Sunday, June 29, 2014

ടെലിഫോണ്‍ അങ്കിള്‍

1986, എനിക്കന്ന് അഞ്ചു വയസ്സ്, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ക്ലാസ് കഴിഞ്ഞാല്‍ നേരെ ഓടി ചെല്ലുന്നത് തൊട്ടപ്പുറത്തുള്ള അനിതാന്‍റിയുടെ വീട്ടിലേക്കായിരുന്നു. വരാന്തയില്‍ കയറി, പാതി അടച്ച വാതില്‍ തള്ളിത്തുറന്ന്, അകത്തുകയറാതെ കട്ടിളയില്‍ രണ്ടു കൈയും ഊന്നി, കഴുത്ത് മാത്രം അകത്തേക്ക് തള്ളി, കിതച്ചുകൊണ്ട് ഒരു ചോദ്യം, "ആന്‍റി ... ഇന്നേതാ .."
അവര്‍ അടുക്കളിയിലോ അല്ലെങ്കില്‍ വീടിന്‍റെ പുറകുവശത്ത് എവിടെയെങ്കിലും ആയിരിക്കും. ഉടനെ തന്നെ മറുപടി കിട്ടും. അന്ന് റിലീസ് ചെയ്ത ഏതെങ്കിലും ഒരു സിനിമയുടെ പേരായിരിക്കും അത്. എനിക്കത് കേട്ടാല്‍ മതി, പിന്നെ നേരെ വീട്ടിലേക്ക് ഓടും. അവിടെയുള്ളത് വലിച്ചുവാരി തിന്നും. എന്നിട്ട് വീണ്ടും അനിതാന്‍റിയുടെ വീട്ടിലേക്ക്. അപ്പോഴേക്കും അവര്‍ നാനയും വെള്ളിനക്ഷത്രവും ചിത്രഭൂമിയുമൊക്കെ എടുത്ത് എന്നെ കാത്തിരിക്കുന്നുണ്ടാകും.
പിന്നെ ആകെ സിനിമാമയമാണ്. അന്ന് കാണാന്‍ പോകുന്ന സിനിമയെ കുറിച്ചുള്ള വിവരണങ്ങള്‍. സിനിമ കാണുന്നതിനു മുന്‍പുതന്നെ അവര്‍ അതിലെ ചില തമാശകളൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കും. പക്ഷെ അപ്പോഴും എനിക്കൊരു വിഷമം മാത്രമേ ഉണ്ടാകൂ, 'അച്ഛന്‍ വന്നു സമ്മതിച്ചാലല്ലേ പോകാന്‍ പറ്റൂ..'.
പക്ഷെ, മിക്ക ദിവസങ്ങളിലും അച്ഛന്‍ വൈകിയേ എത്തൂ. ആറേകാലിനു തുടങ്ങുന്ന ഷോയ്ക്ക് അപ്പോഴേക്കും അനിതാന്‍റിയും പുരുഷന്‍ മാമനും പോയിട്ടും ഉണ്ടാകും. ഇനി അഥവാ നേരത്തെ വന്നിട്ടുണ്ടെങ്കില്‍ തന്നെ എല്ലാ സിനിമയ്ക്കും പോകാനും സമ്മതിക്കില്ല. കെഞ്ചികേണപേക്ഷിച്ചാല്‍ മാസത്തില്‍ ഒന്ന്, അത്ര തന്നെ. എങ്കിലും വെള്ളിയാഴ്ച്ചകളിലെ ഈ കലാപരിപാടി ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു. ഒന്‍പതു മണിക്ക് സിനിമ കഴിഞ്ഞു വന്നാല്‍ അവരെക്കൊണ്ട് മുഴുവന്‍ കഥയും പറയിപ്പിച്ചിട്ടേ ഞാന്‍ വീടിനു അകത്തേക്ക് വിട്ടിരുന്നുള്ളൂ.
