Sunday, July 27, 2014

ഡേവിസ് മാഷ്‌

"എടാ ചെക്കാ, നീയിത് മുഴുവനും ഇരുന്നു വായിച്ചു പഠിക്കണം, നാളത്തെ ചോദ്യങ്ങള്‍ ഇതില്‍ നിന്നാകാനാണ് സാധ്യത. " 100 Famous Personalities in World History എന്ന പുസ്തകം കൈയില്‍ തന്നു കൊണ്ട് ഡേവിസ് മാഷ്‌ പറഞ്ഞു. 

ഒരിക്കല്‍ ഒരു ക്വിസ്സ് പ്രോഗ്രാമില്‍ വെച്ചു കണ്ടുമുട്ടിയതായിരുന്നു ഞാന്‍ ഡേവിസ് മാഷിനെ. കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ വീടിനടുത്ത് തന്നെ താമസം. പട്ടാളത്തില്‍ നിന്ന് വിരമിച്ചിതിനു ശേഷം നാട്ടിലെ വസ്തുവെല്ലാം വിറ്റ്‌ പെറുക്കി ഭാര്യയുമൊത്ത് ഞങ്ങളുടെ നാട്ടില്‍ വന്നു താമസിക്കുകയിരുന്നു. ഭാര്യയുടെ ലിവര്‍ സംബന്ധമായ രോഗത്തിന് മംഗലാപുരത്തുള്ള കെ.എം.സി മെഡിക്കല്‍ കോളേജില്‍ നല്ല ചികിത്സ കിട്ടുമെന്നതായിരുന്നു അതിനു കാരണം.

എവിടെയെങ്കിലും ക്വിസ്സ് പ്രോഗ്രാം ഉണ്ടെങ്കില്‍ എന്നെയും കൂട്ടികൊണ്ടുപോകും. മക്കളില്ലാത്ത അദ്ധേഹത്തിന്‍റെ 'എടാ ചെക്കാ' എന്ന ആ വിളിയില്‍ ഒരു മകനോടുള്ള വാത്സല്യം മുഴുവനുണ്ടായിരുന്നു . റോട്ടറി ക്ലബോ ജേ സിയോ ആയിരിക്കും മിക്കപ്പോഴും സംഘാടകര്‍. നല്ലൊരു സാമൂഹ്യപ്രവര്‍ത്തകനായതു കൊണ്ട് ഇവരെയൊക്കെ മാഷിനു നന്നായിട്ട് അറിയാം.

ഓരോരുത്തരും ഏതു തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമെന്ന് മാഷിന് ഏകദേശ ധാരണയുണ്ട്. അതുകൊണ്ടു തന്നെ അതിന്‍റെ തലേ ദിവസം ആ മേഖലകളിലെ എല്ലാ കാര്യങ്ങളും വിവരിച്ചു തരും. മിക്കപ്പോഴും ഒന്നാം സ്ഥാനം തന്നെയായിരിക്കും എനിക്ക്. എങ്കിലും വലിയ അനുമോദനങ്ങള്‍ ഒന്നും ഉണ്ടാകില്ല. തെറ്റിപ്പോയവയെ കുറിച്ചുള്ള ശകാരങ്ങള്‍ ആയിരിക്കും പിന്നീട് വീടെത്തുന്നത് വരെ.

