Sunday, June 22, 2014

ഒരു മാലാഖയുടെ കഥ

ജാന്‍സി ആത്മഹത്യ ചെയ്തിരിക്കുന്നു. വിവരമറിഞ്ഞ നാട്ടുകാരെല്ലാം 'തോട്ടക്കാരന്‍ വീട്ടിലേക്ക്' ഓടി. കോരിച്ചൊരിയുന്ന മഴയില്‍ കുടയെടുക്കാന്‍ വിട്ടുപോയവര്‍ 'മാലാഖ'യുടെ പറമ്പില്‍ നിന്ന് ചേമ്പിലയും വാഴിയിലയും പൊട്ടിച്ചെടുത്തു. മാലാഖയുടെ വീടിനു മുന്‍പിലും ആള്‍ക്കാര്‍ തിങ്ങിക്കൂടി. എല്ലാവരും തോട്ടക്കാരന്‍ വീട്ടില്‍നിന്നും ജാന്‍സിയുടെ ശവശരീരം കണ്ടു മടങ്ങി വന്നവര്‍.

"പുറത്തേക്കിറങ്ങി വാടാ നായേ.." ഒരാളല്ല, പലയാളുകള്‍ ഒരേ സമയം അടച്ചിട്ട വാതിലിനു നേരെ നോക്കി ആക്രോശിച്ചു. പക്ഷെ, ആരും വാതിലിനടുത്തേക്ക് പോകാനോ, പൂമുഖത്തേക്ക് കയറിചെല്ലാനോ ധൈര്യം കാണിച്ചില്ല. മാലാഖ ഇന്നേവരെ ആരെയും അപായപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്നവന്‍ അതിനു മുതിരും എന്ന് എല്ലാവരും ഭയപ്പെട്ടു.

"ആ തള്ളയെ പിടിച്ച് പുറത്തിറക്ക് ... എവിടെ ഒളിച്ചിരുപ്പുണ്ടേലും അവന്‍ താനേ ഇറങ്ങി വന്നോളും.." പിന്നില്‍ നിന്ന് ആരോ വിളിച്ചുകൂവി. പക്ഷെ ആര് കയറിച്ചെല്ലും. ആളുകള്‍ അക്രമാസക്തരായി. കല്ലെന്നു വേണ്ട കൈയ്യില്‍ കിട്ടിയതെല്ലാം വീടിനു നേരെ വലിച്ചെറിയാന്‍ തുടങ്ങി. ഒരു ഉരുളന്‍കല്ല് നേരെ ചെന്നു പതിച്ചത് ചുമരില്‍ തൂക്കിയിട്ട ആ ഫോട്ടോയില്‍ ആയിരുന്നു. അത് താഴെ താഴെ വീണു പൊട്ടിച്ചിതറി.

"ഹും.. അവന്‍റെയൊരു അവാര്‍ഡും കോപ്പും.." കലി സഹിക്കാനാവാതെ പ്രായം ചെന്ന ഒരാള്‍ ആ ഫോട്ടോയിലേക്ക്‌ വീണ്ടും ഒരു കല്ലെടുത്തെറിഞ്ഞു. പൊട്ടിയ ചില്ലുകള്‍ വീണ്ടും ശബ്ദം ഉണ്ടാക്കി, ഒന്നുരണ്ടു കഷ്ണങ്ങള്‍ ഉയര്‍ന്നുപൊങ്ങി നിലത്തേക്ക് തന്നെ വീണു.

ഗബ്രിയേലിനെ എല്ലാവര്‍ക്കും ജീവനായിരുന്നു, നാട്ടുകാരുടെ പൊന്നോമന ആയിരുന്നു എന്നുതന്നെ പറയാം. ഹൃദയം കൊണ്ടായിരുന്നു അവര്‍ അവനെ "മാലാഖ" എന്ന് വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാന്‍ അവര്‍ക്ക് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അവന്‍ വളരെ ശുദ്ധനായിരുന്നു. രണ്ടാമത്തേതായിരുന്നു യഥാര്‍ത്ഥത്തില്‍ അവനു ആ പേര് വീഴാന്‍ കാരണം. ജാന്‍സിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അവന്‍ ആണെങ്കിലും ആര്‍ക്കും ഈ രണ്ടാമത്തെ കാരണം മറക്കാന്‍ പറ്റില്ല. അത്രയ്ക്കും കടപ്പെട്ടിരിന്നു നാട്ടുകാര്‍ അവനോട്.