അങ്ങനെയിരിക്കയെയാണ് ഒരിക്കല്‍ അവര്‍ പുതിയൊരു സിനിമയുടെ കാര്യം പറഞ്ഞത്. അതിലൊരു ചെറിയ പെണ്‍കുട്ടിയുണ്ട്, നല്ല പാട്ടുകളുണ്ട്, പിന്നെ മോഹന്‍ലാലും ഉണ്ട്. അന്നത്തെ ആ വിവരണം കേട്ടപ്പോള്‍ എന്‍റെ ആദ്യ പ്രാര്‍ത്ഥന അച്ഛന്‍ നേരത്തെ വരണേ എന്നായിരുന്നു, രണ്ടാമത്തേത് സിനിമയ്ക്ക് പോകാന്‍ സമ്മതിക്കണേ എന്നും. അമ്മയോട് റെക്കമെന്റ്റ് ചെയ്യാമെന്നും അനിതാന്‍റി ഏറ്റു, എന്നാലും അച്ഛന്‍ നേരത്തെ വരണ്ടേ.
അതോര്‍ത്ത് ഇങ്ങനെ വിഷമിച്ചു ഇരിക്കുമ്പോള്‍, ദാ അച്ഛന്‍ .. സമയം അഞ്ചര ആയതേ ഉള്ളൂ. അപ്പോഴേക്കും അച്ഛന്‍ എത്തിയിരിക്കുന്നു. അച്ഛന്‍ ഡ്രസ്സ്‌ മാറ്റി വരാന്തയില്‍ ഇരുന്നു. ഞാന്‍ ഒരു നോട്ട്ബുക്കും പെന്‍സിലും റബ്ബറും എടുത്ത് അച്ഛന്‍ കാണുന്ന ദൂരത്തിലും ഇരുന്നു.
പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും , പിന്നേം പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും, ഇത് തന്നെയായിരുന്നു എന്‍റെ പരിപാടി. അപ്പോഴാണ്‌ അമ്മ ചായയും കൊണ്ട് വരാന്തയിലേക്ക് വന്നത്. ഞാന്‍ അമ്മയെ 'ജീവന്‍ തിരിച്ചു തരൂ' എന്ന് കേഴുന്ന തടവുപുള്ളിയെ പോലെ നോക്കി. അമ്മ കണ്ണിറുക്കി കാണിച്ചു. ഞാന്‍ പുഞ്ചിരിച്ചു.
"ഇന്നെന്തേ നേരത്തെ .." അമ്മ അച്ഛനോട് ചോദിച്ചു, എന്നിട്ട് എന്നെ ഇടക്കണ്ണിട്ടുകൊണ്ട് നോക്കി. ഞാന്‍ രണ്ടു പേരെയും ശ്രദ്ധിക്കാതെ അതുതന്നെ തുടര്‍ന്നു കൊണ്ടിരുന്നു, പെന്‍സില്‍ കൊണ്ട് കുത്തിവരയ്ക്കും റബ്ബര്‍ കൊണ്ട് മായ്ക്കും.
"നമുക്കിന്നൊരു സിനിമയ്ക്ക് പോകാം.." അച്ഛന്‍ അത് പറയേണ്ട താമസം, ഇരുന്നിടത്തുനിന്നു ഒരു സ്പ്രിംഗ് പോലെ ഞാന്‍ ചാടി എഴുന്നേറ്റുകൊണ്ട് വിളിച്ചുകൂവി.
"ഒന്നു മുതല്‍ പൂജ്യം വരെ.."
അങ്ങനെ അന്ന് അപ്പുറത്തെ വീട്ടിലെ മോഹനേട്ടന്‍റെ റിക്ഷയില്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരും കൂടി ഒരുമിച്ച് ആ സിനിമ കാണാന്‍ പോയി, ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം, ഒന്നു മുതല്‍ പൂജ്യം വരെ. പോകുന്ന വഴിയില്‍ മുഴുവന്‍ അനിതാന്‍റി അതിനെ കുറിച്ച് വായിച്ചത് മുഴുവന്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു സപ്പോര്‍ട്ടിനു വേണ്ടി ഞാനും അത് പൊലിപ്പിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ്‌ പുരുഷന്‍ മാമന്‍ ചോദിച്ചത്,
"അല്ല .. ദാമുവേട്ടാ .. ഇങ്ങള് അങ്ങനെ സിനിമയ്ക്കൊന്നും പോവലില്ലല്ലോ .. ഇതിപ്പോ എന്ത് പറ്റി.." അത് ശരിയായിരുന്നു, നല്ല സിനിമയാണ് എന്ന് ഒരു പത്തു പേര്‍ പറഞ്ഞാല്‍ മാത്രമേ അച്ഛന്‍ സിനിമയ്ക്ക് പോകുകയുള്ളൂ.