ആരെയും അതിശയിപ്പിക്കുംവിധം ആകാശത്തിന് കീഴിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും പുള്ളിക്ക് നല്ല വിവരമുണ്ടായിരുന്നു. ഒരു സഞ്ചരിക്കുന്ന സര്‍വ-വിജ്ഞാനകോശമായിരുന്നു ഡേവിസ് മാഷ്‌ . യൂഗോസ്ലാവിയയെ കുറിച്ചും, കോഷ്യസ് ക്ലേ എന്ന ബോക്സര്‍ മുഹമ്മദ്‌ അലി ആയതിനെ കുറിച്ചും, ഗാട്ട് കരാറിനെ കുറിച്ചും ആദ്യം പറഞ്ഞുതന്നത് ഡേവിസ് മാഷ്‌ ആണ് . ലോകത്ത് ജീവിച്ച ഏറ്റവും നല്ല പൊളിറ്റീഷ്യന്‍ അര്‍ഥശാസ്ത്രം രചിച്ച ചാണക്യന്‍ ആണെന്ന് പുള്ളി പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഏകദേശം രണ്ടു വര്‍ഷത്തോളം ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ആറാം ക്ലാസ്സിലേക്ക് കടന്ന സമയം. അപ്പോഴാണ്‌ ആന്‍റിക്ക് അസുഖം കൂടിയത്. അവര്‍ മംഗലാപുരത്തു തന്നെ ആശുപത്രിക്ക് അടുത്ത് ഒരു ചെറിയ ലോഡ്ജില്‍ താമസം മാറി. സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്തത് കൊണ്ട് മാഷ്‌ തന്നെയായിരുന്നു എല്ലാ കാര്യങ്ങളും നോക്കി കൊണ്ടിരുന്നത്. എങ്കിലും, ഇടയ്ക്ക് വീട്ടിലെ ഫോണില്‍ വിളിച്ച് ക്വിസ് കൊമ്പിറ്റെഷന്‍റെ കാര്യം ഓര്‍മിപ്പിക്കും. പക്ഷെ മാഷ്‌ ഇല്ലാത്തത് കൊണ്ട് എനിക്ക് പോകാന്‍ മടിയായിരുന്നു. അതുകൊണ്ട് ആ കാലയളവില്‍ നടന്ന ഒരു മത്സരത്തിനും ഞാന്‍ പങ്കെടുത്തില്ല.

എക്സ് മിലിട്ടറി ആയതുകൊണ്ട് ചികിത്സകള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ആന്‍റിയുടെ അസുഖം നാളുകള്‍ ചെല്ലുംതോറും വഷളായികൊണ്ടിരുന്നു. അച്ഛനും അമ്മയും ഒരിക്കല്‍ അവരെ കാണാന്‍ ചെന്നിരുന്നു. തിരിച്ചു വന്നപ്പോള്‍ ഞാന്‍ അമ്മയോട് അവര്‍ക്ക് എങ്ങനെയുണ്ടെന്നു ചോദിച്ചു.

"രണ്ടു പേര്‍ക്കും അത്യാവശ്യം സീരിയസ് ആണ്.." അമ്മ പറഞ്ഞു.
"രണ്ടു പേര്‍ക്കും ..??" ഞാന്‍ അച്ഛനോട് ചോദിച്ചു.
"ങ്ങാ .. മാഷിനും എന്തോ കുഴപ്പമുണ്ട് .." അച്ഛന്‍ ഒന്നും വ്യക്തമായി പറയാതെ ഭക്ഷണം വിളമ്പി വെക്കാന്‍ പറഞ്ഞു. അമ്മയും എന്നോട് പറയാന്‍ മടിച്ചു.

വീണ്ടും ഒരു മൂന്നാഴ്ച്ചകള്‍ക്ക് ശേഷമാണ് അവര്‍ തിരിച്ചു വന്നത്. അപ്പോഴേക്കും അച്ഛനും അമ്മയും ആശങ്കപ്പെട്ട കാര്യങ്ങള്‍ എന്‍റെ കുഞ്ഞുമനസ്സില്‍ നിന്നും പോയിരുന്നു. എനിക്കുണ്ടായിരുന്ന ഒരേയൊരു പേടി ക്വിസ് മത്സങ്ങള്‍ക്ക് പോകാത്തതിന് മാഷ്‌ എന്നെ ശകാരിക്കുമല്ലോ എന്നായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വന്നതിനു ശേഷം മാഷും ആന്‍റിയും എന്നെ കാണരുത് എന്ന് വിചാരിച്ചിട്ട് ഞാന്‍ വേറെ വഴിയെ ആയിരുന്നു സ്കൂളില്‍ പോയിരുന്നത്.

ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മ പറഞ്ഞത്,
"ലിസ്സി പോയി .."
"എങ്ങോട്ട്..?? "
"അവര് ഇന്ന് ഉച്ചയ്ക്ക് മരിച്ചു മോനേ.. "

എന്തോ ആ സമയത്ത് അത് കേട്ടപ്പോള്‍ എനിക്ക് വിഷമത്തെക്കാള്‍ കൂടുതല്‍ കുറ്റബോധമായിരുന്നു മനസ്സില്‍, എനിക്ക് എത്രയോ തവണ ഇലയടയും, ശര്‍ക്കര ഇട്ട സേമിയ ഉപ്പുമാവും, പപ്പായ പായസവും ഉണ്ടാക്കി തന്ന അവരെ ഞാന്‍ അവരുടെ അവസാന നാളുകളില്‍ മന:പൂര്‍വ്വം ഒഴിവാക്കി എന്ന കുറ്റബോധം. ഞാന്‍ ആ വീട്ടിലേക്ക് ഓടി. ആരുമില്ലാത്ത ഡേവിസ് മാഷിനെ കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തതേയില്ല. മറ്റുള്ളവര്‍ക്ക് മരണം എത്ര വലിയ ആഘാതമായിരിക്കും എന്ന് മനസ്സിലാക്കാനുള്ള പക്വത അന്ന് എനിക്ക് ഉണ്ടായിരുനില്ല.

പക്ഷെ, അവിടെ എത്തിയപ്പോള്‍ സ്ഥിതി വിഭിന്നമായിരുന്നു. വീടിനു മുന്‍പില്‍ കുറച്ചു ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആന്‍റിയുടെ ശവശരീരം അകത്തു കിടത്തിയിരുക്കുന്നത് ഞാന്‍ പുറത്തു നിന്നു തന്നെ കണ്ടു. ആ കാലിലേക്ക് വീഴാന്‍ ഞാന്‍ ആഗ്രഹിച്ചു എങ്കിലും അത് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വാതിലിനോട് ചേര്‍ന്നുനിന്നു. ഉള്ളില്‍ ഹൃദയം വിങ്ങിപ്പൊട്ടി.

അപ്പോഴാണ്‌ അകത്തുള്ള മറ്റൊരു മുറിയില്‍ കുറെ ആണുങ്ങളുടെ സംഭാഷണം കേട്ടത്. പള്ളിയിലെ വികാരിയോടും അയല്‍പ്പക്കകാരോടും ആരൊക്കെയോ തര്‍ക്കിക്കുന്നതുപോലെ തോന്നി എനിക്ക്. പക്ഷെ ഡേവിസ് മാഷിന്‍റെ സ്വരം മാത്രം കേള്‍ക്കുന്നില്ല. എനിക്ക് ചെറുതായൊരു ഭയം തോന്നി, ഇനി സങ്കടം സഹിക്ക വയ്യാതെ, മാഷും ...

"ബോഡി ഞങ്ങള്‍ കൊണ്ടുപോകാം .. പക്ഷെ ഇയാളെ കൊണ്ടുപോകാന്‍ പറ്റില്ല .." ഇതും പറഞ്ഞുകൊണ്ട് ചുവന്ന ചെക്ക് ഷര്‍ട്ട്‌ ഇട്ട ഒരാള്‍ പുറത്തേക്കു വന്നു. പുറകെ പള്ളീലെ അച്ചനും വേറെ രണ്ടു പേരും. അവര്‍ അയാളോട് എന്തൊക്കെയോ സ്വകാര്യം പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി. അങ്ങനെ അവര്‍ ഒരു തീരുമാനത്തില്‍ എത്തി. ആന്‍റിയെ നാട്ടില്‍ കൊണ്ടുപോയി അടക്കും, പക്ഷെ ഡേവിസ് മാഷ്‌ ഇവിടെ തന്നെ ഉണ്ടാകും എന്ന്.

അങ്ങനെ മാഷ്‌ വീണ്ടും ഒറ്റയ്ക്കായി. ഇരുപത്തിയേഴാം വയസ്സ് വരെ ഒറ്റയ്ക്ക് ജീവിച്ച അനാഥനായ ഡേവിസ് അബ്രഹാം മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അനാഥനായി. ഡേവിസ് മാഷ്‌ ഒരു എതിരഭിപ്രായവും പറഞ്ഞില്ല. ആരും ചോദിച്ചുമില്ല. എങ്ങനെ ചോദിക്കും, ചോദിച്ചാല്‍ തന്നെ എന്തു പറയും, ഓര്‍മ്മശക്തി നഷ്ടപ്പെട്ട ആ മനുഷ്യന്‍, മരിച്ചു കിടക്കുന്ന ആ സ്ത്രീ, കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷം തന്‍റെ കൂടെ ജീവിച്ച ലിസ്സി ഡേവിസ് ആണെന്ന് പോലും തിരിച്ചറിയുന്നില്ല. നാട്ടുകാരെയോ കൂട്ടുകാരെയോ തിരിച്ചറിയുന്നില്ല.

