്ലായിരുന്നു എന്നാണ്" ദിവാകരന്‍റെ അനിയന്‍, പീതാംബരന്‍ രാമേട്ടന്‍ പറഞ്ഞത് കേട്ടിട്ട് ചോദിച്ചു.
രാമേട്ടന്‍ കാര്യം പറഞ്ഞു. അപ്പോള്‍ പീതാംബരന്‍ സമാശ്വസിപ്പിച്ചു, "അത് സാരമില്ല .. പോട്ടെ .. ഇതൊക്കെ നമ്മള്‍ വേണമെന്ന് വെച്ചിട്ട് പറയുന്നതാണോ.. നാട്ടുനടപ്പ് ആയതുകൊണ്ട് അറിയാതെ വായില്‍ നിന്ന് വീണു പോകുന്നതല്ലേ .."
എന്നാലും മരിച്ചു കിടക്കുന്ന ദിവാകരനെ, തന്‍റെ ഉറ്റസുഹൃത്തിനെ, താന്‍ ഒരിക്കലും 'ബോഡി' എന്ന് വിളിക്കാന്‍ പാടില്ലായിരുന്നു. വേറെ ആര് പറഞ്ഞാലും കുഴപ്പമില്ലായിരുന്നു, പക്ഷെ താന്‍ അങ്ങനെ പറഞ്ഞപ്പോള്‍ വിവേകിന് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല, അതുകൊണ്ടല്ലേ അവന്‍ പൊട്ടിത്തെറിച്ചത്.
രാമേട്ടന്‍ ഓര്‍ത്തു, സ്വന്തം പെങ്ങളെ കെട്ടിയവന്‍ ആണെങ്കില്‍ കൂടി, എന്തെല്ലാം വിക്രസ്സുകള്‍ തങ്ങള്‍ ഒരുമിച്ചു ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ സുഹൃത്ത്ബന്ധം എന്താണെന്ന് ജീവിച്ചു കാണിച്ചു കൊടുക്കുകയായിരുന്നില്ലേ.
ജീവിതവും മരണവും എന്ന രണ്ടു മഹാപ്രതിഭാസങ്ങളെ കോര്‍ത്തിണക്കുന്നത്, വെറും, ഒരു ശ്വാസം മാത്രം ആണ്, കോടാനുകോടി ശ്വാസങ്ങള്‍ക്കൊടുവില്‍, അകത്തേക്ക് എടുക്കാന്‍ വിട്ടുപോകുന്ന ആ ഒരൊറ്റ ശ്വാസം. ദിവാകരന്‍ എപ്പോഴും ഇത് പറയുമ്പോള്‍ താന്‍ അവനെ കളിയാക്കും, "ഡാ .. മരിക്കുവാണെങ്കില്‍... അതും ഒരുമിച്ചായിരിക്കും.." പക്ഷെ, ആ ഒരു ശ്വാസത്തിന്‍റെ വില ഇന്ന് തനിക്ക് മനസ്സിലായി. തന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്, ദിവാകരനില്‍ നിന്നും വെറുമൊരു ബോഡി ആയി തീര്‍ന്നപ്പോള്‍ തനിക്ക് ആ ഒരൊറ്റ ശ്വാസത്തിന്‍റെ വില ശരിക്കും മനസ്സിലായി.
രാമേട്ടന്‍ വിവേകിന്‍റെ അടുത്ത് ചെന്നു. വിവേകിനെ കെട്ടിപ്പിടിച്ചു. "പോട്ടെ അമ്മാവാ .. സാരമില്ല, ഞാന്‍ പെട്ടെന്ന്‍ അപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെ അറിയാതെ പറഞ്ഞു പോയതാ .. ഇന്നലെ വരെ ദിവാകരേട്ടന്‍ എന്ന് തീര്‍ത്തും വിളിക്കാത്ത ആള്‍ക്കാര്‍, അച്ഛനെ ബോഡി എന്ന് വിളിക്കുന്നത് കേട്ടപോള്‍, വല്ലാത്ത വിഷമം തോന്നി. അമ്മാവനും അങ്ങനെ വിളിച്ചപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല."
രാമേട്ടന്‍ വിവേകിനെ ചേര്‍ത്തു പിടിച്ചു. "മോനേ .. അമ്മാവനോട് പൊറുക്കണം .. ന്നാലും എന്‍റെ ദിവാകരനെ ഞാന്‍ .." അനന്തരം, ഒരു ശ്വാസം കൂടി ജീവിതവും മരണവും എന്ന രണ്ടു മഹാപ്രതിഭാസങ്ങളെ കോര്‍ത്തിണക്കി

No comments:

Post a Comment