Tuesday, August 20, 2013

കാക്കകൂട്ടിലെ കുയിലുകൾ.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് എസ് ആർ എം റോഡിലേക്കിറങ്ങി ലിസ്സി ജങ്ക്ഷൻ ഭാഗത്തേക് നടക്കുമ്പോൾ കുരുമുളകരച്ചു വറക്കുന്ന മീനിന്റെ മണം ആരെയും ഒന്ന് മയക്കും. ഇത് എവിടുന്നാണെന്നറിയാൻ പെടലി 360 ഡിഗ്രിയിൽ ഒന്ന് കറങ്ങും. അപ്പോൾ ഇടത് വശത്ത് ഒരു ചെറ്റകുടിൽ പോലെ കാണാം. അതിന്റെ മുൻപിൽ 'ഊണ്‍  റെഡി' എന്നെഴുതിയിട്ടുണ്ടാകും. ഒരു മടിയും കൂടാതെ അകത്തു കയറുക. കാരണം വെളിയിൽനിന്നു കാണുന്നത് പോലെ തന്നെയാണകത്തും. യാതൊരു പത്രാസുമില്ല. 

ആദ്യത്തെ പ്രാവശ്യം, കുരുമുളകരച്ചു വറക്കുന്ന മീനിന്റെ മണത്തിനോടുള്ള എന്റെ അഭിനിവേശം ആ ഊട്ടുപുരയുടെ അന്തസില്ലയ്മയോട് അടിയറവു പറഞ്ഞു. പക്ഷെ, രണ്ടാം വട്ടം അന്തസ്സിനോട് പോടാ പുല്ലേ എന്ന് പറഞ്ഞുകൊണ്ട് മൂക്കിന്റെ പാത പിന്തുടർന്നു.

ചുറ്റും നോക്കിയപ്പോൾ ഇരുന്നു കഴിക്കാൻ എട്ടു സ്ടൂളുകളും ഒരു വലിയ മേശയും. മറ്റൊരു മേശയിൽ കഴിക്കാനുള്ള പ്ലേടുകളും ചോറും കറിയും.

"പുതിയ ആളാണോ ?" ഒരു സ്ത്രീശബ്ദം എന്നോടെന്നപോലെ ചോദിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. അപ്പൊ മനസ്സിലായി എന്നോടുതന്നെയാണെന്ന്
"ങ്ഹാ.. അതെ"
" മോനേ, ഇവിടെ അമ്മച്ചി തനിചേയുള്ളൂ, അത് കൊണ്ടെടുത്ത് കഴിച്ചോ, വറുത്തത് വേണമെങ്കിൽ പറയണേ"

പ്ലേറ്റെടുത്തു, ചോറ് വിളമ്പി, പയർതോരന്‍, പയർ മെഴുക്കുവരട്ടി, പിന്നെ സാമ്പാറും മീൻചാറും. നത്തോലിയുടെ വലിപ്പമുള്ള ചാള പീസ്‌ പീസാക്കി നല്ല കടുംകട്ടി ചുമപ്പു നിറത്തിലുള്ള മീന്‍ചാർ. കോരിയോഴിച്ചതേ സംഗതി രസം പോലെ ഊര്‍ന്നു വീണു. "പണി പാളിയാ കടവുളേ.." വീണ്ടും അന്തസ്സ് തലപൊക്കി. പക്ഷെ, ഒരു പിടി വായിലിട്ടപ്പോൾ നല്ല ചട്ടിയിലിട്ടുവെച്ച മീനിന്റെ ടേസ്റ്റ്. നല്ല മണവും.

"അമ്മച്ചി, ഇന്നെന്നതാ വറത്തത്" പുതിയൊരാൾ എന്റെ സൈഡിൽ വന്നിരുന്നു.
"അയിലയാ മോനേ. എടുക്കട്ടെ"
"ങ്ഹാ, രണ്ടെണ്ണം, എരിവു കൂടുതൽ "


"മറ്റേ മോന്, മീൻ വേണ്ടേ." വിളിച്ചു കൂവലിന്റെ ചമ്മലിനോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന ഞാൻ പെട്ടെന്ന് പറഞ്ഞു. "എനിക്കും രണ്ടെടുത്തോ"
അകത്ത് എണ്ണയിൽ പൊരിയുന്ന മീനിന്റെ ശബ്ദം. ഇവിടെയാണെങ്കിൽ നാവില്ന്നിനു വെള്ളമൂറുന്ന കുരുമുളകിന്റെ മണവും.
കാത്തിരുപ്പിനു വിരാമമിട്ടു കൊണ്ട് കയ്യിൽ എണ്ണയേറ്റു പിടയ്ക്കുന്ന മീനിന്റെ പാത്രവുമായി അങ്ങനെ അമ്മച്ചി പ്രത്യക്ഷപ്പെട്ടു. 