ആരും പ്രതീക്ഷിക്കാതെയാണ് അന്ന് ആ മഴ പെയ്തത്. അല്ലേലും മാര്‍ച്ച്‌ മാസത്തില്‍ സാധാരണയായി മഴ പെയ്യാറില്ലല്ലോ. പക്ഷെ അന്ന് ആ മഴ പെയ്തു. കൊല്ലപരീക്ഷയുടെ അവസാന ദിവസം. കടവ് കടന്നിട്ടാണ് കുട്ടികള്‍ അക്കരേയുള്ള സ്കൂളില്‍ പോയിവന്നിരുന്നത്. വഞ്ചിക്കാരന്‍ പത്രോസ് ചേട്ടന്‍ കുട്ടികളെയും മറ്റു യാത്രക്കാരെയും കൂട്ടി ഇക്കരേയ്ക്ക് വരുമ്പോഴാണ് ആകാശം ആകെ ഇരുണ്ടു ഘനീഭവിച്ചതും അപ്രതീക്ഷിതമായി മഴ ശരവര്‍ഷങ്ങളായി പെയ്യാന്‍ തുടങ്ങിയതും. ശക്തമായ കാറ്റില്‍ വഞ്ചി ആടിയുലയാന്‍ തുടങ്ങി.

പത്രോസ്ചേട്ടന്‍ എല്ലാവരോടും പേടിക്കാതെ മുറുക്കെ പിടിച്ചിരിക്കാന്‍ പറഞ്ഞു. മൊത്തം ഒന്‍പതു യാത്രക്കാരുമായി ആ വഞ്ചി ആടിയുലഞ്ഞു നീങ്ങി. എല്ലാവരും മുറുക്കെ തന്നെ പിടിച്ചിരുന്നു. വഞ്ചി ദിശ മാറിപോകുന്നത് കണ്ടപ്പോള്‍ മാലാഖയും ഒരു തുഴ എടുത്ത് പത്രോസ്ചേട്ടന്‍റെ സഹായത്തിനെത്തി. അങ്ങിനെ രണ്ടുപേരും കൂടെ ആഞ്ഞുതുഴഞ്ഞ് എങ്ങനെയോ മുക്കാല്‍ ദൂരം താണ്ടി.

പക്ഷെ അപ്പോഴാണ്‌ അങ്ങു ദൂരെനിന്നു ശക്തമായ കലക്കവെള്ളത്തില്‍ തെങ്ങും മാടും ഒലിച്ചു വരുന്നത് കണ്ടത്. പത്രോസ് ചേട്ടന്‍ വീണ്ടും പറഞ്ഞു, "ഒന്നു കൊണ്ടും പേടിക്കണ്ട... അത് ഇവിടെ എത്തുമ്പോഴേക്കും നമ്മള്‍ കര പിടിച്ചിരിക്കും... മുറുക്കെ പിടിച്ചിരുന്നോ.."

പരിഭ്രാന്തരായ എല്ലാവരും അത് ദൈവവാക്യം പോലെ വിശ്വസിച്ചു. അറുപത്തിരണ്ടുകാരിയായ മറിയചേടത്തി തന്‍റെ രണ്ടു പേരകുട്ടികള്‍, ജോണിയെയും മിനിമോളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് "നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി, കര്‍ത്താവ്‌ നിന്നോടു കൂടെ .." എന്ന് അലമുറയിട്ടു ജപിച്ചുകൊണ്ടിരുന്നു. വഞ്ചി കരയ്ക്കടുത്തു. ഓരോരുത്തരായി ഇറങ്ങി. ഇനി മറിയചേടത്തിയും പിള്ളേരും മാലാഖയും മാത്രമേ ഇറങ്ങാനുള്ളൂ.

പക്ഷെ, അപ്പോഴാണ്‌ അത് സംഭവിച്ചത്, ദിശ മാറി ഒഴുകിവന്ന ഒരു എരുമ വഞ്ചിയില്‍ വന്നിടിച്ചു. ഗബ്രിയേല്‍ ഒഴികെ എല്ലാവരും വെള്ളത്തിലേക്ക് വീണു. ചേടത്തിക്ക് എങ്ങനെയോ വഞ്ചിയില്‍ തന്നെ പിടുത്തം കിട്ടി, പക്ഷെ കുട്ടികളെ കാണാനില്ല. കരയില്‍ കയറിയ ചേടത്തി നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി, "മിനിമോളെ ... ജോണീ..". ചുറ്റും കൂടിയ നാട്ടുകാരും അലമുറയിടാന്‍ തുടങ്ങി.