"ഏയ്‌ .. ആര് പറഞ്ഞു .. പണ്ടൊക്കെ ഞാന്‍ ഒന്നും വിടില്ലായിരുന്നു.. നിങ്ങളെ പോലെ തന്നെ റിലീസിന്‍റെ അന്ന് തന്നെ കാണുമായിരുന്നു.. ഇപ്പൊ പിന്നെ തിരക്കായില്ലേ .." അച്ഛന്‍ ഓര്‍മ്മകള്‍ ഒറ്റവരിയില്‍ പറഞ്ഞു തീര്‍ത്തു. അമ്മ ഉവ്വ ഉവ്വേ എന്ന രീതിയില്‍ ചുണ്ടുകള്‍ കോട്ടി.
"എന്നാലും .. ഇന്ന്... ആദ്യത്തെ ദിവസം തന്നെ വരാന്‍ കാരണം..???" പുരുഷന്‍ മാമന്‍റെ ഈ സംശയം എനിക്കും ഉണ്ടായിരുന്നു. മോഹനേട്ടന്‍റെയും, റിക്ഷയുടെ സ്റ്റിയറിംഗിന്‍റെയും ഇടയില്‍ ചക്രവ്യൂഹത്തില്‍ അകപ്പെട്ട ഞാന്‍ അത് ശ്രദ്ധിച്ചു കൊണ്ടിരുന്നു.
"എന്‍റെ സുഹൃത്ത് കൃഷ്ണന്‍ പറഞ്ഞിട്ടാണ് അറിയുന്നത്, ഇത് സംവിധാനം ചെയതത് മൈ ഡിയര്‍ കുട്ടിചാത്തന്‍റെ കഥ എഴുതിയ ആളാണ്‌ എന്ന്.. എന്നാ പിന്നെ ഇന്ന് തന്നെ പോയിക്കളയാം എന്ന് വിചാരിച്ചു.." കേരളാകൌമുദിയില്‍ ജേര്‍ണലിസ്റ്റായിരുന്ന കൃഷ്ണന്‍ മാമനെ കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞത്.
"ആരാ അത് ??" പുരുഷന്‍ മാമന്‍ സ്വതസിദ്ധമായ ശൈലിയില്‍ വായും പൊളിച്ചുകൊണ്ട് ചോദിച്ചു.
"രഘുനാഥ് പാലേരീ ന്ന്..." അച്ഛന്‍ അത് പറയുന്നതിനു മുന്‍പ് അനിതാന്‍റി പുരുഷന്‍ മാമനെ തോണ്ടിക്കൊണ്ട് പറഞ്ഞു.
"ഇതൊന്നും നമ്മക്കറീല്ല .. നമ്മക്ക് ആകെ അറീന്നത് മോഹന്‍ലാലും മമ്മൂട്ടിയും പിന്നെ ജയഭാരതിയും.." പുരുഷന്‍ മാമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മറ്റുള്ളവരും ചിരിച്ചു, പക്ഷെ കുട്ടികളായ ഞാനും അനിയന്മാരും ചിരിച്ചില്ല, കാരണം ഞങ്ങള്‍ അന്ന് രതിനിര്‍വ്വേദം കണ്ടിരുന്നില്ല. ങ്ങാ .. അനിതാന്‍റിയും ചിരിച്ചില്ല. അവര്‍ പുരുഷന്‍ മാമനൊരു നുള്ളു വെച്ചുക്കൊടുത്തു.
