Tuesday, July 8, 2014

വീണ്ടെടുപ്പ്

പറന്നു പോകുന്ന നീലക്കുയിലിനെ ആരോ വിളിക്കുന്നതായി തോന്നി. അവന്‍ ആകാശത്ത് നിശ്ചലമായി ചിറകുകള്‍ വിരിച്ചു നിവര്‍ന്നുകിടന്നു. കാതുകള്‍ വീണ്ടും ആ ശബ്ദം വന്ന ദിശയിലേക്ക് കൂര്‍പ്പിച്ചു. 

"ശൂ . ശൂ .." ദേ പിന്നെയും ആരോ വിളിക്കുന്നു. അവന്‍ ചിറകുകള്‍ അനക്കാതെ ആ ശബ്ദം വന്ന ദിശയിലേക്ക് തിരിഞ്ഞു. ആരെയും കണ്ടില്ല.

"ആരാ .." അവന്‍ ചോദിച്ചു. 

"ഇത് ഞാനാണ് .. ഇളംകാറ്റ്" അരൂപിയില്‍ നിന്നൊരു ശബ്ദം അവന്‍റെ കാതിലെത്തി.

"ഇളം കാറ്റോ..??" ഈ ചോദ്യത്തിനുള്ള ഉത്തരം അവനു കിട്ടിയത് ഒരു കുളിര്‍ തലോടലിലൂടെയായിരുന്നു.

"ഞാനിപ്പോള്‍ നിന്‍റെ ചിറകിന്‍റെ ഉള്ളില്‍ കയറി.. എന്നെ ഒരിടം വരെ കൊണ്ടുപോകുമോ..??" തന്‍റെ ചിറകുകള്‍ക്ക് ചെറുതായി ഭാരം വര്‍ദ്ധിച്ചതായി അവനു തോന്നി.

"ഞാന്‍ നിന്നെ എന്തിനു കൊണ്ടുപോകണം.." അവന്‍ ചിറകുകളിലെക്ക് നോക്കി തുടര്‍ന്നു, "നിനക്ക് എവിടെ വേണമെങ്കിലും തനിയെ ഒഴുകിയത്താമല്ലോ.. ?"

"ശരിയാണ് .. പക്ഷെ ഇപ്പോള്‍ എനിക്ക് വെറുതെ എത്തിയാല്‍ പോര ... നിന്നിലൂടെ നീയായ്‌ ഒഴുകിയെത്തണം." ഇളംകാറ്റ് പറഞ്ഞു.

"ശരി .. എവിടെയാ പോകേണ്ടത്.. ??" അവന്‍ ചിറകുകള്‍ വീശാതെ പറക്കാന്‍ ഒരുങ്ങി.

"നിന്‍റെ സ്വരമാധുര്യം അലയടിക്കുന്ന മുളംകാടുകള്‍ ഇല്ലേ .. അവിടേക്ക്.." ഇളംകാറ്റ് ഇത് പറയുമ്പോള്‍ നീലക്കുയിലിന്‍റെ ചിറകുകളില്‍ ഒരു കുളിര് അനുഭവപ്പെട്ടു. അവന്‍ പറന്നുതുടങ്ങി.

"മനസ്സിലായില്ല.." അവന്‍ ഇളംകാറ്റിനെ ചിറകില്‍ ഒതുക്കിക്കൊണ്ട് ചോദിച്ചു.

"എനിക്ക് തനിച്ച് മുളംകാടുകളില്‍ എത്താന്‍ പറ്റുമെങ്കിലും, ഈയിടെയായി എനിക്കവരില്‍ സംഗീതം ഉണര്‍ത്താന്‍ കഴിയുന്നില്ല, നിന്നിലൂടെ ഞാന്‍ അവിടെ എത്തുമ്പോള്‍ എനിക്കതിനു കഴിയുമെന്ന് തീര്‍ച്ചയാണ്.. മുളംകാടുകളുടെ നഷ്ട്ടപെട്ട സംഗീതം തിരിച്ചു കൊണ്ടുവരാനുള്ള ഉണര്‍ത്തുപ്പാട്ട് നീ പാടിയാല്‍ മതി.. അപ്പോള്‍ ഞാന്‍ അവരുടെ ഇടയിലൂടെ ഒഴുകി, അവരെ തഴുകിത്തലോടി നവമൊരു സംഗീതം സൃഷ്ടിക്കും."

"ശരി .. നമുക്കു ശ്രമിക്കാം". അവര്‍ പറന്നൊഴുകി, മരവിച്ചുപോയ കാടുകളുടെ മനസ്സില്‍ നിന്നും മരിച്ചുപോയ കാനനഗീതങ്ങള്‍ വീണ്ടും ഉണര്‍ത്തുവാനായ്.

No comments:

Post a Comment