Thursday, June 5, 2014

അവന്‍ അനിരുദ്ധന്‍

ഉമ്മറത്തിരുന്ന് അലസമായൊരു അവധിദിനം തള്ളിനീക്കുമ്പോഴാണ്, ഗേറ്റിന്‍റെ കൊളുത്ത് തുറന്ന് അവന്‍ അകത്തുകടന്നു വന്നത്. 

ചുട്ടുപൊള്ളുന്ന വെയിലിന്‍റെ തീക്ഷ്ണത കൊണ്ടാവാം, അവന്‍റെ കരുവാളിച്ച ചുണ്ടുകളില്‍ വിണ്ടുകീറിയ ചോര ഉണങ്ങിപ്പിടിച്ചിരുന്നു. പൊടിപിടിച്ച സിറ്റൌട്ടില്‍ അനുവാദം ചോദിക്കാതെ അവന്‍ തളര്‍ന്നിരിന്നു. നീലപൂക്കളുള്ള ഒരു വെള്ള തൂവാല കൊണ്ടവന്‍ മുഖം തുടച്ചു.

"ചേട്ടാ, കുടിക്കാനിച്ചിരി വെള്ളം വേണായിരുന്നു."
"ഇത് മതിയോ, കുടിച്ചതിന്‍റെ ബാക്കിയാ " താഴെ വെച്ചിരിക്കുന്ന സ്റ്റീല്‍ കപ്പ്‌ എടുത്തു കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
"അതിനിപ്പോ എന്താ, വെള്ളം കുടിക്കാനുള്ളതല്ലേ സാറേ." അവന്‍റെ നര്‍മ്മത്തില്‍ ചാലിച്ച പക്വമായ മറുപടി എനിക്കിഷ്ടപ്പെട്ടു.

കുറച്ചു കുടിച്ചതിനു ശേഷം അവന്‍ ബാക്കിയുള്ള വെള്ളം കൊണ്ട് മുഖം കഴുകി. സഞ്ചി വലിച്ചടുത്തുവെച്ചു. അപ്പോഴാണ്‌ ഞാനതിനകത്തുള്ള കിലുങ്ങുന്ന ഇരുമ്പിന്‍റെ ശബ്ദം ശ്രദ്ധിച്ചത്.

" എന്താടോ ഇതിനുള്ളില്‍ .. ങ്ങേ.. " ഞാന്‍ ചോദിച്ചു.
" ചേട്ടാ, എന്‍റെ അച്ഛന്‍ ഒരു കൊല്ലനാണ്, ഈ കത്തിയൊക്കെ അച്ഛന്‍ ഉണ്ടാക്കിയതാ. ഞങ്ങടെ നാട്ടിലാണെങ്കില്‍ എല്ലാ വീട്ടിലും കത്തികളുണ്ട്. കടേല്‍ കൊടുത്താല്‍ ഒരു ലാഭവും കിട്ടില്ല. "
അവന്‍ കത്തികള്‍ ഓരോന്നായ് പുറത്തെടുത്തു വെച്ചുകൊണ്ട് പറഞ്ഞു.

" എവിടെയാ മോന്‍റെ വീട്, ഇത്രയും കത്തികള്‍ സഞ്ചിക്കകത്തിട്ട് കറങ്ങുന്നത് അപകടമാണെന്നറിയില്ലേ ?" ചേട്ടാ എന്നുള്ള അവന്‍റെ വിളിയുടെ അധികാരം കൊണ്ട് ഞാന്‍ ചോദിച്ചു.

"അത് നേരാ, പക്ഷെ പിള്ളേരാവുമ്പോ ആരും ഇതൊന്നും തുറന്നു നോക്കില്ല. എന്‍റെ വീട് അങ്ങ് കോലഞ്ചേരിയിലാ. രാവിലെ ഇറങ്ങിയതാ. ഒരു നാലെണ്ണം കൂടി വിറ്റാല്‍ തിരിച്ചുപോകാം." അവന്‍ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

" ഓ.. അപ്പൊ നിനക്ക് തിരിച്ചു വീട്ടിലെത്താന്‍ ഞാന്‍ നാലെണ്ണം വാങ്ങണമെന്ന് .. കൊള്ളാല്ലോ ചെക്കാ നീ " ഇറച്ചി നുറുക്കുന്ന ഒരു കത്തിയുടെ മൂര്‍ച്ച നോക്കി കൊണ്ട് ഞാന്‍ ചിരിച്ചു.