അന്ന് ആ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ മുതിര്‍ന്ന നാലു പേരെയും ശ്രദ്ധിച്ചു. അമ്മയുടെയും അനിതാന്‍റിയുടെയും പുരുഷന്‍ മാമന്‍റെയും കണ്ണുകള്‍ കലങ്ങിയിട്ടുണ്ടായിരുന്നു. ഒരു വയസ്സ് മാത്രം പ്രായമുള്ള ഇളയ അനിയനെ എടുത്ത് നടക്കുന്ന അച്ഛനെ ഞാന്‍ ഒന്നൂടി സൂക്ഷിച്ചുനോക്കി. ഇല്ല .. അച്ഛന്‍ കരഞ്ഞിട്ടില്ല .. ഞാനും കരഞ്ഞിട്ടില്ല.. എന്തിനു കരയണം.. ദീപമോളുടെ അടുത്ത ജന്മദിനത്തിനു വീണ്ടും വരാം എന്ന് പറഞ്ഞിട്ടല്ലേ ടെലിഫോണ്‍ അങ്കിള്‍ പോലീസ് ജീപ്പില്‍ കയറി പോയത്.
അന്നും അതിനു ശേഷമുള്ള പല ദിവസങ്ങളിലും എന്‍റെ ചിന്ത, അടുത്ത വര്‍ഷം ഈ സിനിമ കാണുമ്പോള്‍ ടെലിഫോണ്‍ അങ്കിള്‍ അഞ്ചു മെഴുകുതിരികള്‍ കത്തിക്കാനുള്ള വലിയൊരു കേക്കുമായി വീണ്ടും വന്നിട്ടുണ്ടാകും എന്നായിരുന്നു.
അതിനു ശേഷവും അനിതാന്‍റി പല സിനിമകളെ കുറിച്ചും പറഞ്ഞു, ചിലത് ഞാനും കാണാന്‍ പോയി, പക്ഷെ ഇതുപോലൊരു ഫീല്‍ മറ്റൊരു ചിത്രത്തിനും ഉണ്ടായിരുന്നില്ല. എന്‍റെ ഓര്‍മ്മകളുടെ ആമാടപ്പെട്ടിയില്‍ ആദ്യമായി കയറിക്കൂടിയ ചിത്രം. ഇതിനു മുന്‍പ് കണ്ട മറ്റൊരു ചിത്രവും എനിക്ക് ഓര്‍മ്മയില്ല എന്നതാണ് സത്യം, അതുകൊണ്ട് തന്നെ ഇതാണ് ഞാന്‍ ആദ്യമായി കണ്ട സിനിമ എന്ന് ഞാന്‍ വിശ്വസിച്ചു.
പിന്നീടു ആറില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഇത് വീണ്ടും കാണുന്നത്. വീട്ടില്‍ വി സി ആര്‍ വാങ്ങിയ കൂട്ടത്തില്‍ ഒരു പത്തു കാസറ്റുകള്‍ കൂടി അച്ഛന്‍ വാങ്ങിയിരുന്നു. ഞാന്‍ ഓരോന്നായി എടുത്ത് നോക്കി, ഒന്നു മുതല്‍ പത്തു വരെ എല്ലാ കാസറ്റും തിരിച്ചും മറിച്ചും നോക്കി, പക്ഷെ, അത് മാത്രം ഇല്ലായിരുന്നു. അച്ഛനോട് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു, അത് വേണം എന്ന്, പക്ഷെ അത് മാത്രം വാങ്ങിച്ചില്ല.
അപ്പോഴാണ് അച്ഛന്‍, ഓഫീസ് ബാഗില്‍ നിന്നും കടലാസ്സില്‍ പൊതിഞ്ഞ ഒരു പെട്ടി എടുത്തത്. അതെന്തായിരുന്നുയെന്ന് പറയാതെ തന്നെ എനിക്കറിയാമായിരുന്നു, ഒന്നു മുതല്‍ പൂജ്യം വരെ. ഒരു കോപ്പി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കടക്കാരന്‍ വാടകയ്ക്ക് കൊടുത്തതായിരുന്നു അത്. അങ്ങനെ വീ സീ ആറിന്‍റെ ഉദ്ഘാടന ചിത്രമായി ഞങ്ങള്‍ വീണ്ടും അത് കണ്ടു.
പക്ഷെ, അന്നു ഞാന്‍ കരഞ്ഞു, ദീപമോളെയും അമ്മയെയും ഒറ്റയ്ക്കാക്കി ടെലിഫോണ്‍ അങ്കിളിനെ പിടിച്ചു കൊണ്ടുപോയ പോലീസുകാരോട് എനിക്ക് ദേഷ്യം തോന്നി.
