Wednesday, June 25, 2014

ഋതുഭേദം

"അടുത്ത മത്സരാര്‍ത്ഥി ... തേര്‍ഡ് ഇയര്‍ മലയാളം ലിറ്ററേച്ചറിലെ.... നീലിമ വിഷ്ണുപ്രസാദ്‌.." 

ഈ അനൗണ്‍സ്മെന്റ് വന്നതും അതുവരെ കൂവിവിളിച്ചു കൊണ്ടിരുന്ന സദസ്സ് നിശ്ശബ്ദമായി. അവിശ്വസനീയതയുടെ മൂകത ഓരോ നിശ്വാസത്തിലും അലയടിച്ചു. എല്ലാ കണ്ണുകളും പെണ്‍കുട്ടികളുടെ ഇരിപ്പിടമുള്ള വരികളുടെ നേരെ തിരിഞ്ഞു. പെണ്‍കുട്ടികളും അവര്‍ക്കിടയില്‍ നീലിമയെ തിരഞ്ഞു. 

"നീലിമയോ.." മൗനം വെടിഞ്ഞ സദസ്സില്‍ ഒരൊറ്റ ചോദ്യം മാത്രം അലയടിച്ചു. മുന്നിലിരിക്കുന്നവര്‍ എഴുന്നേറ്റ് പുറകിലേക്ക് നോക്കി. കണ്ണുകളില്‍ ആകാംക്ഷയായിരുന്നില്ല, അതിശയവും പരിഭ്രമവുമായിരുന്നു

"ഇല്ല .. നീലിമ വരില്ല, അവള്‍ക്ക് പാടാന്‍ കഴിയില്ല." ചിലര്‍ പരസ്പരം പറഞ്ഞു. എങ്കിലും എല്ലാ മിഴികളും, തിങ്ങിയ സദസ്സിനിടയില്‍ ആ നീലക്കണ്ണുകളുള്ള സുന്ദരിയെ തിരഞ്ഞു.

"ഇല്ല .. നീലിമ ഇന്ന് പാടും, ഇന്നു പാടിയില്ലെങ്കില്‍ പിന്നെയവള്‍ എന്നു പാടാനാണ്.." സൈനബ സ്റ്റെജിലെക്ക് കണ്ണും നട്ടുകൊണ്ട് ആത്മവിശ്വാസത്തോടെ പറഞ്ഞു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു നീലിമ ആദ്യമായി സ്റ്റേജില്‍ കയറിയത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിലെ ഒരു നവംബര്‍ ദിനത്തിലായിരുന്നു അത്. മൈക്കില്‍ "നീലിമ രാജഗോപാല്‍, ഫസ്റ്റ് ഇയര്‍ മലയാളം" എന്ന് അന്നൌണ്‍സ് ചെയ്തപ്പോള്‍, നിറഞ്ഞു കവിഞ്ഞ സദസ്സ് അവളെ വരവേറ്റത് ആര്‍ജ്ജവമായി കൂവികൊണ്ടായിരുന്നു. അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ബാച്ച്മേറ്റ്സിനെയും സീനിയേര്‍സിനെയും മൈന്‍ഡ് ചെയ്യാത്തത്തിലുള്ള അമര്‍ഷമായിരുന്നു ആ കൂവലില്‍. പക്ഷെ, യാതൊരു കൂസലും കൂടാതെ അവള്‍ സ്റ്റേജിലേക്ക് ഓടിക്കയറി.

ഇളം റോസ് നിറത്തിലുള്ള ചൂരിദാറില്‍ അന്നവള്‍ സാധാരണയേക്കാള്‍ കൂടുതല്‍ സുന്ദരിയായിരുന്നു. പുഞ്ചിരിക്കുമ്പോള്‍ വിരിയുന്ന നുണക്കുഴികള്‍ക്കാണോ, അതോ തിളങ്ങുന്ന നീലക്കണ്ണുകള്‍ക്കായിരുന്നോ കൂടുതല്‍ ഭംഗി, ഒരു കടങ്കഥയായിരുന്നു അവള്‍.

എല്ലാവരും അവളെ തന്നെ നോക്കി. പക്ഷെ, ആ നീലമിഴികള്‍ അപ്പോള്‍ മറ്റാരെയോ തിരയുകയായിരുന്നു. സദസ്സില്‍ അയാള്‍ ഇല്ലെങ്കില്‍ അവള്‍ക്ക് പാടാന്‍ കഴിയില്ല എന്ന് അവള്‍ ഉറപ്പിച്ചു. അവള്‍ സൈനബയുടെ നേരെ നോക്കി, സൈനബ ഇടത്തേ കോണിലുള്ള വാതിലിനു നേരെ വിരല്‍ ചൂണ്ടി. അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു, നുണക്കുഴികള്‍ വിരിഞ്ഞു, സദസ്സ് വീണ്ടും ഇളകിമറിഞ്ഞു.

