Monday, June 16, 2014

എംപയര്‍ ഹോട്ടല്‍

സഹിക്കാന്‍ പറ്റാത്ത വിശപ്പുമായിട്ടാണ് ഞങ്ങള്‍, ബാംഗ്ലൂര്‍ കോറമംഗലയിലെ എംപയര്‍ ഹോട്ടലില്‍ കയറിയത്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും, ജെയിംസും, നവീനും, ഗോഗോയിയും, ഹൊസേഫയും. വേള്‍ഡ് ഫെയ്മസ് ആയ അവിടുത്തെ കബാബും ഗ്രില്‍ ചിക്കനും ഓരോ ഫുള്‍ പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തു. കൂടെ പത്തു റോട്ടിയും നാല് ഗീറൈസും. അഞ്ചു മിനിറ്റില്‍ എത്തിക്കാം എന്ന് ഹോട്ടല്‍ ക്യാപ്റ്റന്‍ ദാവൂദും ഉറപ്പു തന്നു.
പക്ഷെ, ഓര്‍ഡര്‍ ചെയ്തിട്ട് പതിനഞ്ചു മിനിറ്റായിട്ടും ഗ്രില്‍ ചിക്കന്‍ പോയിട്ട് അതിന്‍റെ പൂട പോലും വന്നില്ല. ദാവൂദിനെ കാണ്മാണ്ടും ആയി. ഞങ്ങള്‍ ഗൊഗോയിയെ സൂക്ഷിച്ചു നോക്കി, അവന്‍ ഇപ്പൊ അസമീസ് പാട്ട് പാടും എന്നു തോന്നി. വിശപ്പിന്‍റെ കലിപ്പ് അവന്‍ അങ്ങനെയാണ് തീര്‍ക്കുക. അപ്പോഴാണ്‌, അങ്ങ് ദൂരെ നിന്ന് ഒരു വെയ്റ്റര്‍ കൈയ്യില്‍ താലവും ഏന്തി മന്ദം മന്ദം നടന്നു വരുന്നത് കണ്ടത്.
"ഹോ .. സമാധാനമായി... ഫുഡ് വരുന്നുണ്ട്.." ഞാന്‍ പറഞ്ഞു, എല്ലാവരും ഐശ്വര്യാ റായിയെ നോക്കുന്നത് പോലെ അയാളെ നോക്കി. അയാള്‍ ഞങ്ങളുടെ ടേബിളിന്‍റെ ഇടയില്‍ വന്നു നിന്നു. എന്നിട്ട് തൊട്ടപ്പുറത്തെ ടേബിളില്‍ അത് വെച്ചു. ഞങ്ങള്‍ അവരെ നോക്കി. രണ്ടു ആകാശ് അംബാനി സൈസ് പിള്ളേരും, അപ്പനും അമ്മയും. ഒരു തമിഴ് ഫാമിലി ആയിരുന്നു അത്. അവരുടെ മുന്‍പില്‍ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത അതേ ചിക്കന്‍ ഐറ്റംസ്.
ഞങ്ങള്‍ നോക്കി നില്‍ക്കെ അവര്‍ നാല് മുഴുത്ത ഗ്രില്‍ പീസ്‌ എടുത്തു. ഇളയവന്‍ മണപ്പിച്ചിട്ട് പറഞ്ഞു, "റൊമ്പ നല്ല സ്മെല്ല്". എന്നിട്ട് നാല് പേരും കൂടി ഒരേ സമയം അത് നാലും വായിലേക്ക് ഇട്ടു. ഞങ്ങള്‍ അഞ്ചു പേരും അത് നോക്കി അവിടെ ഇരുന്നു.