ഓരോ കാലഘട്ടത്തിലും ഈ സിനിമ എനിക്ക് നവമൊരു അനുഭൂതിയായിരുന്നു പകര്‍ന്നിരുന്നത്. ആദ്യം തീയറ്ററില്‍ പോയി കണ്ടപ്പോള്‍ ദീപ മോളും പിയാനോയും അവളുടെ ചോദ്യങ്ങളുമായിരുന്നു മനസ്സില്‍, ആറാം ക്ലാസ്സില്‍ വീ സീ ആറില്‍ ഇട്ടു കണ്ടപ്പോള്‍ അമ്മയുടെയും ദീപമോളുടെയും ഒറ്റപ്പെടല്‍ ആയിരുന്നു എന്നെ അലട്ടിയിരുന്നത്. അതിനു ശേഷം ടീനേജില്‍ കണ്ടപ്പോള്‍ അതിലെ "രാരീ രാരീരം രാരോ" എന്ന ഗാനവും, അതു പാടി പ്രതീക്ഷയുടെ ഒരു എഴുതാപ്പുറം ബാക്കി വെച്ചു പോകുന്ന നായകനും നായികയുമായിരുന്നു മനസ്സില്‍.
പിന്നീട് നായകന്മാരെക്കാള്‍ ഉപരി സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ച് മനസ്സിലാക്കി തുടങ്ങിയ സമയമായപ്പോള്‍ ഇതില്‍ പതിഞ്ഞ സംവിധായകന്‍റെ കൈയ്യൊപ്പിനോടും അദ്ദേഹത്തിന്‍റെ അച്ചടക്കമുള്ള തിരക്കഥയോടും ഒരു പ്രത്യേക ആരാധന തോന്നി.
കഥ, തിരക്കഥ: രഘുനാഥ് പാലേരി, എന്ന് കണ്ടാല്‍ ആ സിനിമ കാണാന്‍ എനിക്ക് മറ്റൊരു കാരണവും വേണ്ടിയിരുന്നില്ല. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഴവില്‍ക്കാവടി, മേലേപ്പറമ്പില്‍ ആണ്‍വീട്, പൊന്മുട്ടയിടുന്ന താറാവ്, പിന്‍ഗാമി എന്നിവ പോലുള്ള നര്‍മ്മ പ്രധാനമുള്ള, കാമ്പുള്ള ഇരുപത്തിയഞ്ചോളം കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ ഇതേ എഴുത്തുകാരന്‍ തന്നെയാണ് പിറവി, വാനപ്രസ്ഥം എന്നിവയുടെയും തിരക്കഥയും ഒരുക്കിയത് എന്നറിഞ്ഞപ്പോള്‍ ഇദ്ധെഹത്തോടുള്ള ആരാധന വര്‍ധിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കയാണ് മിനിഞ്ഞാന്ന് ഉച്ചയ്ക്ക് എഫ് ബിയില്‍ ഒരു മെസേജ് വന്നത്. ചാറ്റ് ബോക്സ് പൊങ്ങി വന്നതേ എന്‍റെ ഹൃദയമിടിപ്പ്‌ നിന്നു. സാക്ഷാല്‍ രഘുനാഥ് പാലേരി. "Please give me your number." "  " "njaan vilikkaam". ഞൊടിയിടയില്‍ മൂന്നു മെസേജുകള്‍.
മരവിച്ചു പോയ എന്‍റെ വിരലുകള്‍ ഞാന്‍ അറിയാതെ തന്നെ എന്‍റെ മൊബൈല്‍ നമ്പര്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊടുത്തു. അടുത്ത സെക്കണ്ടില്‍ തന്നെ മൊബൈല്‍ റിംഗ് ചെയ്തു. ഞാന്‍ ഫോണ്‍ എടുത്തു. ഹലോ എന്ന് പറയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും "ഹ"യ്ക്ക് ശേഷം "ലോ"
തൊണ്ടയില്‍ തന്നെ കുടുങ്ങി നിന്നു. അപ്പോള്‍ മറ്റേ തലയ്ക്കല്‍ നിന്നും,
"പാലേരിയാണ്.."