"ഒന്ന് പാടെന്‍റെ നീലിമേ .. ഞങ്ങളും കേള്‍ക്കട്ടെ ഗേള്‍സ്‌ ഹോസ്റ്റലിലെ ഈ വാനമ്പാടിയുടെ പാട്ട്.." മുന്നിലുള്ള ഏതോ ഒരു പയ്യന്‍ വിളിച്ചു കൂവി. അവള്‍ വീണ്ടും വിഷ്ണുവിനു നേരെ നോക്കി. അവന്‍ വാതിലിനോട് ചാരി നില്‍ക്കുന്നു. അവള്‍ കണ്ണുകള്‍ അടച്ചു, ഒരു ദീര്‍ഘനിശ്വാസം എടുത്തു, ഒരു ഹമ്മിംഗോടു കൂടെ പാടി തുടങ്ങി,

"നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നു,
ഒരു കൃഷ്ണതുളസി കതിരുമായി നിന്നെ ഞാന്‍
എന്നും പ്രതീക്ഷിച്ചു നിന്നു..

നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ...

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..."

സൈനബ അവളെ നോക്കി ആംഗ്യം കാണിച്ചു, 'അങ്ങോട്ട്‌ നോക്കാതെ മുന്നിലിരിക്കുന്ന ആള്‍ക്കാരെ നോക്കി പാടൂ' എന്നായിരുന്നു അവള്‍ ഉദ്ദേശിച്ചിരുന്നത്. എങ്കിലും, നീലിമയുടെ കണ്ണുകള്‍ വിഷ്ണുവില്‍ മാത്രം ഉടക്കിനിന്നു. ഉത്തരം കിട്ടാതെ കണ്ണെടുക്കില്ല എന്ന വാശി പോലെയായിരുന്നു അത്.

അവനും അവളെ കണ്ണിമ വെട്ടാതെ പതിയെ അവിടുന്ന് മാറി സ്റ്റേജിനു തൊട്ടുമുന്നിലുള്ള നിരയിലേക്ക് നടന്നു. പാട്ട് തുടര്‍ന്നു കൊണ്ടേയിരുന്നു, സദസ്സിലുള്ളവര്‍ ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടുപേരെയും നോക്കി അന്തംവിട്ടു നിന്നു.

"സഖാവ് ഇവിടെ ഇരുന്നോളൂ .." ഒരു കുട്ടിനേതാവ് സീറ്റ് ഒഴിഞ്ഞു കൊടുത്തു.

"നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ..."

നീലിമ ലാസ്യഭാവത്തോടെ അവനോടു ചോദിക്കുന്നത് പോലെ പുരികങ്ങള്‍ ഉയര്‍ത്തി ആ വരികള്‍ പാടി. ഇപ്പോള്‍ എല്ലാവരുടെയും നോട്ടം വിഷ്ണുവില്‍ ആയിരുന്നു. അവളെ പോലെ തന്നെ സദസ്സിലുള്ളവരും ഒരു ഉത്തരം പ്രതീക്ഷിച്ചു.

അവന്‍ അതേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി, അവള്‍ പുഞ്ചിരിച്ചു, നുണക്കുഴികള്‍ വിരിഞ്ഞു, നീലക്കണ്ണുകള്‍ വിടര്‍ന്നു, സദസ്സ് ഇളകി മറിഞ്ഞു, അവര്‍ ആര്‍ത്തുല്ലസിച്ചു കൈയ്യടിച്ചു. ഗാനം കഴിയുവോളം ആ കൈയ്യടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
-------------------------
-------------------------

"അടുത്ത കണ്‍ടസ്ട്ടന്റ്റ്.. പ്രവീണ തോമസ്‌, സെക്കണ്ട് ഇയ.." അശോകന്‍ സാര്‍ ഇതു പറഞ്ഞു തീര്‍ക്കും മുന്‍പുതന്നെ തൊട്ടുപിന്നിലായി ഒരു ശബ്ദം.. "സാര്‍ ... എനിക്ക് പാടണം.." മൈക്കിലൂടെ സദസ്സിലുള്ളവരും അത് കേട്ടു. സാര്‍ ഒന്നും മിണ്ടാതെ മൈക്ക് അവളുടെ കൈയ്യില്‍ കൊടുത്തു.

