Monday, July 7, 2014

തുണ്ടു വാര്‍ത്ത

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. ഞാന്‍ അന്ന് ഹൌസ് ലീഡര്‍ ആയിരുന്നു. ഹൗസ് ലീഡറുടെ പ്രധാന ഉത്തരവാദിത്തം സ്കൂള്‍ അസ്സംബ്ലി ഭംഗിയായി നടത്തുക എന്നതാണ്. എന്നും രാവിലെ കൃത്യം 9:00 മണിക്ക് അസ്സംബ്ലി തുടങ്ങും. ഓരോ ആഴ്ച്ച ഓരോ ഹൗസിനുള്ളതാണ്‌, അതുകൊണ്ടുതന്നെ എല്ലാ നാലാഴ്ച്ച കൂടുമ്പോളും എന്‍റെ ഹൗസിന്‍റെ ഊഴം എത്തും.
അഞ്ഞൂറോളം കുട്ടികള്‍ക്ക് നില്‍ക്കാന്‍ പറ്റുന്ന സ്കൂള്‍ നടുമുറ്റത്ത് ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ നിരനിരയായി നില്‍ക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ നില്‍കുന്നത് കൊണ്ട് മൊത്തം ഇരുപത്തിനാല് നിരകള്‍ ഉണ്ടാകും. ഈ നിരകളുടെ ഒത്ത നടുവില്‍ കുട്ടികളെ പ്രതിനിധീകരിച്ച് ഏറ്റവും മുന്‍പിലാണ് ഹൌസ്‌ ലീഡറുടെ സ്ഥാനം.
അതിനു മുന്‍പിലാണ് കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ അസ്സംബ്ലി സ്റ്റേജ്. ഗ്രൗണ്ടില്‍ നിന്നും ഏകദേശം നാലടി ഉയരത്തിലുള്ള ഈ സ്റ്റേജില്‍ സ്കൂള്‍ ലീഡറും, പ്രിന്‍സിപ്പലും, അന്നന്നുള്ള പരിപാടികള്‍ അവതരിപ്പിക്കുവാനുള്ള കുട്ടികളും ഉണ്ടാകും. പരിപാടികളില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന അല്ലാതെ ഇന്നത്തെ ചിന്താവിഷയ'വും, പ്രധാന വാര്‍ത്തകളും' ഉണ്ടാകും. ഇതു രണ്ടും മിക്കവാറും ഹൗസ് ലീഡര്‍ തന്നെ തയ്യാറാക്കി കൊടുക്കുകയാണ് പതിവ്.
ഇനി സംഭവത്തിലേക്ക് വരാം.
അസ്സംബ്ലിയുടെ ആദ്യ ഐറ്റം ആയ പ്രാര്‍ഥനയും രണ്ടാമത്തെ ഐറ്റം ആയ ഇന്നത്തെ ചിന്താവിഷയവും ഭംഗിയോടെ നിര്‍വ്വഹിക്കപ്പെട്ടു. ഇനിയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകള്‍. പ്രധാന വാര്‍ത്തകള്‍ ഞാന്‍ തന്നെ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. പക്ഷെ, അത് വായിക്കാമെന്ന് ഏറ്റ പയ്യന്‍ അന്ന് അവധിയെടുത്തു. അസ്സംബ്ലി തുടങ്ങുന്നതിന്‍റെ അഞ്ചു മിനിറ്റ് മുന്‍പാണ് ഞാനിത് അറിയുന്നത്. വാര്‍ത്ത വായിച്ചില്ലെങ്കില്‍ അസ്സംബ്ലി പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ നിര്‍ത്തിപ്പൊരിക്കും എന്ന് ഉറപ്പാണ്. അനുഭവം ഗുരു.
ആ സമയമില്ലാ സമയത്ത് ഞാന്‍ പലരോടും പറഞ്ഞു നോക്കി, പക്ഷെ, പ്രാക്റ്റീസ് ചെയ്യാതെ സ്റ്റേജില്‍ കയറി വായിക്കാന്‍ ആരും തയ്യാറല്ല. സ്റ്റേജില്‍ കയറിയാല്‍ അറ്റന്‍ഷന്‍ പൊസിഷനില്‍ നിക്കണം എന്നായിരുന്നു നിയമം. അവസാനം കൈയും കാലും പിടിച്ചു ഒരുത്തനെ കൊണ്ട് സമ്മതിപ്പിച്ചു. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍. ഇടയ്ക്കിടയ്ക്ക് സ്റ്റേജില്‍ പാട്ടു പാടുന്ന ആളായതുകൊണ്ട് അവനു സ്റ്റേജ് ഫിയര്‍ ഇല്ലായിരുന്നു.