അപ്പോഴാണ്‌ ആരോ പറഞ്ഞത്, "കൂടെയുണ്ടായിരുന്ന ഗബ്രിയേലിനെയും കാണുന്നില്ലല്ലോ..". വിളറി പിടിച്ച ജനസമൂഹം ഒഴുക്കിന്‍റെ ദിശയില്‍ കരയിലൂടെ ഓടി. മലവെള്ളപ്പാച്ചിലില്‍ പുഴ കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു. ഗബ്രിയേലിന്‍റെയും കുട്ടികളുടെയും ഒരു തുമ്പുപോലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും കുറച്ചു ദൂരം കൂടി ഓടി. അപ്പോള്‍ കണ്ട കാഴ്ച്ച അവര്‍ക്ക് വിശ്വസിക്കുവനായില്ല.

രണ്ടു പിള്ളേരെയും എരുമയെയും കൂട്ടി ഗബ്രിയേല്‍ ഒരു തടി കഷ്ണത്തില്‍ അള്ളിപ്പിടിച്ച് കരയിലേക്ക് നീന്തി അടുക്കുന്നു. കൂടിയിരിക്കുന്നവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. അവര്‍ ഒരു വലിയ കയര്‍ തെങ്ങില്‍ കെട്ടി ഗബ്രിയേലിനു നേരെ എറിഞ്ഞു. അവന്‍ അത് എത്തിപ്പിടിച്ചു തടികഷ്ണത്തില്‍ കെട്ടി. നാട്ടുകാര്‍ അത് പിടിച്ചുവലിച്ചു അവരെ കരയ്ക്കടുപ്പിച്ചു. മൂന്നു മനുഷ്യരെ മണ്ണില്‍ കിടത്തി, മിണ്ടാപ്രാണിയെ ഒരു തെങ്ങിലും കെട്ടിയിട്ടു.

ഗബ്രിയേല്‍ അവശാനിയുരുന്നെങ്കിലും ബോധം ഉണ്ടായിരുന്നു. പക്ഷെ കുട്ടികള്‍ക്ക് അനക്കമില്ല. എന്തു ചെയ്യണം എന്നറിയാതെ ആള്‍ക്കാര്‍ വീണ്ടും പരിഭ്രാന്തരായി. മറിയചേടത്തി വീണ്ടും നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി, കൂടെ മറ്റു സ്ത്രീകളും. ഗബ്രിയേല്‍ പയ്യെ എഴുന്നേറ്റു. കുട്ടികളുടെ കാലിനടുത്തു പോയി ഇരുന്നു. മിനിമോളുടെ ഉള്ളംകാലില്‍ സ്വന്തം കൈപ്പത്തി കൊണ്ട് ശക്തമായി ഉരച്ചു.

"ഇങ്ങനെ ചെയ്‌താല്‍ മതി... കുഴപ്പമൊന്നുമില്ല... കൊച്ചു കുട്ടികള്‍ ആയതു കൊണ്ട് പേടിച്ചു പോയതാ.. ചോര ഒന്ന് ചൂടായാല്‍ എല്ലാം ശരിയാകും.. പേടിക്കനോന്നുമില്ലാന്നേ..."
ഇത്രയും പറഞ്ഞു കൊണ്ട് ഗബ്രിയേല്‍ ആ എരുമയെയും കൂട്ടി വീട്ടിലേക്ക് നടന്നു.

പിറ്റേ ദിവസം രാവിലെ എട്ടു മണിയാകുമ്പോള്‍ തന്നെ നാട്ടിലെ പ്രമാണി തോട്ടക്കാരന്‍ പൌലോസ് അടക്കം കരക്കാര്‍ മുഴുവനും ഗബ്രിയെലിന്‍റെ വീട്ടിലെത്തി. ഗബ്രിയേല്‍ എരുമയ്ക്ക് പുല്ലിട്ടു കൊടുക്കുകയായിരുന്നു. മാറിയചേടത്തിക്കും മകന്‍ പൗലോസിനും ഗബ്രിയെലിന്‍റെ അമ്മച്ചി അന്നമ്മചേടത്തി കസേരയിട്ടു കൊടുത്തു. കുറച്ചു പേര്‍ ബെഞ്ചിലും മരം കൊണ്ടുള്ള 'ഇരുത്തി'യിലും ഇരുന്നു. ബാക്കിയുള്ളവര്‍ മുറ്റത്തു തന്നെ നിന്നു.

"അയ്യോ .. പാലൊന്നുമില്ലല്ലോ മറിയചേടത്തി .. കട്ടന്‍ എടുക്കട്ടെ.." അന്നമ്മചേടത്തി മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖത്തെ കരി മായ്ച്ചു കൊണ്ട് പറഞ്ഞു.