ഇന്നിതാ, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും, സമുദ്രം പോലെ നിശ്ചലമായ ഓടിറ്റോറിയത്തെ സാക്ഷിനിര്‍ത്തി, അവള്‍ ഒരിക്കല്‍ക്കൂടി ആ മൈക്ക് ഏറ്റുവാങ്ങി. പുറകിലായി ഇരുന്നവര്‍ മുന്നിലുള്ള ഒഴിഞ്ഞ സീറ്റുകളില്‍ ഇടംപിടിച്ചു. സൈനബയും മറ്റു പത്തോളം പെണ്‍കുട്ടികളും സ്റ്റേജിന്‍റെ മുന്നിലേക്ക് ഓടിയടുത്തു.

അവധികാലത്തിനു ശേഷം, കോളേജ് തുറന്നതില്‍ പിന്നെ ഇന്നേവരെ ആരോടും ഒരു വാക്കുപോലും ഉരിയാടാത്ത അവരുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഇന്നിതാ വീണ്ടും പാടാന്‍ പോകുന്നു. അന്നവള്‍ പാടിയതു മുഴുവന്‍ വിഷ്ണുവിനെ നോക്കിയായിരുന്നു, സ്വയം ഒരു കൃഷ്ണതുളസി കതിരായി മാറി വിഷ്ണുവിനോടുള്ള ഇഷ്ടം പ്രകടമാക്കുകയായിരുന്നു അന്നവള്‍.

പക്ഷെ.. ഇന്നോ ?? വിഷ്ണുവില്ലാത്ത ഈ ലോകത്ത് അവള്‍ അവനുവേണ്ടി എന്താണ് സമര്‍പ്പിക്കുവാന്‍ പോകുന്നത് ?? എന്ത് നൈവേദ്യമാണ് അവന്‍റെ ആത്മാവിന്‍റെ കാല്‍ക്കല്‍ വെയ്ക്കാന്‍ പോകുന്നത് ??

കഴിഞ്ഞ വര്‍ഷത്തെ ആര്‍ട്സ് ഡേയുടെ അന്നായിരുന്നു വിഷ്ണു സകല വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സാക്ഷി നിര്‍ത്തിക്കൊണ്ട് ആ പ്രഖ്യാപനം നടത്തിയത്. താനും നീലിമയും വിവാഹിതരാകാന്‍ പോകുന്നു എന്ന്. ഒരു വര്‍ഷം മുഴുവന്‍ ആരെയും പേടിക്കാതെ, ഒരു ദുഷ്പ്പേരും കേള്‍പ്പിക്കാതെ, എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ച, യൂണിയന്‍ ചെയര്‍മാന്‍ സഖാവ് വിഷ്ണുപ്രസാദും ആര്‍ട്സ് ക്ലബ് സെക്രട്ടറി നീലിമ രാജഗോപാലും ദമ്പതികള്‍ ആകാന്‍ പോകുന്നു. ആ വിളംബരം എല്ലാവരും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി, ആര്‍പ്പുവിളികള്‍ മുഴങ്ങി. പ്രണയജോഡികള്‍ക്ക് അഭിവാദ്യങ്ങള്‍ ഉയര്‍ന്നു.

നീലിമയുടെ അച്ഛന്‍ ഡോ.രാജഗോപാലിനും യാതൊരു എതിര്‍പ്പുമില്ലയിരുന്നു. അമ്മയില്ലാതെ വളര്‍ന്ന ഒറ്റമോള്‍ കയറിചെല്ലുന്ന തറവാടിനെ കുറിച്ചോര്‍ത്തു അഭിമാനിക്കാനെ വകയുണ്ടായിരുന്നുള്ളൂ, പോരാത്തതിന് മരുമകന്‍ ആകാന്‍ പോകുന്നവന്‍ ഡിഗ്രിക്ക് യൂനെവേര്‍സിറ്റി റാങ്ക് ഹോള്‍ഡറും.

സഖാവ് വിഷ്ണു ഇത് പ്രഖ്യാപിച്ചതും നിറഞ്ഞ സദസ്സില്‍ നിന്നും ഒരേ സ്വരത്തില്‍ ഒരു ആവശ്യം ഉയര്‍ന്നു. "നീലിമ പാടണം... നീലിമ പാടണം..." അതിനു മുന്‍പു നടന്ന ആര്‍ട്സ് ഡേയ്ക്ക് പാടിയതിനു ശേഷം പിന്നീടൊരിക്കലും അവള്‍ സദസ്സിനു വേണ്ടി പാടിയിരുന്നില്ല. നീലിമ വിഷ്ണുവിന്‍റെ ചാരത്തു ചേര്‍ന്നുനിന്നു.