അവര്‍ ചിക്കന്‍റെ എല്ലുകള്‍ വേസ്റ്റ് പ്ലേറ്റില്‍ ഇട്ടു. എന്നിട്ട് നാലു പേരും ഒരേ സമയത്ത് കബാബ് പ്ലേറ്റില്‍ കൈയ്യിട്ടു. എല്ലാവരും ഓരോ പീസ്‌ വീതം എടുത്തു. പക്ഷെ, അപ്പോഴാണ് പെട്ടെന്നൊരു കൈ അവരുടെ ഇടയില്‍ കയറി ചെന്നത്, സൈഡ് സീറ്റില്‍ ഇരിക്കുന്ന മ്മടെ ഗൊഗോയുടെ കൈ.
അവന്‍ ദയനീയമായി അവരെ നോക്കി, അതിനു ശേഷം ഞങ്ങളെയും. "വിശപ്പ്‌ സഹിക്കാന്‍ പറ്റാഞ്ഞിട്ടാ എന്ന് ഈ തമിഴന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും" എന്ന കിലുക്കത്തിലെ ജഗതി സ്റ്റൈല്‍ നോട്ടം. ദയനീയ ഭാവം മാറി അവരുടെ മുഖം കലിപ്പ് ആയി. ഇളയവന്‍ ആണെങ്കില്‍ ഇപ്പൊ ഗൊഗോയിയെ കടിച്ചുകീറി തിന്നും. ഞാന്‍ ഭവ്യതയോടെ പറഞ്ഞു,
"പസി താങ്ക മുടിയലേ .. രണ്ടു നാള്‍ ഒന്നുമേ സാപ്പിടലെ, അതുക്ക് താന്‍ ഇപ്പടി പണ്ണിട്ടെന്‍, മന്നിച്ചിടുങ്കോ.. " എനിക്ക് അറിയാവുന്ന തമിഴില്‍ സിറ്റുവേഷന്‍ ഹാന്‍ഡില്‍ ചെയ്യാന്‍ ശ്രമിച്ചു.
അവര്‍ ഒന്നും മിണ്ടിയില്ല. ഗൊഗോയിയെ രൂക്ഷമായി നോക്കി. "ഇവന്മാരോട് നീ പറ... നമ്മുടെ കബാബ് വരുമ്പോള്‍ രണ്ടു പീസ്‌ എക്സ്ട്രാ കൊടുക്കാം എന്ന്..' അവന്‍ ഹിന്ദിയില്‍ എന്നോട് പറഞ്ഞത് ഞാന്‍ അവരോടു പറഞ്ഞു, ഇളയവന്‍റെ മുഖം രണ്ടു പെടക്കൊഴികളെ ഒരേ സമയം മുന്‍പില്‍ കിട്ടിയ പൂവന്‍റെ മാതിരി ആയി. ഹാ എന്താ സന്തോഷം. അപ്പോഴാണ്‌ വെയ്റ്റര്‍ വെറുംകൈയ്യോടെ വന്നത്.
ഞങ്ങള്‍ അഞ്ചുപേരും അവര്‍ നാലുപേരും, മൊത്തം പതിനെട്ടു കണ്ണുകള്‍ അയാളെ സൂക്ഷിച്ചു നോക്കി. അയാള്‍ പറഞ്ഞു, "കബാബും ഗ്രില്ലും തീര്‍ന്നു".
"വേറെ എന്നാ ഇറുക്ക്..." ചോദ്യം ചോദിച്ചത് ഞങ്ങളല്ല, ഇളയ ആകാശ് അംബാനി ആയിരുന്നു.
"ഡ്രൈ ഐറ്റം എല്ലാം തീര്‍ന്നു .. കിച്ചന്‍ ക്ലോസ് ചെയ്തു," വെയിറ്റര്‍ സംഭവം മനസ്സിലാകാതെ ആ പയ്യനോട് പറഞ്ഞു.
പിന്നെ അവിടെ കേട്ടത് അലര്‍ച്ചയായിരുന്നു. പക്ഷെ അപ്പോഴും, ഗൊഗോയ്, കഴിച്ച കബാബിന്‍റെ എല്ല് ഏത് ടേബിളിലെ വേസ്റ്റ് പ്ലേറ്റില്‍ ഇടണം എന്നറിയാതെ കിംകര്‍ത്തവ്യവിമൂഡനായി നിന്നു.

