Sunday, June 22, 2014

സനത് പോസ്റ്റ്‌

സനതേട്ടന്‍റെ Sanath Mpm ഇന്നലത്തെ പോസ്റ്റ്‌ കണ്ടപ്പോള്‍ അതൊരു തമാശയായാണ് ആദ്യം തോന്നിയത്, പക്ഷെ അതിനു താഴെ വന്ന ക്രിയാത്മകമായ പല കമന്റുകളും കണ്ടപ്പോള്‍ അന്തം വിട്ടു പോയി. 

"പ്രിയ കൂട്ടുകാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരന്‍ / എഴുത്തുകാരി ആരാണ്" എന്നായിരുന്നു പോസ്റ്റിലെ ചോദ്യം. 

ഒരു വര്‍ഷം മുന്‍പാണ് ഈ പോസ്റ്റ്‌ ഇടുന്നതെങ്കില്‍ അതില്‍ കമന്‍റായിട്ട് ഒരു പത്തില്‍ കൂടുതല്‍ ആള്‍ക്കാരുടെ പേര് കാണാന്‍ സാധിക്കില്ലായിരുന്നു, കാരണം അന്ന് അത്രത്തോളം പേര്‍ മാത്രമേ എഴുത്തില്‍ സജീവമായിട്ടു ഉണ്ടായിരുന്നുള്ളൂ. പക്ഷെ, ഇന്നിപ്പോള്‍ എഴുപത്തഞ്ചോളം ആള്‍ക്കാര്‍ ആണ് അതില്‍ പരാമര്‍ശിക്കപ്പെട്ടത്.

പറഞ്ഞു വന്നത് എന്താണെന്നുവെച്ചാല്‍ ന്യൂ ജനറേഷന്‍ മലയാളികള്‍ക്കിടയില്‍ വായനയും എഴുത്തും തിരിച്ചു കൊണ്ടുവരാന്‍ ഈ മുഖപുസ്തകം വഹിച്ച പങ്ക് ചില്ലറയല്ല.

സ്വയം തിരിച്ചറിയാതെ ഹൃദയത്തിലെ ആമാടപ്പെട്ടിയില്‍ ഒതുങ്ങികൂടിയിരുന്ന അക്ഷരക്കൂട്ടുകള്‍, ഭാഷയുടെ ശക്തി കൊണ്ട് തിളങ്ങുന്ന വാക്യങ്ങളും വരികളും ആയി മാറി. പ്രാരാബ്ധങ്ങളുടെയും പ്രതിസന്ധികളുടെയും നടുവില്‍ നമ്മള്‍ നമ്മളെ തന്നെ കണ്ടെത്തുമ്പോള്‍, നമ്മുടെ കഴിവുകളെ തിരിച്ചറിയുമ്പോള്‍, അത് വലിയൊരു ആശ്വാസം ആയി മാറി. സ്നേഹിക്കാനും സ്നേഹിക്കപെടാനും ഭൂഗോളത്തിന്‍റെ വിവിധ കോണില്‍ ഇതുവരെ നേരില്‍ കാണാത്ത അനവധി കൂട്ടുകാര്‍ ഉണ്ടെന്നു മനസ്സിലായപ്പോള്‍ അത് സ്നേഹാദരങ്ങളുടെ കൂട്ടായ്മയായി മാറി.

ഇനി അടുത്ത വര്‍ഷം ഇതേപോലൊരു ചോദ്യം വന്നാല്‍ അന്ന് നമുക്ക് ഈ എഴുപത്തിയഞ്ച് അല്ലാതെ വേറെയും ഒരു ഇരുന്നൂറോളം പേരുകള്‍ വായിക്കാന്‍ കഴിയും എന്നാണ് എന്‍റെ വിശ്വാസം, കാരണം, ഇവിടെ ഇന്നെഴുതുന്ന ഓരോ എഴുത്തുകാരും ഓരോ പുതിയ വായനകാര്‍ക്ക് പ്രചോദനമാണ്. അവരുടെ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ പൊടിതട്ടിയെടുത്തു പുറത്തുകൊണ്ടുവരാനുള്ള ദിശാസൂചികകളാണ്, നേരത്തെ ഞാന്‍ പറഞ്ഞ ആ പത്തോളം പേര്‍ ഇന്നത്തെ എഴുത്തുകാര്‍ക്ക് മത്രുകയായാതു പോലെ.

നവ എഴുത്തുകാരെ ആശംസകള്‍ അഭിനന്ദനങ്ങള്‍.

No comments:

Post a Comment