പെട്ടെന്നവന്‍ കുടാകുടാ ചിരിക്കാന്‍ തുടങ്ങി. നിഷ്കളങ്കത നിറഞ്ഞുതുളുമ്പുന്ന ആ കണ്ണുകളുടെ തിളക്കം വീണ്ടും വര്‍ദ്ധിച്ചു.

" അയ്യോ, അത് വേണ്ട, ചേട്ടന്‍ ഒന്നോ രണ്ടോ വാങ്ങിയാല്‍ മതി. ഇപ്പൊ രണ്ടു മണിയായതല്ലേയുള്ളൂ. ഇനീം സമയമുണ്ടല്ലോ. കൊറേ വീടുകളും ഉണ്ട്. ഒരു പത്തിടത്ത് കൂടി കയറിയാല്‍, ബാക്കീം കൂടെ വിറ്റു കിട്ടും" അവന്‍ മറ്റൊരു കത്തിയെടുത്ത് നീട്ടികൊണ്ട് പറഞ്ഞു.

" നീ എന്തിനാ ഇതൊക്കെ വിക്കാന്‍ നടക്കുന്നത്, നീ സ്കൂളിലൊന്നും പോകാറില്ലേ "

" അയ്യോ.. സ്കൂളീ പോകുന്നോണ്ട് തന്ന്യാ ഞാനിത് വിക്കാനിറങ്ങിയത്. അടുത്ത മാസം മലമ്പുഴയിലോട്ട് ഒരു സ്റ്റഡി ടൂര്‍ ഉണ്ട്. അച്ഛനോട് ചോദിച്ചപ്പോ പൈസ ഇല്ലാ എന്ന് പറഞ്ഞു. അപ്പൊ ഞാന്‍ പറഞ്ഞു, ഇത് വിറ്റ് കിട്ടുന്ന ലാഭം കൊണ്ട് ഞാന്‍ പൊക്കോളാമെന്ന്. അങ്ങനെ ഇറങ്ങിത്തിരിച്ചതാ"

"മോന്‍ എത്രേലാ പഠിക്കുന്നെ... ദാ .. ഇത് വേണ്ട, ചെറിയോരെണ്ണം മതി" ഞാന്‍ ഇറച്ചിക്കത്തി തിരിച്ചു കൊടുത്തു.

" എട്ടിലാ ചേട്ടാ, ക്ലാസ്സിലുള്ള പിള്ളേരൊക്കെ പോകുന്നുണ്ട്. അത് കൊണ്ടാ."

അവന്‍ കത്തി സഞ്ചിയില്‍ തിരിച്ചിട്ടു. പുതിയൊരു കത്തി വലിച്ചെടുത്തു. അപ്പോഴാണ് മറ്റൊരു കത്തിയുടെ അറ്റം കൊണ്ടതും, വിരല്‍ മുറിഞ്ഞതും, അവന്‍ അമ്മേ എന്ന് ഒച്ച വെച്ചതും. അവന്‍ വലിച്ചെടുത്ത കത്തി നിലത്തിട്ട്, വിരല്‍ വായിലിട്ടു. കണ്ണുകളിലൂടെ വേദന നിറഞ്ഞൊഴുകി.

ഞാന്‍ അവനെ അടുത്തുള്ള പൈപ്പിന്‍റെ കീഴില്‍ കൊണ്ടുപോയി. ചോര നില്‍ക്കുന്നില്ല. അകത്തു പോയി ഡെറ്റോളും ഐസ്ക്യൂബും കൊണ്ട് വന്നു. അവന്‍ അവന്‍റെ കൈയ്യിലുള്ള തൂവാല കൊണ്ട് വിരല്‍ അമര്‍ത്തി പിടിച്ച്, മുട്ടുകള്‍ക്കിടയില്‍ മുഖം താഴ്ത്തി ഇരുന്നു.

നീലപൂക്കളുള്ള ആ വെള്ള തൂവാലയില്‍ അങ്ങിങ്ങായി ചോരക്കറ പടര്‍ന്നിരുന്നു. എനിക്ക് ദേഷ്യം വന്നു.