അജ്ജി ഓട്ടലു

പണ്ട്, അഞ്ചില്‍ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു, വീട്ടില്‍ നിന്ന് ഏകദേശം ഒരു മൂന്നു കിലോമീറ്റര്‍ മാറിയായിരുന്നു ട്യൂഷന്‍ സെന്‍റര്‍. ഒരു ഒന്നര കിലോമീറ്റര്‍ നടന്നു കഴിഞ്ഞാല്‍ ഒരു വളവു കിട്ടും. ആ വളവു തിരിയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറാന്‍ തുടങ്ങും. ആ ഒരൊറ്റ മണം ആയിരുന്നു അതിലൂടെ ഒരു ക്ഷീണവും കൂടാതെ എന്നെ വഴി നടത്തിയിരുന്നത്.
ഒരു അമ്മൂമ്മ നടത്തുന്ന ചെറിയൊരു ഹോട്ടല്‍ ആയിരുന്നു അത്. ഓടിട്ട, ഓല മെടഞ്ഞു പൊതിഞ്ഞ, അടുത്ത കാറ്റില്‍ വീഴും എന്നു തോന്നിപ്പിക്കുന്ന വളരെ ചെറിയൊരു ഹോട്ടല്‍. അമ്മൂമ്മ ഒരു കന്നഡക്കാരി ആയതുകൊണ്ട് എല്ലാവരും അവരെ "അജ്ജി" എന്നായിരുന്നു വിളിച്ചിരുന്നത്, അതുകൊണ്ടുതന്നെ അത് അറിയപ്പെട്ടിരുന്നത് "അജ്ജി ഓട്ടലൂ" എന്നായിരുന്നു.
ആ മനം മയക്കുന്ന മണം പരത്തുന്ന സംഭവം നീര്‍ ദോശയായിരുന്നു, ഇവിടുത്തെ സ്പെഷ്യല്‍ ഐറ്റം. നീര്‍ ദോശ എന്ന് വെച്ചാല്‍ ഉഴുന്ന് ചേര്‍ക്കാതെ അരയ്ക്കുന്ന ദോശ. അരിയും പഴയ ചോറും കുറച്ചു ജീരകവും ചേര്‍ത്ത് നല്ല നീളത്തില്‍ അരച്ചെടുക്കും. നീളത്തില്‍ എന്ന് വെച്ചാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത്. അത് ചെറിയൊരു ദോശക്കല്ലില്‍ നിറയെ ഒഴിച്ച വെളിച്ചെണ്ണയില്‍ ചുട്ടെടുക്കുന്ന സമയത്തായിരിക്കും എന്‍റെ അതിന്‍റെ മുന്‍പിലൂടെയുള്ള യാത്ര.
നല്ല മൂത്ത വെളിച്ചെണ്ണയില്‍ ആ അരച്ച മാവ് വീഴുമ്പോള്‍ അതിന്‍റെ മണം കിളിവാതിലിലൂടെ പുറത്തുവരും. ജീരകവും അരിയും ഒരുമിച്ചു മൊരിയുമ്പോള്‍ വരുന്ന ആ മണം, അത് എത്രയോ പ്രാവശ്യം എന്നെ ആ ഓട്ടലിന്‍റെ മുന്‍പില്‍ ഒരു പ്രതിമയെ പോലെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. ആ മണം കൂടുതല്‍ ആസ്വദിക്കാന്‍ വേണ്ടി പലപ്പോഴും ഞാന്‍ വെള്ളം കുടിക്കാന്‍ എന്ന വ്യാജേന അതിനകത്തു കയറും.
അപ്പോള്‍ അവിടെ കുറച്ചു പേര്‍ ഈ നീര്‍ദോശ കഴിക്കുന്നുണ്ടാകും. അതാണ്‌ സഹിക്കാന്‍ പറ്റാത്തത്, കാരണം, അവരത് കഴിക്കുമ്പോള്‍ അതിന്‍റെ മുകളില്‍ മീന്‍ കറി ഒഴിച്ചിട്ടുണ്ടാകും. ഈ മീന്‍ കറിക്കുമൊരു പ്രത്യേകതയുണ്ട്, തലേ ദിവസം രാത്രി ഹോട്ടല്‍ അടച്ചതിനു ശേഷമാണ് ഈ മീന്‍കറി ഉണ്ടാക്കുക. ആ മീന്‍കറി ആയിരിക്കും ഇവര്‍ പിറ്റേ ദിവസം വൈകുന്നേരം വിളമ്പുക. ഈ കോമ്പിനേഷന്‍റെ മണം തന്നെ സഹിക്കാന്‍ കഴിയില്ല, അപ്പൊ ഇത് കണ്ടാലുള്ള അവസ്ഥയോ??
