"ദ്ദ് ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും തോന്നുന്നതാ .. മക്കളെ ഇഷ്ടോല്ലാത്ത അച്ഛനമ്മമാര്‍ ഉണ്ടോ..??"
"ന്നിട്ടാ .. നിക്ക് ഇങ്ങന്യൊരു പേരിട്ടേ ..."
"ആട്ടെ.. ന്താ മോന്‍റെ പേര് .. ??"
അപ്പോഴാണ് ചക്രപാണിക്ക് ഓര്‍മ്മവന്നത്, ഏകദേശം രണ്ടാഴ്ച്ച ആകാറായി താന്‍ ഈ അപ്പൂപ്പനോട് ചങ്ങാത്തം കൂടിയിട്ട്, പക്ഷെ ഇന്നേവരെ തന്‍റെ പേര് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും ഈ പാര്‍ക്കിലെ ബെഞ്ചിലിരുന്നു എന്തൊക്കെ പറഞ്ഞിട്ടുണ്ട്, എന്നിട്ടും പേര് മാത്രം പറഞ്ഞിട്ടില്ല. ശ്ശൊ.. കഷ്ടം .. അവനു സങ്കടം വന്നു.
"ചക്രപാണി.. അതാ ന്‍റെ പേര് .." അവന്‍ മുഖം കനപ്പിച്ചുകൊണ്ട് പറഞ്ഞു.
"അയ്യേ .. ന്തൂട്ട് പേരാ ഇത് .. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് ആരെങ്കിലും ഇങ്ങനെയൊരു പേരിട്വോ .." വൃദ്ധന്‍ കണ്ണും തള്ളിക്കൊണ്ട് പറഞ്ഞു.
"അതോണ്ടന്ന്യാ ഞാനും പറഞ്ഞെ .. അച്ഛനും അമ്മയ്ക്കും എന്നെ തീരെ ഇഷ്ടോല്ലാ ന്ന്.. എല്ലാര്‍ക്കും അനുജത്തി പ്രിയേയാ ഇഷ്ടം .. ആറു കൊല്ലം മുന്‍പ് വന്ന എന്നെക്കാളും അവര്‍ക്കിഷ്ടം ഒരു വയസ്സുള്ള അവളെയാണ്.." ഗദ്ഗദം മുഴങ്ങുന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു.
"അനുജത്തിയുടെ പേര് പ്രിയ എന്നാണോ..?"
"അല്ല.. ശരിക്കും പേര് .. പ്രിയംവദ ന്നാ .. അതും അച്ഛന്‍ തന്നെ ഇട്ടതാ .. പക്ഷെ ന്നാലും പ്രിയാ ന്ന് വിളിക്കുമ്പോ പഴേത് ന്ന് തോന്നൂല്ല .. "
"ഹാഹാഹാ .."
"ചിരിക്ക്യാ .. നിക്കെത്ര സങ്കടംണ്ട് ന്നറിയോ .. അവളെ പ്രിയ എന്നെങ്കിലും വിളിക്കാം .. ന്നെ ചക്ര ന്ന് വിളിക്കാന്‍ പറ്റ്വോ.. പാണി ന്ന് വിളിക്കാന്‍ പറ്റ്വോ .. ഓരോരുത്തര് ചക്രപാണീ .. ചക്രപാണീ ന്ന് നീട്ടി വിളിക്കുമ്പോ തൊലി... ദാ ഇങ്ങനെയങ്ങ് ഉരിഞ്ഞു പോവും.." ചക്രപാണി വലതുകൈയ്യിലെ തൊലി താഴോട്ടു വലിച്ചു നീട്ടിക്കൊണ്ട് പറഞ്ഞു.
വൃദ്ധന്‍ അവനെ ഒന്നുകൂടി അടുത്തിരുത്തി, ആ ഉള്ളംകൈയ്യില്‍ മൃദുവായി തലോടി, "സാരമില്ല .. പോട്ടെ.."