"അതൊന്നും വേണ്ട എന്‍റെ ചേടത്തീ .. ഞങ്ങളൊരു കാര്യം അറിയിക്കാനാണ് വന്നത്." എരുമയെ മാറ്റിക്കെട്ടി, ആള്‍ക്കാരുടെ ഇടയില്‍ ഒളിച്ചു നില്‍ക്കുന്ന, ഗബ്രിയേലിനെ കൈനീട്ടി അടുത്തുവിളിച്ചു കൊണ്ടു തോട്ടക്കാരന്‍ പൌലോസ് പറഞ്ഞു.

"എന്തു കാര്യം.." മറിയചേടത്തി പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു. നാട്ടുകാര്‍ ഇന്നലെ പള്ളീല്‍ സഭ കൂടി തന്‍റെ മകന് വേണ്ടി എന്തോ പാരിതോഷികം കൊടുക്കാന്‍ ഉറപ്പിച്ചത് അപ്പുറത്തെ കാര്‍ത്യായനി പറഞ്ഞിട്ട് അവര്‍ക്ക് ചെറിയൊരു ഊഹം ഉണ്ടായിരുന്നു.

"അതേയ് .. ഞങ്ങളൊക്കെ അങ്ങ് തീരുമാനിച്ചു .. പള്ളീം പിന്നെ പിള്ളാരുടെ ക്ലബും കൂടി ചേര്‍ന്ന് നിങ്ങടെ മോന് ഒരു സമ്മാനം കൊടുക്കണം എന്ന്.. നാളെ വൈകിട്ട് വായനശാലയുടെ മുന്നില്‍ വെച്ച്." തോട്ടക്കാരന്‍ വിളംബരം നടത്തി.

അന്നാമ്മ ചേടത്തിയുടെ കണ്ണു നിറഞ്ഞു. അവര്‍ ഗബ്രിയേലിനെ ചേര്‍ത്തു പിടിച്ചു. "അപ്പനില്ലാതെ വളര്‍ന്നവനാ .. പിന്നെ ഇവന്‍റെ അസുഖത്തെ കുറിച്ചും നിങ്ങള്‍ക്കറിയാമല്ലോ .. എന്നിട്ടും നിങ്ങളുടെ ഈ സ്നേഹം കാണും...." ബാക്കി പറയാന്‍ അവര്‍ക്കായില്ല, മനസ്സ് വിതുമ്പി കണ്ണുകളിലൂടെ ഒഴുകിയൊലിച്ചു.

"എന്‍റെ പൊന്നുമക്കളേ രക്ഷിച്ചവനാ നിങ്ങളുടെ ഈ മകന്‍.. എന്ത് അസുഖം ഒണ്ടേലും തമ്പുരാന്‍ ശരിയാക്കും.." തോട്ടക്കാരനും കണ്ണുനീര്‍ അടക്കനായില്ല. അയാള്‍ ഗബ്രിയേലിനെ വാരിപ്പുണര്‍ന്നു. നാട്ടുകാരും പരസ്പരം കൈകോര്‍ത്ത് അവരുടെ സന്തോഷവും സങ്കടവും ഹൃദയത്തില്‍ നിന്നും ഒഴുക്കിവിട്ടു.

മറിയചേടത്തി അന്നാമ്മ ചേടത്തിയുടെ കൈ നെഞ്ചോട് ചേര്‍ത്തു വെച്ചു. അവരും വിതുമ്പുന്നുണ്ടായിരുന്നു, "എന്‍റെ കണ്ണിന്‍റെ മുന്‍പില്‍ നിന്നും ഒലിച്ചുപോയ എന്‍റെ കുട്ടികളെ ജീവന്‍ പണയം വെച്ചു രക്ഷിച്ചവനല്ലേ.. ഈ മാലാഖയെ ദൈവം കൈ വിടുമോ.." എന്നിട്ട് അവര്‍ മടിക്കുത്തില്‍ നിന്നൊരു കൊന്ത എടുത്ത് ഗബ്രിയേലിന്‍റെ കഴുത്തില്‍ ഇട്ടുകൊടുത്തു. വത്തിക്കാനില്‍ നിന്നും ആങ്ങള കൊടുത്തയച്ച കൊന്തയായിരുന്നു അത്.

"കര്‍ത്താവിനു ഏറ്റവും ഇഷ്ടപ്പെട്ട മാലാഖയുടെ പേര് എന്താണെന്നറിയാമോ" മറിയചേടത്തി ചോദിച്ചു. ഗബ്രിയേലിന്‍റെ മാതാവ് അന്നാമ്മ ചേടത്തി പുഞ്ചിരിച്ചു.
"ഗബ്രിയേല്‍ ... വേദപാഠ ക്ലാസ്സില്‍ പഠിച്ചിരുന്നു" ഗബ്രിയേല്‍ പറഞ്ഞു.