ഒരിക്കല്‍ വെള്ളം കുടിക്കുന്നതിനിടയില്‍ അജ്ജി എന്നോട് ചോദിച്ചു, " ദോസ ബോടാ" (തുളു ഭാഷയില്‍ "ദോശ വേണോ" എന്നാണ് ചോദിച്ചത്)
ഞാന്‍ ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു. വേണ്ടാ എന്ന് പറയാന്‍ മനസ് അനുവദിച്ചിരുന്നില്ല, കാരണം അത്രയ്ക്കും കൊതിച്ചിരുന്നു അതിന്‍റെ ഒരു കഷണമെങ്കിലും കഴിക്കാന്‍. അവരെന്നോട് ക്യാഷ് ടേബിളിനു പുറകിലുള്ള മരത്തിന്‍റെ സ്റ്റൂളില്‍ ഇരിക്കാന്‍ പറഞ്ഞു. നിമിഷനേരം കൊണ്ട് എന്‍റെ മുന്‍പില്‍ മീന്‍ കറിയില്‍ മുങ്ങിയ രണ്ടു ദോശ കൊണ്ടു വന്നു വെച്ചു.
അതിന്‍റെ മനം മയക്കുന്ന മണം എന്‍റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടെങ്കിലും അത് കഴിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. ഞാന്‍ അവിടുന്ന് എഴുന്നേറ്റോടാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും അവര്‍ എന്‍റെ കൈയ്യില്‍ പിടിച്ചു, എന്നോട് അവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു.
"എന്നട്ട് കാസ് ഇജ്ജി" എന്‍റെ കൈയ്യില്‍ കാശില്ല എന്ന് ഞാനവരോട് പറഞ്ഞു. അവരത് കാര്യമാക്കാതെ, എന്നോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. വിളമ്പിയ ഭക്ഷണത്തിന്‍റെ മുന്‍പില്‍ നിന്ന് ഒരിക്കലും എഴുന്നേറ്റ് പോകരുത് എന്ന വലിയൊരു ഉപദേശവും.
പിറ്റേന്ന് അച്ഛന്‍റെ കൈയ്യില്‍ നിന്ന് എക്സ്ട്രാ അഞ്ചു രൂപയും വാങ്ങിച്ച് ഞാന്‍ വീണ്ടും അവിടെ ചെന്നു. വീണ്ടും ആ മണം എന്നെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു. ജഗ്ഗില്‍ നിന്ന് വെള്ളം കുടിച്ചതിനു ശേഷം ഞാന്‍ ആ ഒരു രൂപയുടെ അഞ്ചു തുട്ടുകള്‍ അവര്‍ക്ക് നേരെ നീട്ടി. പക്ഷെ, അവര്‍ അത് വാങ്ങിയില്ല. എന്നോട് ആ സ്റ്റൂളില്‍ ഇരിക്കാന്‍ പറഞ്ഞു. എന്‍റെ മുന്‍പില്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കൊണ്ടുവന്നു വെച്ചു. കഴിക്കാന്‍ മടി കാണിച്ചപ്പോള്‍ അവര്‍ വീണ്ടും ആ ഉപദേശം ഓര്‍മ്മിപ്പിച്ചു.