പക്ഷെ അമ്മച്ചിയെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഒരു എഴുപത് വയസ്സെങ്കിലും കാണും. നരച്ച ചുവന്ന ബ്ലൗസും ഒരു നീല കള്ളികളുള്ള കൈലിമുണ്ടും. എല്ലും തോലുമായുള്ള ഒരു ശരീരപ്രകൃതം.
പക്ഷെ ഒരു നിത്യാഭ്യാസിയുടെ ചാരുതയോടു കൂടെ ആ മീനുകള ഞങ്ങളുടെ ചോറിന്റെ മുകളിലിട്ടു.


"മീൻമുട്ടയാ, മക്കൾ എടുത്തു കഴിച്ചോ"
കുറഞ്ഞത് ഒരു ഇരുപതിയഞ്ചെണ്ണമെങ്കിലും ഉണ്ടാകും. നല്ല മുഴുത്തത്.
എല്ലാവരും ഈരണ്ടെണ്ണം വെച്ചെടുത്തു. ഞാൻ ഒരെണ്ണം കൂടുതൽ എടുത്തു. പാത്രത്തിൽ പിന്നെയും ബാകി.
"വേറെ വല്ല ഹോട്ടലിൽ ആയിരുന്നെങ്കിൽ ഇത് മൂന്ന് പ്ലേടാക്കി ഓരോന്നും മിനിമം അൻപത് രൂപയ്ക്കെങ്കിലും വിറ്റെനേ" കൂടെയുള്ലോരാൾ ആത്മഗതം പറഞ്ഞു.

കഴിച്ചു കഴിഞ്ഞ ഒരാള്‍ അകത്ത് പോയി കാശ് കൊടുത്തതിനു ശേഷം ചോറിന്റെയും കറികളുടെയും പാത്രങ്ങൾ നിറച്ചു കൊണ്ടുവന്നു.
"അയ്യോ മക്കളെ, അമ്മച്ചി തരാൻ മറന്നു പോയതാ, ഇന്നലെത്തെ രസാ.. നല്ല രുചിയായിരിക്കും." ഒരു വലിയ ചെരുവം നിറച്ചു രസം മുന്നില് കൊണ്ട്വന്നു വെച്ചിട്ട് ആ സ്ത്രീ പറഞ്ഞു.

ആ നിമിഷം എന്റെ മനസ്സിലൂടെ ഓടിയത് ആ സ്ത്രീയുടെ സത്യസന്ധതയും നിഷ്കളങ്കതയും സ്നേഹം തുളുമ്പുന്ന മനസ്സുമാണ്. സ്വന്തം മക്കളോട് എന്നപോലെയാണ് എല്ലാവരോടും പെരുമാറുന്നത്.
ആരെങ്കിലും ഭക്ഷണം കഴിച്ചിട്ട് ഇറങ്ങി പോയാൽ പോലും ആ അമ്മച്ചി അറിയില്ല.

അങ്ങനെ അവസാനത്തെ ഉരുള ചോറും വാരി അതിലേക്ക് രസം ഡയറക്റ്റ് ഒഴിച് ഒറ്റ വലി. ഭയങ്കര ടേസ്റ്റ് ആണ്.
ഞാൻ പത്രവുമെടുത്ത്‌ അടുക്കളയിലോട്ടു ചെന്നു.


" അമ്മച്ചീ, ഇതെവിടെയാ കഴുകുന്നേ"
"ഹോ, അതൊന്നും വേണ്ട, അതൊക്കെ അമ്മച്ചി ചെയ്തോളാം"
"എത്രയായി അമ്മച്ചി" ഞാൻ കൈ കഴുകികൊണ്ട് ചോദിച്ചു
"മക്കളുടെത്... അൻപത് രൂപ, ആ പെട്ടികകത്ത് ഇട്ടെരേ"
"അൻപതോ, അമ്മച്ചീ ഞാൻ രണ്ട് മീനും എടുത്തിരുന്നു"
"അതോണ്ടാ അൻപത്, രണ്ട് മീനിന് ഇരുപത്തിയഞ്ച്"
എന്റെ അന്തം വിട്ടു കുന്തം വിഴുങ്ങി നിക്കുന്ന ഭാവം കണ്ടു അമ്മച്ചി പറഞ്ഞു " ഇന്ന് മാർകെറ്റിൽ മീനിന് ഒരു കിലോയ്ക്ക് നാല്പ്പത് രൂപയെയുള്ളൂ. ഒരു കിലോയിൽ ഒരെഴെണ്ണം കാണും. അപ്പൊ ഞാൻ ഇവിടെയും വില കുറച്ചു. ഈ വയസാം കാലത്ത് ഞാൻ എന്തിനാ കാശുണ്ടാക്കുന്നത്."