"അതെ മോനെ.. നിനക്ക് ആ പേരിടാന്‍ കര്‍ത്താവ്‌ തോന്നിപ്പിച്ചതാ ഇവരെ .. നീ മാലാഖയാണ് .. കര്‍ത്താവിന്‍റെ കൈയ്യൊപ്പ് ഹൃദയത്തില്‍ വാങ്ങിച്ച മാലാഖ .. എന്‍റെ പൊന്നുമക്കളേ ഞങ്ങള്‍ക്ക് തിരിച്ചു തന്ന ഗബ്രിയേല്‍ മാലാഖ".

"പിന്നെ .. ഈ പൌരസ്വീകരണം അല്ലാതെ മറ്റൊരു കാര്യം കൂടി ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.." ബെഞ്ചില്‍ ഇരിക്കുന്ന ഒരാള്‍ ആവേശത്തോടെ പറഞ്ഞു. "ഒന്ന് പറഞ്ഞു കൊടുക്കൂ എന്‍റെ പൌലോച്ചാ.."

"ങ്ങാ .. അതു പറയാന്‍ വിട്ടുപോയി.." തോട്ടക്കാരന്‍ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു കടലാസ് എടുത്തു കൊണ്ട് പറഞ്ഞു. "ഇത് ഞങ്ങള്‍ കളക്ടര്‍ക്ക് കൊടുക്കാന്‍ പോകുന്ന നിവേദനമാണ്. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് ഒരു ശുപാര്‍ശ."

"ഓ .. അതിപ്പോ കിട്ടിയില്ലേല്ലും സാരമില്ല .. നമ്മുടെ ഹീറോ ഈ "മാലാഖ" തന്നെയാണ്. മുറ്റത്തു നിന്ന ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു. എല്ലാവരും ആവേശത്തോടെ കൈയ്യടിച്ചു.

അങ്ങനെയാണ് പതിനഴാം വയസ്സു മുതല്‍ ഗബ്രിയേല്‍ നാട്ടുകാരുടെ മാലാഖയായി മാറിയത്. രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നു കിട്ടിയ ധീരതയ്ക്കുള്ള പുരസ്കാരവും അത് ഏറ്റുവാങ്ങുന്ന ഫോട്ടോയും പൂമുഖത്തെ ചുവരില്‍ തൂക്കിയിട്ടു. തോട്ടക്കരന്‍റെ വീട്ടില്‍ അവനു ഏതു സമയത്തു വേണമെങ്കിലും പോയി വരാമായിരുന്നു. അതു തന്നെയായിരുന്നു ജാന്‍സിയുടെ ആത്മഹത്യയുടെ കാരണവും.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോളാണ് ഗബ്രിയേലിനു ആദ്യമായിട്ട് ആ രോഗലക്ഷണം കണ്ടു തുടങ്ങിയത്. അന്നൊരു ദിവസം സ്കൂള്‍ വിട്ടു വന്നതിനു ശേഷം മുറ്റത്തെ കുലച്ച വാഴകളും വാഴക്കന്നുകളും തെങ്ങില്‍ പടര്‍ന്നുപിടിച്ച കുരുമുളകും അവന്‍ ഏതോ ഒരു ബാധ കയറിയതുപോലെ വെട്ടി നികത്തി. അപ്പച്ചന്‍ മരിച്ചിട്ട് രണ്ടു മാസം ആയതേയുള്ളൂ. തടുക്കാന്‍ വന്ന അന്നാമ്മ ചേടത്തിയെ അവന്‍ കൈയ്യിലുള്ള അരിവാള്‍ വീശി ഭീതിപ്പെടുത്തി. പിന്നെ എപ്പോഴോ അവന്‍ തളര്‍ന്നുവീണു. അഭ്യുദയകാംക്ഷികളായ അയല്‍പ്പക്കക്കാര്‍ അവനെ ആശുപത്രിയില്‍ കൊണ്ടു പോയി. അന്നുമുതല്‍ തുടങ്ങിയ അന്നാമ്മ ചേടത്തിയുടെ കണ്ണീരിന്‍റെ കഥയ്ക്ക് ഒരു വിരാമം വന്നത് അവന്‍ മാലാഖയായി പ്രഖ്യാപിക്കപ്പെട്ട അന്നാണ്.

പക്ഷെ, ഇന്നിപ്പോള്‍ അവനെ തോളിലേറ്റി നടന്ന നാട്ടുക്കാര്‍ ഇന്നവന്‍റെ ജീവനുവേണ്ടി മുറവിളി കൂട്ടുന്നു. കാരണം, ജാന്‍സിയെ കൊലയ്ക്ക് കൊടുത്തത് ഗബ്രിയേലാണ്, നാട്ടുകാരുടെ മാലാഖ, അതും ജാന്‍സിയുടെ വല്യമ്മച്ചി മറിയചേടത്തി പേരിട്ടു വിളിച്ച മാലാഖ.