ഏകദേശം മൂന്നു മാസത്തോളം ഇത് തുടര്‍ന്നു. ഒരു ദിവസം കഴിച്ചു കഴിഞ്ഞതിനു ശേഷം ഞാന്‍ അവരോടു പറഞ്ഞു, "നാളെ തൊട്ട് ട്യൂഷന്‍ ഇല്ല, അടുത്ത ആഴ്ച്ച പരീക്ഷയും തുടങ്ങും." അവര്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ കൈ കഴുകി തിരിച്ചു വരുമ്പോഴും അവര്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
"അപ്പൊ, മോന്‍ ഇനി വരില്ലേ ??" ഒരല്‍പം പരിഭവം കലര്‍ന്ന സ്നേഹത്തോടെ അവര്‍ ചോദിച്ചു.
"ഇല്ല .. ഇവിടുത്തെ ട്യൂഷന്‍ കഴിഞ്ഞു, ഇനി ഇത് വഴി വരേണ്ട ആവശ്യം ഇല്ല." നിഷ്കളങ്കമായ എന്‍റെ ആ മറുപടി അവരെ വല്ലാതെ വേദനിപ്പിച്ചു. ആ വാക്കുകള്‍ അത്രയും ക്രൂരമാണ് എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.
"എന്നാല്‍ .. ഇത്രയും നാള്‍ കഴിച്ച ദോശയുടെ കാശ് തന്നിട്ട് പോയാല്‍ മതി" എന്നും പറഞ്ഞ് അവര്‍ എന്നെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണിലൂടെ ആത്മബന്ധത്തിന്‍റെ ഉറവ അണപൊട്ടി ഒഴുകി. അതിന്‍റെ തീവ്രത മനസ്സിലാക്കാന്‍ കഴിയാതെ പത്തു വയസ്സുകാരനായ ഞാന്‍ അന്ധാളിച്ചു നിന്നു.
ഇറങ്ങാന്‍ നേരം ഞാന്‍ അവരോടു കരഞ്ഞു കൊണ്ട് പറഞ്ഞു, "ഇത്രയും പൈസയൊന്നും എന്‍റെ കൈയ്യില്‍ ഇല്ല, അച്ഛന്‍ തരുകയുമില്ല.."
അവര്‍ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു, "അത് അജ്ജി അന്നേരത്തെ വിഷമം കൊണ്ട് പറഞ്ഞതല്ലേ.. അത് കാരയാക്കണ്ട.. മോന്‍ സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വന്നാല്‍ മതി." എനിക്ക് സമാധാനമായി, ഞാന്‍ സന്തോഷത്തോടെ അവിടുന്ന് ഇറങ്ങി.
അഞ്ചു വര്‍ഷം കഴിഞ്ഞ് തൊണ്ണൂറാം വയസ്സില്‍ അവര്‍ മരിച്ചപ്പോള്‍, അജ്ജി ഓട്ടലിനോട് ചേര്‍ന്ന് പുറകുവശത്തുള്ള അവരുടെ വീട്ടില്‍ ഞാന്‍ പോയി. ചന്ദനത്തിരികളുടെയും എരിത്തിരികളുടെയും മണം കൊണ്ടു നിറഞ്ഞ മുറ്റം, ഞാന്‍ വെള്ളപുതച്ചു കിടക്കുന്ന അവരുടെ കാലില്‍ മുഖം തൊട്ടു വണങ്ങി. അപ്പോഴും എനിക്ക് ആ വെളിച്ചെണ്ണയില്‍ മൊരിയുന്ന അരിയും ജീരകവും കലര്‍ന്ന മാവിന്‍റെ മണം കിട്ടുന്നുണ്ടായിരുന്നു, അത്രയ്ക്കും ആ മണം അവരുടെ ദേഹത്തും ദേഹിയിലും അലിഞ്ഞു ചേര്‍ന്നിരുന്നു.