അങ്ങനെ നമ്മുടെ രക്ഷകന്‍ ഞാന്‍ കൊടുത്ത കടലാസ് എടുത്ത് വാര്‍ത്ത വായിക്കാനായി മുന്നോട്ട്. ഞാന്‍ അവനെ നോക്കി മന്ദസ്മിതം തൂകി, പ്രിന്‍സിപല്‍ കാണാതെ ഒരു  ഉം കൊടുത്തു. അവന്‍ ആ കടലാസ് തുറന്നു വായന തുടങ്ങി..
"ഹ്യൂമന്‍ റെസ്പ്പിരേറ്ററി സിസ്റ്റം കണ്‍സിസ്റ്റ് ഓഫ് ..." അവന്‍ ഇത്രയും വായിച്ചതും ഞാന്‍ "സ്റ്റോപ്" എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു. ദൈവമേ .. ബയോളജി ക്ലാസ് ടെസ്റ്റിനു വേണ്ടി ഉണ്ടാക്കിയ തുണ്ട്. എന്‍റെ കാലുകള്‍ നിലത്തുറച്ചില്ല, ഒരു സൂപ്പര്‍മാനെ പോലെ ഞാന്‍ അവിടെ പറന്നെത്തി, എന്നിട്ട് പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും വേറൊരു കടലാസ് എടുത്തു കൊടുത്തിട്ട് ഒരു ദീര്‍ഘനിശ്വാസവും വിട്ടുകൊണ്ട് പൂര്‍വ്വസ്ഥലത്ത് പോയി നിന്നു.
അവന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി,
"ഹ്യൂമന്‍ ബ്രെയ്ന്‍ ഈസ്‌ ദി മോസ്റ്റ്‌ ..." ഇപ്രാവശ്യം ഞാന്‍ സ്റ്റോപ്പ്‌ എന്ന് മാത്രമല്ല പറഞ്ഞത്, "അയ്യോ .. ദൈവമേ .." എന്ന് വിളിച്ചു കൊണ്ട് ഞാന്‍ വീണ്ടും സ്റ്റേജില്‍ കയറി. നേരത്തെ ചിരിക്കാത്ത കുട്ടികള്‍ കൂട്ടത്തോടെ ചിരിക്കാന്‍ തുടങ്ങി, എന്‍റെ ക്ലാസ്മേറ്റ്സ് ആണെങ്കില്‍ പൊട്ടിപൊട്ടി ചിരിക്കാന്‍ തുടങ്ങി. പ്രിന്‍സിപ്പലിന്‍റെ കണ്ണുകള്‍ ചുവന്നു. അദ്ദേഹം സൈലന്‍സ് സൈലന്‍സ് എന്ന് അലറിവിളിച്ചു. പക്ഷെ അന്ന് ആദ്യമായിട്ട് ആരും അദ്ദേഹത്തെ വകവെച്ചില്ല, അവര്‍ കൂട്ടച്ചിരി തുടര്‍ന്നു.
ഇതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ സ്റ്റേജില്‍. പാന്‍റിന്‍റെ രണ്ടു പോക്കറ്റില്‍ നിന്നും എല്ലാ കടലാസുകളും പുറത്തെടുത്തു. മൊത്തം എട്ടെണ്ണം. പക്ഷെ അതിലൊന്നും പ്രധാന വാര്‍ത്തകള്‍ ഇല്ല.
"സേര്‍ച്ച്‌ യുവര്‍ ഷര്‍ട്ട്‌സ് പോക്കറ്റ്..." ഈ ശബ്ദം എവിടെ നിന്നാണ് എന്നറിയാന്‍ ഞാന്‍ തലയുയര്‍ത്തി നോക്കി. ദേ .. നമ്മടെ പ്രിന്‍സി.. പണ്ടേ അനുസരണാശീലം ഉള്ളതുകൊണ്ട് ഞാന്‍ ഷര്‍ട്ട്ന്‍റെ പോക്കറ്റ് തപ്പി. ദേ കെടക്കണു ഇത്ര നേരം തപ്പിനടന്ന 'യുറേക്ക'. പെട്ടെന്നുള്ള റിയാക്ഷനില്‍ ഞാന്‍ അത് പ്രിന്‍സിയെ കാണിച്ചു. അങ്ങേരെന്നെ രൂക്ഷമായി നോക്കി. ഞാന്‍ അത് വാര്‍ത്താ വായനക്കാരനു കൈമാറി പഴയ സ്ഥലത്തു തന്നെ പോയി നിന്നു.