രണ്ടു മാസം മുന്‍പാണ് ജാന്‍സിയുടെ കല്യാണം ഉറപ്പിച്ചത്. തോട്ടക്കാരന്‍ പൌലോസിന്‍റെ മൂന്നു മക്കളില്‍ മൂത്തവള്‍. ഇടവക വികാരിയുടെ മൂത്ത പെങ്ങളുടെ ഒരേയൊരു മകന്‍ ആയിരുന്നു പയ്യന്‍. പക്ഷെ ആ കല്യാണം മുടങ്ങി. അതിനു കാരണക്കാരന്‍ നാട്ടുകാരുടെ മാലാഖയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വെറുതെ പറയുന്നതല്ല. അത് സത്യമാണ്.

തന്‍റെ സഹോദരങ്ങളെ രക്ഷിച്ച വീരനയകനോട് തോന്നുന്ന ആരാധന കൗമാരക്കാരിയായ ജാന്‍സിയുടെ ഉള്ളില്‍ ഒരു പ്രണയമായി വളര്‍ന്നിരുന്നു. ആരും അറിയാതെ അവള്‍ അത് സൂക്ഷിച്ചു. ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷമാണ് ഒരു കോരിച്ചൊരിയുന്ന മഴയില്‍ ഒരു വഴിയിടുക്കില്‍ വെച്ച് അവള്‍ അത് മാലാഖയോട് പറഞ്ഞത്. അവനത് തിരസ്ക്കരിക്കാന്‍ ആയില്ല. അന്നവര്‍ തമ്മില്‍ ആദ്യമായി കെട്ടിപ്പുണര്‍ന്നു, ചുംബിച്ചു, ആദ്യനുരാഗത്തിന്‍റെ നിര്‍വൃതിയറിഞ്ഞു.

"അവന്‍ മാലാഖയല്ല .. ചെകുത്താനാണ്‌ ചെകുത്താന്‍ .." കുര്‍ബാനയ്ക്ക് ശേഷം തോട്ടകാരന്‍ പൌലോസ് വികാരിയച്ചന്‍ പ്രത്യേകം വിളിച്ച സഭായോഗത്തില്‍ കോപം സഹിക്കവയ്യാതെ അലറി.

"നമുക്ക് ഏതായാലും ഈ നിശ്ചയിച്ച കല്യാണം അങ്ങ് നടത്താം.. പൌലോച്ചന്‍ ഒന്ന് അടങ്ങ്‌" നാട്ടിലെ മറ്റൊരു പ്രമാണിയായ ഗീവര്‍ഗീസ് പാലാക്കാടന്‍ പറഞ്ഞു. "അച്ചന് വല്ല വിരോധവും ഉണ്ടോ"

ഇല്ലായെന്ന രീതിയില്‍ വികാരിയച്ചന്‍ കുരിശു വരച്ചു.

"എന്നാ പിന്നെ അങ്ങനെ തന്നെ .. തീരുമാനിച്ചതുപോലെ അടുത്ത ഞായറാഴ്ച്ച മനസമ്മതം .. ഇരുപത്തിയേഴാം തീയതി വിവാഹവും.." പാലാക്കാടന്‍ ഉപസംഹരിച്ചു. എല്ലാവരും വീഞ്ഞും കുടിച്ചു പിരിഞ്ഞു.

പക്ഷെ, അവിടെ നിന്നു പിരിഞ്ഞതിനു ശേഷം പ്രമാണിമാര്‍ എല്ലാവരും ഒത്തുകൂടിയത് ടൌണിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ ആയിരുന്നു. തോട്ടക്കാരനും പാലാക്കാടനുമല്ലാതെ എട്ടു പേര്‍ വേറെയും ഉണ്ടായിരുന്നു.

"എന്നാലും... ഒരു ഭ്രാന്തനെ അല്ലാതെ വേറെയാരെയും കിട്ടിയില്ലേ തന്‍റെ മകള്‍ക്ക് പ്രേമിക്കാന്‍" ഒന്നും മിണ്ടാതിരിക്കുന്ന തോട്ടക്കാരനെ നോക്കി ആ ഹോട്ടലിന്‍റെയും ബാറിന്‍റെയും ഉടമ കൂടിയായ നാരായണന്‍ വക്കീല്‍ ചോദിച്ചു.

"മനസമ്മതത്തിനു മുന്‍പ് എനിക്കവന്‍റെ ശവടക്ക് കാണണം.." തോട്ടക്കാരന്‍ ബോധം വീണ്ടെടുത്തു കൊണ്ട് പറഞ്ഞു.