സാധാരണയായി കോളറുള്ള ടി ഷര്‍ട്ടും കറുത്ത പാന്‍റും മാത്രം ഇടാറുള്ള ആ വ്യക്തി വെറുമൊരു വെള്ളമുണ്ട് മാത്രം ഉടുത്തുകൊണ്ട് വികാരിയുടെ കൂടെ മുറിയില്‍ നിന്നും പുറത്തു വന്നു. അല്‍ഷ്യമേര്‍സ് ബാധിച്ച ഒരു മനുഷ്യനാണ് എന്ന് മനസ്സിലാക്കാതെ ഞാന്‍ ഓടിച്ചെന്നു മാഷുടെ കാലില്‍ വട്ടം പിടിച്ചു. കെട്ടിവെച്ച കണ്ണുനീര്‍ അണപൊട്ടിയതുപോലെ ഒഴുക്കി. പക്ഷെ മാഷ് എന്നെ തള്ളിമാറ്റി പുറത്തേക്കു നടന്നു. അപ്പോഴാണ്‌ ഞാന്‍ അമ്മ പറഞ്ഞത് ഓര്‍ത്തത്, മാഷിനും സുഖമില്ല എന്ന്.

ഞങ്ങള്‍ എല്ലാവരും നോക്കി നില്‍ക്കെ മാഷ്‌ വരാന്തയിലെ കസാരയില്‍ ചെന്നിരുന്നു. ടീപോയില് വെച്ചിരുന്ന "Illustrated Weekly" എന്ന ഒരു പത്രത്തോളം നീളമുള്ള വീക്കിലി കൈയ്യില്‍ എടുത്തു. അത് തിരിച്ചും മറിച്ചും നോക്കി. "ഏയ്‌ .. കുഴപ്പമൊന്നുമില്ല .. എന്തൊക്കെയോ ഓര്‍മ്മയുണ്ട്.." ചുറ്റും കൂടി നില്‍ക്കുന്ന ആരോ ഒരാള്‍ പറഞ്ഞു. മാഷ്‌ അയാളെ നോക്കി. എന്നിട്ട് കസേരയില്‍ നിന്ന് ഒറ്റ ചാട്ടത്തോടെ മുറ്റത്തേക്ക് ഓടി. ആ ഓട്ടത്തില്‍ വെള്ളമുണ്ട് ഉരിഞ്ഞു വീണു. ഒരു നീല അണ്ടര്‍വെയര്‍ ഇട്ട അറുപതുകാരനെക്കാളും നാല് വയസ്സുള്ള കുട്ടിയെ പോലെയായിരുന്നു അദ്ദേഹം അപ്പോള്‍. പള്ളീലച്ചനും വേറെ രണ്ടുപേരും കൂടി അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോയി.

കുറച്ചു കഴിഞ്ഞു ആന്‍റിയുടെ വീട്ടുകാര്‍ ഒരു ആംബുലന്‍സില്‍ മൃതദേഹം കയറ്റിക്കൊണ്ടുപോയി. അല്പം കഴിഞ്ഞു പള്ളീലച്ചന്‍ മാഷിനെയും കൂട്ടി ഒരു ഓട്ടോയില്‍ കയറി. ഇത്രയും ബുദ്ധിമാനായ മാഷ്‌ എന്താ കൊച്ചുകുട്ടികളെ പോലെ.. ??? ഈ ചോദ്യത്തിനുള്ള ഉത്തരം ആരോട് ചോദിക്കണം എന്നറിയാതെ ഞാന്‍ ആ ഓട്ടോ ദൂരേക്ക് പോകുന്നതും നോക്കി പകച്ചുനിന്നു.

No comments:

Post a Comment