Thursday, June 5, 2014

ഞാനും ഒരു കാസ്രോട്ടാരന്‍

"എന്താടോ ഇവളിങ്ങനെ സംസാരിക്കുന്നത്. ഒരുമാതിരി ബിരിയാണിയില്‍ സാമ്പാര്‍ ഒഴിച്ചതുപോലെ. ഒരു അന്തവും കുന്തവുമില്ലാത്ത ഭാഷ. ഒന്നും മനസ്സിലാകുന്നില്ല. നിങ്ങളെന്താ ആദിവാസികളാ."

സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലെ റീമയുടെ ഭാഷ കേട്ടിട്ടായിരുന്നു ഹരിയുടെ ഈ ചൊറിയുന്ന ചോദ്യം. റീമ അതില്‍ ഒരു കാസറഗോഡ്കാരിയുടെ വേഷമാണ് ചെയ്തത്.

കര്‍ണാടകയ്ക്ക് വേണ്ടായെന്ന് പറഞ്ഞപ്പോള്‍ വലിഞ്ഞുകയറി വന്നവരല്ലേ നിങ്ങള്‍ എന്ന് കൂടി പറഞ്ഞപ്പോള്‍ എനിക്ക് കുരു പൊട്ടി. ഞാന്‍ വേണ്ടതുപോലെ കൊടുത്തു. എന്നിട്ടും കലിപ്പ് തീരുന്നില്ല, അത് കൊണ്ടാണ് ഈ പോസ്റ്റ്‌ .

ഞങ്ങ കാസ്രോട്ടാരെ കുറിച്ച് നിങ്ങക്ക് എന്തറിയാം. സപ്തഭാഷകളുടെ സംഗമഭൂമിയാണ് കേരളത്തിന്‍റെ തിലകക്കുറിയായ കാസര്‍ഗോഡ്. മലയാളത്തിനു പുറമേ കന്നഡയും തുളുവും ബ്യാരിയും ഉറുദുവും അനായാസമായി വഴങ്ങും ഞങ്ങ കാസ്രോട്ടാര്‍ക്ക്. ഇത് കൂടാതെ കൊങ്കിണിയും മറാത്തിയും മനസ്സിലാകും.

ഇത്രയും ഭാഷകള്‍ അറിയുന്നത് കൊണ്ടുതന്നെയാണ്‌ കാസ്രോട്ടാര്‍ക്ക് എവിടെപോയാലും പിടിച്ചുനില്‍ക്കാന്‍ പറ്റുന്നത്. പ്രവാസികളായ സുഹൃത്തുക്കള്‍ക്ക് ഇത് നേരത്തെ അറിയാമായിരിക്കും.

ഇനിയുമുണ്ട് വിശേഷണങ്ങള്‍, സ്പിന്നിലെ ഇതിഹാസമായ അനില്‍ കുംബ്ല ജനിച്ചതും കാസര്‍ഗോഡ് ജില്ലയിലെ കുംബ്ലെയിലാണ്.

യുനെസ്കോ അംഗീകരിച്ച കേരളത്തിലെ ഏറ്റവും സുന്ദരമായ കോട്ടയായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത് ഞങ്ങടെ അറബിക്കടലിന്‍റെ കരയിലാണ്. ഇതിന്‍റെ ഭംഗിയൊന്നു കാണണമെങ്കില്‍ യൂട്യൂബില്‍ 'ബോംബെ' സിനിമയിലെ 'ഉയിരേ'യെന്ന ഗാനം കണ്ടാല്‍ മാത്രം മതി. അത് പോലെ തന്നെ സുന്ദരമാണ് കൊഡഗിനോട് ചേര്‍ന്നുകിടക്കുന്ന റാണിപുരവും.

കേരളത്തിലെ ഒരേയൊരു തടാകക്ഷേത്രമായ അനന്തപുരം സ്ഥിതിചെയ്യുന്നതും കാസ്രോട്ടാണ്. ഈ ക്ഷേത്രത്തിലെ തടാകത്തിലെ ഗുഹയിലൂടെ യാത്ര തുടങ്ങിയാണ് ശ്രീ വിഷ്ണു ഭഗവാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയതും, അവിടെ പ്രതിഷ്ടിതനായതും. അതാണ് ഐതിഹ്യം. അത് കൊണ്ടാണ് ഇത് അനന്തപുരവും, അത് തിരുവനന്തപുരവും.

അത് പോലെ തന്നെ പ്രശസ്തമാണ് തളങ്കരയിലെ മാലിക്ദീനാര്‍ ജുമാ മസ്ജിദും. ഓരോ ദിവസവും നൂറില്‍പ്പരം ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്ന ഈ പുണ്യസ്ഥലം, ഇന്ത്യയില്‍ ആദ്യം വന്ന സ്വാഹബി മാലിക്-ഇബ്ന്-ദീനാറിന്‍റെ കബറിടം കൂടിയാണ്. (കടപ്പാട്: വിക്കിപീഡിയ)

പിന്നെ, സ: ഇ കെ നായനാരുടെ സ്വന്തം മണ്ഡലമായിരുന്നു കാസ്രോട്ടെ തൃക്കരിപ്പൂര്‍ . രണ്ടു തവണ അദ്ദേഹം മുഖ്യമന്ത്രിയായത് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ്.