"കര്‍ത്താവിനു നിരക്കാത്തതൊന്നും പറയല്ലേ എന്‍റെ പൌലോസേ.. നമ്മുടെ കൈയ്യില്‍ ആണോ ഒരാളുടെ..." വികാരിയച്ചന്‍ പറഞ്ഞു മുഴുമിച്ചില്ല, അപ്പോഴേക്കും വക്കീല്‍ വീണ്ടും ഇടപെട്ടു.

"ഇതാ പറഞ്ഞേ.. ഇങ്ങേരെ ഇങ്ങോട്ട് വിളിക്കണ്ട എന്ന്... എന്തിനും ഏതിനും വേദവാക്യവും കൊണ്ടിറങ്ങിക്കോളും.. അച്ചന്‍ ഇത് എന്ത് അറിഞ്ഞിട്ടാ .. അവന്‍ ഇപ്പൊ നിങ്ങടെ കര്‍ത്താവിന്‍റെ മാലാഖയല്ല, ചെകുത്താന്‍റെ മാലാഖയാ .. ചെകുത്താന്‍റെ.."

"അത് ശരിയാണ് അച്ചാ.." പാലാക്കാടന്‍ ഇടപ്പെട്ടു, "കഴിഞ്ഞ മൂന്നു മാസമായി അവന്‍റെ കൂടെ എപ്പോഴും നിറയെ രോമം ഉള്ള ഒരു പൂച്ചയെ കണ്ടിട്ടില്ലേ.. നമ്മുടെ ഈ പോമറേനിയന്‍ പട്ടിയെപോലെ ഒരെണ്ണം..." പാലക്കാടന്‍ ഒഴിച്ചുവെച്ച വിസ്ക്കി ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തുക്കൊണ്ട് തുടര്‍ന്നു, "അവനതിനു ഇട്ടിരിക്കുന്ന പേരെന്താണെന്ന് അറിയുമോ" അച്ചന്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

"ലൂസിഫര്‍.." കൂട്ടത്തിലുള്ള ആരോ വിളിച്ചുകൂവി.

"അതെ.. ലൂസിഫര്‍.. ഇനിയിപ്പോ ലൂസിഫര്‍ എന്താണ് എന്ന് ഞാനായിട്ട് അച്ചന് പറഞ്ഞു തരണോ" പാലാക്കാടന്‍ ഇത് പറയുമ്പോള്‍ മറ്റുള്ളവര്‍ മുഖത്തോടു മുഖം നോക്കി. അച്ചനും തോട്ടക്കാരനും കീഴ്പ്പോട്ടു നോക്കി ഇരുന്നു.

"എന്താ .. എന്താ ഈ ലൂസിഫര്‍" നാരായണന്‍ വക്കീലാണത് ചോദിച്ചത്.

"അച്ചന്‍ തന്നെയങ്ങ് പറഞ്ഞു കൊടുത്തേക്ക്" പലാക്കാടന്‍ നിവര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു.

"ലൂസിഫര്‍ .." അച്ചന്‍ മടിച്ചുകൊണ്ട് പറഞ്ഞു. "ലൂസിഫര്‍ എന്ന് വെച്ചാല്‍ ചെകുത്താന്‍റെ മാലാഖ .. കര്‍ത്താവിന്‍റെ ഗബ്രിയേല്‍ മാലഖയോളം ശക്തിയും കഴിവും ഉള്ളവന്‍"

"അപ്പൊ ആ 'പരമത്തെണ്ടി' എല്ലാം കല്‍പ്പിച്ചുക്കൂട്ടി കൊണ്ടുത്തന്നെയാണ്... അവനെല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്" അച്ചന്‍ ഉള്ളതുകൊണ്ട് വക്കീല്‍ നല്ല തെറി ഉപയോഗിച്ചില്ല.

"നാളെ സൂര്യനുദിക്കുമ്പോള്‍ അവന്‍ ഈ ലോകത്ത് ഉണ്ടാകില്ല.." തോട്ടക്കാരന്‍ പൌലോസ് അവസാനത്തെ പെഗ്ഗും അകത്താക്കി അവിടുന്ന് ഇറങ്ങി.

സഭ പിന്നെയും ഒരു അരമണിക്കൂര്‍ കൂടി തുടര്‍ന്നു. ഇടവകക്കാരെ വരുതിയില്‍ നിര്‍ത്താനുള്ള അടവ് പാലാക്കാടന്‍ വിവരിച്ചു. അതിനു വേണ്ടി എത്ര പണം വേണമെങ്കിലും ഇറക്കാം എന്ന് തോട്ടക്കാരന്‍ പൌലോസ് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. അടുത്ത രണ്ടു ദിവസം കൊണ്ട് അവര്‍ അത് ചെയ്യുകയും ചെയ്തു.