" നിന്‍റെ പ്രായത്തിനൊത്ത കാര്യങ്ങള്‍ ചെയ്‌താല്‍ പോരെ. അറിയാത്ത പണിക്ക് ഇറങ്ങി തിരിച്ചോളും. അച്ഛന്റെ നമ്പര്‍ താ, ഞാനൊന്ന് വിളിക്കട്ടെ. "

" അയ്യോ ചേട്ടാ.. അത് വേണ്ട, ഇതൊക്കെ അറിഞ്ഞാല്‍ പിന്നെ നാളെ എന്നെ വിടൂല്ല. "

" അതിനു വേണ്ടി തന്നെയാ .. നീ നമ്പര്‍ താ, ഇല്ലെങ്കില്‍ നിന്‍റെ കത്തികളെല്ലാം ഞാന്‍ ഇവിടെ പൂട്ടിവെക്കും. "

ഗത്യന്തരമില്ലാതെ അവന്‍ നമ്പര്‍ തന്നു. ഞാനതിലോട്ട് വിളിച്ചു.

" ഹലോ"
" ഹലോ, ഞാന്‍ കൊച്ചിയില്‍ നിന്നാണ്. നിങ്ങളുടെ മകന്‍ ... " അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്, ഇതുവരെ അവന്‍റെ പേര് ചോദിച്ചിട്ടില്ലല്ലോയെന്ന്‍.

" എന്താ നിന്‍റെ പേര് "
"അനി .. ചേട്ടാ ഒന്നും പറയല്ലേ പ്ലീസ് " അവന്‍ കെഞ്ചികൊണ്ട് പറഞ്ഞു.

" ഹലോ, അനില്‍ നിങ്ങടെ മോനാണോ " ഞാന്‍ അങ്ങേ തലക്കലുള്ള അവന്‍റെ അച്ഛനോട് ചോദിച്ചു.
" അനില്‍ അല്ല സര്‍, അനിരുദ്ധന്‍, അതാണ്‌ അവന്‍റെ പേര്. എന്താ .. എന്ത് പറ്റി സര്‍ "
" നിങ്ങളെന്തിനാ കുട്ടികളുടെ കൈയ്യില്‍ ഇങ്ങനെ അപകടം പിടിച്ച സാധനങ്ങള്‍ കൊടുത്തു വിടുന്നത്. അതും ഇത്രേം ദൂരേയ്ക്ക്. "

" അയ്യോ സാറെ, അവന്‍ കൊച്ചിയിലോട്ടാണോ വന്നത്. ഇവിടെ അടുത്ത് ഏതോ കടയില്‍ നല്ല ലാഭം കിട്ടുമെന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ കൊടുത്തത്. ഇവിടെ ഒരു സ്വൈര്യവും തരുന്നില്ലായിരുന്നു. "

" സ്റ്റഡി ടൂറിനു പോകാന്‍ വേണ്ടി കാശ് ഉണ്ടാക്കാനാണെന്നാ പറയുന്നത്. അത് നിങ്ങള്‍ക്ക് കൊടുത്താല്‍ പോരെ. എന്തിനാ വെറുതെ പിള്ളേരെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്. ഇപ്പൊ ഇതാ കൈയും മുറിഞ്ഞു. നല്ലോണം ചോരയും പോയിട്ടുണ്ട്."

ഞാനിത് പറയുമ്പോള്‍ അനിരുദ്ധന്‍ ദയനീയമായി എന്നെ നോക്കി കൊണ്ടിരുന്നു. മറുപടി എന്തായിരിക്കും എന്നവന്‍ ഊഹിച്ചെടുത്ത പോലെ.

"എന്‍റെ സാറേ, അതൊന്നുമല്ല കാര്യം. തള്ളയില്ലാത്ത പിള്ളേരാ. മൂത്തത് രണ്ടെണ്ണം പെമ്പിള്ളാരാ. ഒരാള്‍ പത്തിലും, മൂത്തത് പന്ത്രണ്ടിലും. എനിക്കാണേല്‍ ഒരു കൈ മേലാ. ഒറ്റകൈയും കൊണ്ടാ ഇതൊക്കെ ഒണ്ടാക്കുന്നത്. ഇവള്മാര്‍ക്ക് പുതിയ യൂണിഫോം വേണമെന്ന്‍ പറഞ്ഞ് ഒരാഴ്ച്ചയായി ബഹളാ. അവരെ പറഞ്ഞിട്ടും കാര്യമില്ല, കഴിഞ്ഞ കൊല്ലവും പുതിയതൊന്നും വാങ്ങിച്ചിട്ടില്ല, വളര്‍ന്നു വരുന്ന പെണ്‍കുട്ടികളല്ലേ."

ഞാന്‍ അനിരുദ്ധനെ നോക്കി. അവന്‍ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. അങ്ങേ തലക്കല്‍ അവന്‍റെ അച്ഛന്‍ വീണ്ടും തുടര്‍ന്നു. മകന്‍ പഠിത്തത്തിലും സ്പോര്‍ട്സിലും ഒന്നാമനാണെന്നും, നന്നായി പാട്ടു പാടുമെന്നും പറഞ്ഞു.

