Monday, June 16, 2014

അപ്പൂപ്പന്‍താടികള്‍

കൊച്ചു കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ !! ഒരു പുതിയ കളിപ്പാട്ടം കിട്ടിയാല്‍ അവരത് ജീവനുതുല്യമായി കൊണ്ടുനടക്കും. കൂട്ടുക്കാരെയൊക്കെ വിളിച്ചു കാണിക്കും, എങ്കിലും അവര്‍ അത് ആര്‍ക്കും ഒന്നു തൊടാന്‍ പോലും കൊടുക്കില്ല. ഒരു രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ അവരത് അത്രയ്ക്ക് ശ്രദ്ധിക്കാതെ വീട്ടില്‍ എവിടെയെങ്കിലും വലിച്ചു വാരി ഇട്ടിട്ടുണ്ടാകും. പക്ഷെ, അപ്പോഴും കൊച്ചുകൂട്ടുകാര്‍ ആരെങ്കിലും വീട്ടിലേക്ക് വന്നാല്‍ വീണ്ടും അതൊരു നിധിയായി മാറും, അവര്‍ ഓടിച്ചെന്ന് അത് മറ്റുള്ളവര്‍ക്ക് കൊടുക്കാതെ അള്ളിപ്പിടിച്ചു കൊണ്ടിരിക്കും.
അതിനു ശേഷം കുറച്ചുനാള്‍ കഴിഞ്ഞ് അതിനെ ആവോളം ആസ്വദിച്ചു കഴിയുമ്പോള്‍, അത് അവരുടെ കൂട്ടുകാര്‍ കൂടി അനുഭവിച്ചറിയണം എന്നാവും അവരുടെ മനസ്സില്‍. പെട്ടന്നാണ് ഈ വ്യതിയാനം, താന്‍ ഇത്രയും നാള്‍ അനുഭവിച്ച ഈ സ്വകാര്യ സന്തോഷം കൂട്ടുകാരും അറിയണം എന്ന കൊച്ചു അഹങ്കാരം, അതാണ്‌ ഈ മനംമാറ്റത്തിനുള്ള കാരണം. കുഞ്ഞുങ്ങളുടെ മനസ്സ് അങ്ങനെയാണ്, വലിയവര്‍ക്ക് അത് ഒരിക്കലും മനസ്സിലാക്കാന്‍ പറ്റില്ല.
ഒരിക്കല്‍ നാലുവയസ്സുകാരിയായ ജിഷമോള്‍ടെ അമ്മാവന്‍ നിധി പോലൊരു കളിപ്പാട്ടം കൊണ്ടു വന്നു. ജിഷമോള്‍ അത് എല്ലാ കൂട്ടുകാരെയും കാണിച്ചുകൊടുത്തു. അക്കൂട്ടത്തില്‍ വിനുവും ഉണ്ടായിരുന്നു. വിനുവിനും നാലു വയസ്സേ ഉള്ളൂ. കോളനിയിലെ വാച്ച്മാന്‍ ശങ്കരന്‍റെ മകനാണ്. വിനുവിന് കളിപ്പാട്ടം ഒത്തിരി ഇഷ്ടപ്പെട്ടു. കീ കൊടുത്താല്‍ കുറച്ചു ദൂരം ഓടിയതിനു ശേഷം വായുവില്‍ പറക്കുന്ന വെള്ള നിറമുള്ള ആനയായിരുന്നു അമ്മാവന്‍ ജിഷമോള്‍ക്ക് വേണ്ടി ദുബായില്‍ നിന്നും കൊണ്ട് വന്നത്.
മറ്റു കുട്ടികളെ പോലെ വിനുവും അത് നോക്കി നിന്നതേയുള്ളൂ, ഒന്നു തൊടാന്‍ പോലും ജിഷ മോള്‍ സമ്മതിച്ചില്ല. എല്ലാ കൂട്ടുകാര്‍ക്കും അത് പറത്തണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു സാഹചര്യവും ഒത്തുവന്നിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അഞ്ചാം ദിവസം, ജിഷമോള്‍ ആനയെ ഊഞ്ഞാലില്‍ വെച്ചിട്ട് അശ്രദ്ധമായി മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരുന്നത്. ആനയെ പറത്താന്‍ ഇതിലും നല്ലൊരു അവസരം ഇല്ലെന്നു വിനുവിന് മനസ്സിലായി.
വിനു പതിയെ ചെന്ന് ആനയെ എടുത്ത് കീ കൊടുക്കാന്‍ തുടങ്ങി. ജിഷമോള്‍ ഇത് കാണുന്നുണ്ടോ എന്ന് ഇടക്കണ്ണിട്ട് നോക്കി. ഇല്ല ... കാണുന്നില്ല... വിനു ആനയെ നിലത്തു വിട്ടു. ആന പയ്യെ പയ്യെ നിലത്തു കൂടെ ഓടിയതിനു ശേഷം ഒറ്റ കുതിപ്പ്... അത് ചിറകടിച്ചു പറക്കാന്‍ തുടങ്ങി, വിനുവിന് സന്തോഷം അടക്കി വെക്കാന്‍ കഴിഞ്ഞില്ല. അവന്‍ സന്തോഷത്തോടെ മതിമറന്നു കൈയ്യടിച്ചു.
എല്ലാ കൂട്ടുകാരും ഓടിവന്നു അടുത്തുകൂടി. അവരും കൈയ്യടിക്കാന്‍ തുടങ്ങി. പക്ഷെ ജിഷമോള്‍ മാത്രം കൈ അടിച്ചില്ല. ആ കൊച്ചു പെണ്‍കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി. അവള്‍ ഓടി ചെന്ന് ആ ആനയെ കൈയ്യെത്തി പിടിച്ചു, ഉച്ചത്തില്‍ കരഞ്ഞുകൊണ്ട്‌ വീട്ടിലേക്ക് ഓടി. കുറച്ചു കഴിഞ്ഞ് ജിഷമോള്‍ടെ മമ്മി വിനുവിന്‍റെ കൊച്ചു വീട്ടിലേക്ക് പോകുന്നത് കുട്ടികള്‍ കണ്ടു. അതിനുശേഷം വിനുവിന്‍റെ അമ്മ വന്ന് ഒരു വടി പറിച്ച് അവനെ അടിക്കുന്നതും കണ്ടു. വിനു കരഞ്ഞുകൊണ്ട് അവരുടെ കൂടെ വീട്ടിലേക്കും പോയി.
രണ്ടു ദിവസം കഴിഞ്ഞ് ജിഷമോള്‍ വീണ്ടും ആനയെ കൊണ്ട് പാര്‍ക്കില്‍ കളിക്കാന്‍ എത്തി. ഇത്തവണ അവള്‍ എല്ലാവര്‍ക്കും കളിക്കാന്‍ കൊടുത്തു. വിനുവിനും കൊടുത്തു. അവര്‍ തമ്മില്‍ യാതൊരു പിണക്കവും ഇല്ലായിരുന്നു. പക്ഷെ, ഇപ്പോഴും ജിഷമോള്‍ടെ മമ്മിയും വിനുവിന്‍റെ അമ്മയും പരസ്പരം കണ്ടാല്‍ മിണ്ടാറില്ല, അതിന്‍റെ കാരണമാകട്ടെ ആ രണ്ടു കൊച്ചു കുട്ടികള്‍ക്ക് ഇപ്പോഴും അറിയില്ല താനും

No comments:

Post a Comment