"ന്നാ ശരി.. ഞാനും പോട്ടെ .. ഇല്ലെങ്കില്‍ വൈകി ചെന്നതിനു ഇന്നും അമ്മ വഴക്കു പറയും." ചക്രപാണി കൈ വിടുവിച്ചു ഓടാന്‍ ഒരുങ്ങി.
"നാളെ വരൂല്ലേ ..??" വൃദ്ധന്‍ സങ്കടത്തോടെ ചോദിച്ചു..
"നിക്കും എന്നും വരണംന്ന്ണ്ട് .. പക്ഷെ ആ വിനു... ഇന്നലേം അവന്‍ അമ്മയോട് ചെന്നു പറഞ്ഞു, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുന്നുണ്ട് എന്ന്.."
"മോനത് കാര്യാക്കണ്ട .. അതവന്‍ അസൂയ കൊണ്ട് പറയുന്നതല്ലേ .."
"വിനുവിന് എന്തിനാ എന്നോട് അസൂയ.." ചക്രപാണി കൈ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു, അവനു പോകാന്‍ ധ്രിതി ആയെന്നു അയാള്‍ക്ക് മനസ്സിലായി.
"അത് .. മോന് മാത്രമല്ലെ അപ്പൂപ്പനെ കാണാന്‍ പറ്റൂ.. മറ്റാര്‍ക്കും കാണാന്‍ പറ്റില്ലല്ലോ .. അതോണ്ടാ .."
ചക്രപാണിക്ക് അത് വിശ്വസിക്കാന്‍ തോന്നിയില്ല.. പക്ഷെ വിനുവെങ്ങാനം ഇത് കണ്ടാല്‍ വീട്ടില്‍ പറഞ്ഞു കൊടുക്കും എന്നുള്ളതുകൊണ്ടും, അമ്മ വഴക്കു പറയും എന്നുള്ളതുകൊണ്ടും, അവന്‍ വീട്ടിലേക്ക് ഓടി. അപ്പോഴാണ് അവന്‍ ഓര്‍ത്തത് .. 'ശ്ശൊ .. അപ്പൂപ്പന്‍റെ പേര് ചോദിച്ചില്ലല്ലോ..??'
അവന്‍ ഓടിക്കിതച്ചുക്കൊണ്ട് തിരിച്ചെത്തി. അപ്പൂപ്പന്‍ അവിടെ തന്നെ ഉണ്ടായിരുന്നു.
"ന്താ .. ന്താ .. അപ്പൂപ്പന്‍റെ പേര്.." അവന്‍ കിതച്ചുകൊണ്ട് ചോദിച്ചു.
വൃദ്ധന്‍ നിഷ്കളങ്കമായി അവനെ നോക്കി ചിരിച്ചു. അപ്പോള്‍ അവനു അയാളുടെ കണ്ണുകളില്‍ അവന്‍റെ പ്രതിബിംബം കാണാമായിരുന്നു. ആ വിളറിച്ച കണ്ണുകള്‍ പ്രകാശപൂര്‍ണ്ണമായി. അയാളുടെ മുഖത്തെ ചുളിവുകള്‍ നിവരുന്നതായി അവനു തോന്നി. തന്‍റെ മൂക്കിന്‍റെ ഇടതു വശത്തുള്ളതു പോലൊരു മറുക് അതാ അയാള്‍ക്കും.. അതും കൃത്യം അവിടെ തന്നെ. അവന്‍ വീണ്ടും അയാളോട് പേര് ചോദിച്ചു.
അയാള്‍ ചിരിച്ചുകൊണ്ട് തന്‍റെ പേര് പറഞ്ഞു,
"ചക്രപാണി.."
"ചക്രപാണി.."
അവന്‍ സന്തോഷത്താല്‍ തുള്ളിച്ചാടിക്കൊണ്ട്, വീട്ടിലേക്ക് ഓടി.
No comments:
Post a Comment