ആ അമ്മച്ചിയോട്‌ എനിക്ക് വല്ലാത്ത സ്നേഹം തോന്നി. എവിടുന്നോ വരുന്ന മക്കള്‍ക്ക് വേണ്ടി ചോറും കറിയും ഒരുക്കിവെക്കുന്ന അമ്മ. "അമ്മച്ചി, ഞാൻ വേണമെങ്കിൽ കുറച്ച നേരം ഇവിടെ വിളമ്പാൻ നില്ക്കാം " 
അപ്പോൾ അമ്മച്ചി ഒരു ഭാവഭേദവുമില്ലാതെ, " അതൊന്നും വേണ്ട മക്കളെ, ഇവിടെ വരുന്നവർക്കറിയാം വിളമ്പി കഴിക്കണമെന്ന്. പിന്നെ അത്ര നിർബന്ധാണെങ്കിൽ പോവുന്ന സമയം പാത്രങ്ങൾ നിറച്ച് വെച്ചിട്ട് പൊയ്ക്കോ. കഴിക്കാൻ വരുന്നവർ കാലിയായ പാത്രങ്ങൾ കാണുന്നത് മോശല്ലേ."
____________________________
പാത്രങ്ങൾ നിറച്ച് വെച്ച് അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സിൽ ഒരു ചിന്ത മാത്രം. ഇങ്ങനെയൊരു അമ്മച്ചിയുടെ സ്വന്തം മക്കളെവിടെ. അവരും ഇതുപോലെ വല്ലിടത്തും കഷ്ടപ്പെടുന്നുണ്ടാവുമോ. അതോ അവർ ഈ സ്ത്രീയെ തനിച്ചാക്കി പോയതാണോ. അതോ.... ഇനി ഇവർക്ക് മക്കളില്ലേ ..

7 comments:

  1. ഈ ബ്ലോഗിലെ ആദ്യ കമന്റ് എന്‍റെ വക ആയിക്കോട്ടെ....


    ഗഗനചാരിക്ക് ഒളിപ്പോരാളിയുടെ വക എല്ലാവിധ ആശംസകളും !!! :)

    ReplyDelete
  2. ആ...പിന്നെ...നാട്ടില്‍ വരുമ്പോ അമ്മച്ചിയുടെ ഹോംലി ഫുഡ് കഴിക്കാന്‍ പോവണം...ട്ടാ.... :)

    ReplyDelete
  3. ആദ്യ കമന്റ് ഒളിപ്പോരാളി എടുത്ത സ്ഥിതിക്ക് ശ്യാമസ്വാഗതം തരാം ! :) ബൂലോകത്തില്‍, ബ്ലോഗുലകത്തില്‍ നീണാള്‍ വാഴട്ടെ ഈ ഗഗനചാരി !

    ReplyDelete
  4. ഈ ഗഗനചാരി എന്ന് പറഞ്ഞാല്‍.. ആകാശത്തില്‍ ചാരി നില്‍ക്കുന്നവന്‍ എന്നാ..?
    ഏതായാലും ഇങ്ങിനെ ഒരു അമ്മച്ചിയേം, വറുത്തമീനിനേം പരിചയപെടുത്തിയതിനു നന്ദി. നാട്ടില്‍ വരുമ്പോള്‍ ഒന്ന് പോകണം.

    ReplyDelete
  5. പപ്പേട്ടന്റെ വാക്കുകള്‍ കൊണ്ട് പരിചയപെടുത്തല്‍ ,ആദ്യ പോസ്റ്റില്‍ നാട്ടുമണം. എല്ലാവിധ ആശംസകള്‍, എഴുത്ത് ഭേഷായി തുടരുക.

    ReplyDelete
  6. ഈ അമ്മച്ചിയുടെ ഹോട്ടലിനെക്കുറിച്ചും അവരുടെ സ്നേഹവായ്പുകളെക്കുറിച്ചും
    ഒരുപാട് കേട്ടിട്ടുണ്ട്. ഒരുപാടിഷ്ടം...
    പുരുഷോത്തമനും , അമ്മച്ചിഹോട്ടലിനും ആശംസകള്‍....!!

    ReplyDelete