ഗബ്രിയേലിന്‍റെ കൈപ്പടയില്‍ ഒരു ഊമക്കത്ത് അവര്‍ വികാരിയച്ചന് അയച്ചു. ജാന്‍സിയും താനും തമ്മില്‍ മൂന്നു വര്‍ഷമായി തുടര്‍ന്നു പോന്നു വന്ന പ്രേമബന്ധത്തിന്‍റെയും ശാരീരിക ബന്ധത്തിന്‍റെയും വിവരണങ്ങള്‍ ആയിരുന്നു അതില്‍. അത് നാട്ടില്‍ പാട്ടായി. എല്ലാവരും മാലാഖയ്ക്ക് എതിരായി അണിചേര്‍ന്നു. വേദപാഠം പഠിപ്പിക്കുന്ന ജാന്‍സിയെ അപകീര്‍ത്തിപ്പെടുത്താനും കല്യാണം മുടക്കാനും വേണ്ടി മാലാഖ കള്ളക്കഥ മെനെഞ്ഞെടുത്തതാണ് എന്ന് പ്രമാണിമാര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചു.

പക്ഷെ ഈ നാട്ടുകാര്‍ക്കും പ്രമാണിമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു, ആ പ്രണയിനികള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചത്. ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ഒരുമിച്ചു മരിക്കാം എന്നുള്ളത്, അതിനായി അവര്‍ കണ്ട മാര്‍ഗം ലൂസിഫര്‍ ആയിരുന്നു. അതിന്‍റെ പോക്കുംവരവും ആര്‍ക്കും തടയാന്‍ കഴിയില്ലല്ലോ. ലൂസിഫറിന്‍റെ കഴുത്തില്‍ ഗബ്രിയേല്‍ 'മാലാഖ' ഒരു കുപ്പി കെട്ടിയിട്ടു, കൂടെ ഒരു കുറിപ്പും,

"ഈ ഭ്രാന്തനോടൊപ്പം ജീവിക്കാന്‍ നിന്‍റെ വീട്ടുകാരും ഈ സമൂഹവും നമ്മളെ അനുവദിക്കില്ല, ഈ കുപ്പിയിലുളളതിന്‍റെ പകുതിയായിരിക്കും ഇന്നത്തെ എന്‍റെ അത്താഴം.. നീ കൂടെ വരും എന്ന് ഉറപ്പുള്ളതിനാല്‍ ഞാനിത് കുടിക്കാന്‍ പോകുന്നു.. കാണാം പ്രിയേ നമുക്ക് മറ്റൊരു ലോകത്ത്.. പ്രണയ നിര്‍വ്വചനങ്ങള്‍ സാത്വികമാകുന്ന അനന്തമണ്ഡലത്തില്‍... നീ വരുമെന്ന പ്രതീക്ഷയുമായി ഞാനിതാ പോകുന്നു.. നിനക്കു മുന്‍പേ പ്രണയവല്ലരികളാല്‍ ഒരു പര്‍ണ്ണകുടീരം തീര്‍ക്കാനായ്‌.."

അന്നാമ്മചേടത്തി വാതില്‍ തുറന്നു.

എല്ലാവരും നിശബ്ദരായി.

നിസ്സംഗഭാവത്തോടെ അവര്‍ ആ പൊട്ടിയ ചില്ലിന്‍റെ മുകളിലൂടെ നടന്നു. തൂണിനോട് ചാരി ഇരുത്തിയില്‍ അവര്‍ ഇരുന്നു. ജനസമൂഹത്തെ ഒന്നു നോക്കുക പോലും ചെയ്തില്ല.

"എവിടെടീ ആ പിശാചിന്‍റെ സന്തതി.." ആരോ ഒരാള്‍ ആക്രോശിച്ചു.

അവര്‍ ആ പാതിവിഷത്തിന്‍റെ ഒഴിഞ്ഞ കുപ്പി മടിക്കുത്തില്‍ നിന്നെടുത്ത് ഇരുത്തിയില്‍ വെച്ചു. രണ്ടു പേര്‍ അകത്തേക്ക് തള്ളിക്കയറി. അവര്‍ മറ്റുള്ളവരെ കൈകാട്ടി വിളിച്ചു. അകത്തു രണ്ടു ശവശരീരങ്ങള്‍; ഗബ്രിയേലും ലൂസിഫറും..... രണ്ടു മാലാഖമാര്‍.

No comments:

Post a Comment