"അനിരുദ്ധന്‍, വളരെ നല്ല പേര്, നല്ലൊരു എടുപ്പുണ്ട്. " ഞാന്‍ അവന്‍റെ അച്ഛനോട് പറഞ്ഞു.
" ഹാഹാഹാ .. സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് ഇട്ടതാ. വലുതാകുമ്പോള്‍ ഇവനൊരു പോലീസാകണം എന്നാണ് ആഗ്രഹം. " വളരെ അടുപ്പമുള്ള ഒരാളോടെന്ന പോലെ നിറഞ്ഞ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.

ഞാന്‍ അനിരുദ്ധനോട് ആംഗ്യത്തില്‍ അവന് സംസാരിക്കണോ എന്ന് ചോദിച്ചു. അവന്‍ കൈകൂപ്പിക്കൊണ്ട് വേണ്ട എന്ന് പറഞ്ഞു. ഒരു രണ്ടു മിനിറ്റ് കൂടി അദ്ദേഹം വാ തോരാതെ സംസാരിച്ചു. എപ്പോഴെങ്കിലും കാണാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട്‌ ചെയ്തു.

"അപ്പൊ ഇതായിരുന്നു ഉദ്ധേശമല്ലേ." ഞാനവന്റെ തോളില്‍ തട്ടികൊണ്ട് പറഞ്ഞു.

പക്ഷെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആത്മാഭിമാനത്തിന് ക്ഷതമേറ്റ ഒരുവനെപോലെ അവന്‍ മുഖം താഴ്ത്തി നിന്നു.

"ഒരു കത്തിക്ക് എത്രയാ", ഞാന്‍ വിഷയം മാറ്റി വിഷയത്തിലേക്ക് വന്നു.

" അത് ചേട്ടാ, വലുതിന് മുന്നൂറും, ചെറുതിന് ഇരുന്നൂറും.. വെളിയിലാണേല്‍ നൂറു നൂറ്റമ്പത് കൂടുതല്‍ കൊടുക്കണം" അവന്‍ വീണ്ടും ഊര്‍ജ്ജസ്വലനായി.

" അപ്പൊ നിനക്ക് ആയിരം രൂപ കൂടി വേണമല്ലേ.. ശരി ഇത് നാലും ഞാനെടുക്കാം. ഇങ്ങു തന്നേരെ. എന്നിട്ട് എത്രയും പെട്ടെന്ന്‍ വീട്ടീ ചെല്ലാന്‍ നോക്ക്"

" അത് വേണ്ട ചേട്ടാ.. ചേട്ടനെന്തിനാ നാല് കത്തികള്‍, ഒരെണ്ണം പോരെ. ദാ.. ഇതിന്‍റെ കാശ് തന്നാ മതി. മുന്നൂറു രൂപ. ഞാന്‍ പറഞ്ഞില്ലേ, കുറച്ചു വീടുകളില്‍ കൂടി കയറിയാല്‍ ഇതങ്ങു തീരും. നാല് മണിക്കുള്ള ബസില്‍ എനിക്ക് വീട്ടിലോട്ടും പോകാം. "

ഒരു പന്ത്രണ്ടു വയസ്സുള്ള എട്ടാംക്ലാസ്സുകാരന്‍റെ ദുരഭിമാനമായിരുന്നില്ല ആ വാക്കുകളില്‍, മറിച്ച്, ജീവിതനൗക കരയ്ക്കടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാവശ്യ പ്രലോഭനങ്ങളില്‍ വീണുപോകാന്‍ പാടില്ലയെന്ന്‍, ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയെടുത്ത പക്വമായ ഒരു തിരിച്ചറിവായിരുന്നു അത്.

മുന്നൂറു രൂപയ്ക്ക് കത്തിയും കൈയില്‍ തന്ന് ഗേറ്റ് കടന്നവന്‍ മറയുമ്പോള്‍, ഒരു കാര്യം എനിക്ക് തീര്‍ച്ചയായിരുന്നു. നാളത്തെ തലമുറ ഇവനെ അറിയും.
വെറും അനിയായിട്ടല്ല. ഇവന്‍ അറിയപ്പെടുക ഇങ്ങനെയായിരിക്കും.

സിറ്റി പോലീസ് കമ്മീഷണര്‍ , അനിരുദ്ധന്‍ I.P.S

No comments:

Post a Comment