"സാര്‍ .. മനസ്സിലായി .." ശബ്ദം തപ്പിയെടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
"ആദര്‍ശ് ദാമോദരന്‍... അല്ലെ ... ആ പേരിന്‍റെ അര്‍ത്ഥം എന്താണ് എന്നറിയാമോ ??" ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
"ഉം .. അറിയാം സാര്‍ .. ആദര്‍ശ് എന്നാല്‍ ഐഡിയല്‍, മാതൃക, എന്നൊക്കെയല്ലേ .. പിന്നെ ദാമോദരന്‍ അച്ഛന്‍റെ പേരാണ്" ഞാന്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തി.
"അത് നല്ലതാണ്.. എപ്പോഴും അച്ഛനെ കൂടെ കൂട്ടുന്നത് എന്തിനും നല്ലതാണ്.." പിന്നെ ഒരു പൊട്ടിച്ചിരിയാണ് ഞാന്‍ കേട്ടത്. തീക്ഷണമായ കുടുംബകഥകള്‍ നര്‍മ്മത്തില്‍ ചാലിച്ചു അവതരിപ്പിക്കുന്ന എന്‍റെ ആരാധ്യനായ എഴുത്തുകാരന്‍, ഒറ്റവരിയില്‍ എന്നെ വിവരിച്ചു. ഞാനും കൂടെ ചിരിച്ചു,
അര മണിക്കൂര്‍ പോയത് അറിഞ്ഞതേയില്ല. എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഒന്നു മുതല്‍ പൂജ്യം വരെയിലെ ദീപമോള്‍, ബേബി ഗീതു മോഹന്‍ദാസ്‌ എന്ന സെറ്റിലെ വികൃതിയായ കൊച്ചു പെണ്‍കുട്ടി ദേശീയ അവാര്‍ഡ്‌ നേടിയ പ്രതിഭയായി മാറിയതിനെ കുറിച്ചും, മഴവില്‍ക്കാവടിയിലെ പറവൂര്‍ ഭരതന്‍ ചേട്ടന്‍റെ വാസു എന്ന കഥാപാത്രത്തെ കുറിച്ചും, "എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല" എന്ന ജഗതിയുടെ പ്രശസ്ത ഡയലോഗ് ഉടലെടുത്ത സന്ദര്‍ഭത്തെ കുറിച്ചും, തിരക്കഥ എഴുതുമ്പോള്‍ എഴുത്തുകാരന്‍ ഓരോ കഥാപാത്രമായി മാറുന്നതിനെ കുറിച്ചും, എല്ലാം അദ്ദേഹം മടികൂടാതെ വിവരിച്ചു തന്നു.
കുറച്ചു നേരം എന്‍റെ എഴുത്തുകളെ കുറിച്ചും സംസാരിച്ചു, അതില്‍ ഞാന്‍ വിവരിച്ച ചില സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും പേരെടുത്ത് പറഞ്ഞപ്പോള്‍, സത്യം പറഞ്ഞാല്‍ മനസ്സ് ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിനിന്നു. അടുത്ത പ്രാവശ്യം കൊച്ചിയില്‍ ചെല്ലുമ്പോള്‍ വീട്ടിലേക്ക് ചെല്ലാനുള്ള ക്ഷണവും തന്നു ഫോണ്‍ വെച്ചപ്പോള്‍ ഒരു ലോകം കീഴടിക്കിയ സന്തോഷമായിരുന്നു ഉള്ളില്‍.
എന്‍റെ മനസ്സിലേക്ക് ദീപമോളും മമ്മിയും ടെലിഫോണ്‍ അങ്കിളും ഓടിയെത്തി. ഞാന്‍ വീണ്ടും മൊബൈല്‍ ഡയല്‍ പാഡ് സ്ക്രീനിലേക്ക് നോക്കി. ഞാന്‍ അതില്‍ കണ്ടു, ആദ്യത്തെ സംഖ്യ ഒന്നും ഏറ്റവു അവസാനമായി പൂജ്യവും.. അതെ ... ഒന്നു മുതല്‍ പൂജ്യം വരെ .. ഞാന്‍ കോള്‍ വന്ന നമ്പര്‍ എടുത്തു .. സേവ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയാമായിരുന്നു .. ഞാനത് ചെയ്തു ... "ടെലിഫോണ്‍ അങ്കിള്‍"

No comments:

Post a Comment