അവള്‍ അവന്‍റെ കൈ പിടിച്ചു, "ഇന്നു വേണ്ട.. ഇന്നെനിക്ക് കഴിയില്ല.."

അങ്ങനെയാണ് അന്നവന്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയത്.

"കൂട്ടുകാരെ, അടുത്ത ആര്‍ട്സ് ദിനത്തില്‍ നീലിമ പാടും, നീലിമ രാജഗോപാല്‍ നീലിമ വിഷ്ണുപ്രസാദ് ആയതിനു ശേഷം ആദ്യമായി പാടുന്നത് നിങ്ങള്‍ക്കു മുന്‍പിലായിരിക്കും." അവന്‍ നീലിമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു, "ആ ഗാനവും എനിക്ക് വേണ്ടി മാത്രമായിരിക്കില്ലേ .." അവളും അത് സമ്മതിച്ചു.

ഇന്നാണ് ആ ദിവസം. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നീലിമ വീണ്ടും പാടാന്‍ പോകുന്നു. ഇത്തവണയും അവള്‍ വിഷ്ണുവിനു വേണ്ടി തന്നെയാണ് പാടാന്‍ പോകുന്നത്. പക്ഷെ, ആരവങ്ങള്‍ക്ക് പകരം ശ്മശാന മൂകതയുടെ അലയൊലികള്‍ ആയിരുന്നു അവിടെ. എല്ലാവരും ഹൃദയം കൊണ്ട് വിഷ്ണുവിനെ സ്മരിച്ചു.

രണ്ടു മാസം മുന്‍പ് ഒരു ബൈക്ക് ആക്സിഡന്‍റില്‍ മരണപ്പെട്ട വിഷ്ണുവിന്‍റെ ആത്മാവ് ഓടിറ്റോറിയത്തിന്‍റെ ഇടതു ഭാഗത്തുള്ള വാതിലില്‍ ചാരി നില്‍ക്കുന്നുണ്ടെന്ന് അവള്‍ അറിഞ്ഞു. അവള്‍ അവിടേക്ക് നോക്കി, ആ വാതിലില്‍ കണ്ണുംനട്ട് പാടി തുടങ്ങി.

ഗാനത്തിന്‍റെ ഈരടികള്‍ സദസ്സിലിരിക്കുന്ന ഓരോരുത്തരുടെയും ആത്മാവിലേക്ക് തുളച്ചുകയറി. അവരുടെ നോട്ടവും അവളുടെ നീലമിഴികളെ പിന്തുടര്‍ന്ന് വാതിലില്‍ ഉടക്കി. ഗാനത്തോടൊപ്പം സദസ്സില്‍ നിന്നും ഗദ്ഗദങ്ങളും ഉയര്‍ന്നു. മുന്നിലുള്ള ഒഴിഞ്ഞ കസേരയില്‍ അവള്‍ ഇപ്പോള്‍ വിഷ്ണുവിനെ കാണുന്നുണ്ടായിരുന്നു. അവള്‍ ആ വരികള്‍ എങ്ങനെ പാടി മുഴുമിക്കും എന്ന് ഓര്‍ത്ത്‌ സൈനബയും കൂട്ടുകാരികളും നിറകണ്ണുകളോടെ അത് ശ്രദ്ധിച്ചു,

"അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും

ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം

നിന്നിലലിയുന്നതേ നിത്യസത്യം..."

അവളത് പാടി തീര്‍ത്തു. നിറഞ്ഞ സദസ്സിനു മുന്‍പേ, ഒരു വര്‍ഷം മുന്‍പ്, തന്‍റെ ഭര്‍ത്താവ് പ്രഖ്യാപിച്ചത് അവള്‍ പാലിച്ചു. അവള്‍ വിഷ്ണുവിനു വേണ്ടി പാടി. വിഷ്ണുവിനു വേണ്ടി മാത്രം. ആത്മാവിന്‍ ആഴങ്ങളില്‍ ഉരുകി, വീണുപൊലിയാന്‍ വേണ്ടി മാത്രം. അവനില്‍ അലിയുമ്പോഴാണ് സ്വര്‍ഗം എന്ന നിത്യസത്യം മനസ്സിലാക്കി അവള്‍ അവിടെ നിന്നിറങ്ങുമ്പോള്‍, കൈയ്യടിക്കനാവാതെ നിറഞ്ഞ സദസ്സ് എഴുന്നേറ്റുനിന്നു.

No comments:

Post a Comment