വാര്‍ത്താവയനയും അന്നത്തെ സ്പെഷല്‍ ഐറ്റം ആയ ഗ്രൂപ്പ് സോംഗും കഴിഞ്ഞ് പ്രിന്‍സി മൈക്ക് കൈയ്യില്‍ എടുത്തു. ശിവമണി ഡ്രംസ് അടിക്കുന്നതില്‍ വേഗത്തില്‍ എന്‍റെ കാല്‍മുട്ടുകള്‍ ഇടിക്കാന്‍ തുടങ്ങി. അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ തൊണ്ട മുരടി. ആ മുരടല്‍ എപ്പോഴും എനിക്ക് മഴയത്തു കരയുന്ന തവളയെ ഓര്‍മ്മപ്പെടുത്തുമായിരുന്നെങ്കിലും അന്ന് എനിക്കത് ഒരു സിംഹത്തിന്‍റെ ഗര്‍ജ്ജനം പോലെയാണ് അനുഭവപ്പെട്ടത്.
"ഗുഡ് മോര്‍ണിംഗ് സ്റ്റുഡന്‍സ്.."
"ഗുഡ് മോര്‍ണിംഗ് സര്‍ .." ഞാനൊഴികെ എല്ലാവരും ഈണത്തില്‍ പറഞ്ഞു, എന്‍റെ ശബ്ദം എനിക്ക് മുന്‍പേ തന്നെ കാശിക്ക് പോയിരുന്നു.
"മിസ്റ്റര്‍ തങ്കപ്പന്‍ .. ഡു യു ഹാവ് എനി ടെസ്റ്റ്‌ ടുഡേ ഫോര്‍ ലെവന്‍ത്ത് ക്ലാസ് സ്റ്റുഡന്‍സ്" ... ബയോളജി പഠിപ്പിക്കുന്ന തങ്കപ്പന്‍ സാര്‍ പുറകില്‍ നിന്ന് കൈ പൊക്കി, ഉച്ചത്തില്‍ യെസ് സാര്‍ എന്ന് പറഞ്ഞു.
"ഓക്കേ .. താങ്ക്യൂ മിസ്റ്റര്‍ തങ്കപ്പന്‍ .." കുട്ടികളുടെ കൂട്ടച്ചിരിക്കിടയില്‍ അദ്ദേഹം പറഞ്ഞു. എല്ലാവരോടും സൈലന്‍സ് പറഞ്ഞു ഒതുക്കിയതിനു ശേഷം അദ്ദേഹം വീണ്ടും തുടര്‍ന്നു.
"ഓക്കേ .. ആദര്‍ശ് .. ഗിവ് മീ ദോസ് പേപ്പര്‍സ് .." ഞാന്‍ ആജ്ഞാനുവര്‍ത്തിയായ ശിഷ്യാനായി. ആ തുണ്ടുകള്‍ അദ്ദേഹം സഫാരി സ്യൂട്ടിന്‍റെ പോക്കറ്റില്‍ നിക്ഷേപിച്ചു കൊണ്ട് പറഞ്ഞു..
" ഹൌസ്‌ ലീഡര്‍ ... മീറ്റ്‌ മീ ഇന്‍ മൈ റൂം ആഫ്റ്റര്‍ ദി അസ്സംബ്ലി .. താങ്ക്യൂ സ്റ്റുഡന്‍സ്.." അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.
"നാഷണല്‍ ആന്തം.." സ്കൂള്‍ ലീഡര്‍ ഉച്ചത്തില്‍ പറഞ്ഞു.
എല്ലാവരും ജന ഗണ മന പാടുമ്പോള്‍, അന്നാദ്യമായി ഞാന്‍ ആ ദേശീയ ഗാനം എഴുതിയ ആളെ മനസ്സില്‍ പ്രാകി, ഇത് വെറും അമ്പത്തിരണ്ടു സെക്കണ്ടില്‍ ഒതുക്കിയതിന്. ഒരു അഞ്ചു മിനിറ്റ് നീളമെങ്കിലും വേണമെന്ന് വല്ലാതെ ആശിച്ചുപോയി.

No comments:

Post a Comment