കേരളത്തിലെ ആദ്യ മുനിസിപ്പല്‍ സ്റ്റേഡിയം വിദ്യനഗറില്‍ ഉദ്ഘാടനം ചെയ്തത് വനിതകളുടെ ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റോടു കൂടിയായിരുന്നു. അന്ന് തിങ്ങിക്കൂടിയ ജനസാഗരത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

" എനക്കറിയാടോ ഇങ്ങളെല്ലാം എന്തിനാ ബന്നേന്ന്. എന്നെ കാണാനല്ലാന്നും നന്നായിറ്ററിയാം. ഈടെയിപ്പോ ബിജയനോ അഞ്ചേരിയോ പാപ്പച്ചനോ മാറ്റോ കളിക്കാന്‍ ബന്നീനെങ്കി ഇയിന്‍റെ പത്തിലോന്ന്‍ ഇണ്ടാവുവോ ആള്‍ക്കാര്. നിങ്ങള്‍ ട്രൗസറിട്ട പെണ്ണുങ്ങടെ ഓട്ടം കാണാന്‍ ബന്നതല്ലേ, നടക്കട്ടെ, നടക്കട്ടെ"

ഇതുപോലുള്ള നര്‍മ്മത്തില്‍ ചാലിച്ച സത്യങ്ങള്‍ പറയാന്‍ സഖാവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. അത് മാത്രമല്ല, വേറെയാരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ ബാക്കി വെക്കുമോ. അതാണ് നമ്മുടെ തൃക്കരിപ്പൂരിന്‍റെ സഖാവ്.

" അപ്പൊ ഹര്യേ, ഇപ്പൊ കാര്യങ്ങള്‍ ഏകദേശം പുടികിട്ടിയല്ലോ, ഇനി കളിക്കാന്‍ വന്നാല്‍ സപ്തഭാഷക്കാരുടെ കൈയ്യിന്‍റെ ചൂടറിയും, പറഞ്ഞില്ലാന്ന്‍ ബേണ്ട .. ങ്ങാ.. ഓന്‍റെ യൊരു ബിരിയാണീം സാമ്പാറും " :-p

അവന്‍ അനിരുദ്ധന്‍

ഉമ്മറത്തിരുന്ന് അലസമായൊരു അവധിദിനം തള്ളിനീക്കുമ്പോഴാണ്, ഗേറ്റിന്‍റെ കൊളുത്ത് തുറന്ന് അവന്‍ അകത്തുകടന്നു വന്നത്. 

ചുട്ടുപൊള്ളുന്ന വെയിലിന്‍റെ തീക്ഷ്ണത കൊണ്ടാവാം, അവന്‍റെ കരുവാളിച്ച ചുണ്ടുകളില്‍ വിണ്ടുകീറിയ ചോര ഉണങ്ങിപ്പിടിച്ചിരുന്നു. പൊടിപിടിച്ച സിറ്റൌട്ടില്‍ അനുവാദം ചോദിക്കാതെ അവന്‍ തളര്‍ന്നിരിന്നു. നീലപൂക്കളുള്ള ഒരു വെള്ള തൂവാല കൊണ്ടവന്‍ മുഖം തുടച്ചു.

"ചേട്ടാ, കുടിക്കാനിച്ചിരി വെള്ളം വേണായിരുന്നു."
"ഇത് മതിയോ, കുടിച്ചതിന്‍റെ ബാക്കിയാ " താഴെ വെച്ചിരിക്കുന്ന സ്റ്റീല്‍ കപ്പ്‌ എടുത്തു കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
"അതിനിപ്പോ എന്താ, വെള്ളം കുടിക്കാനുള്ളതല്ലേ സാറേ." അവന്‍റെ നര്‍മ്മത്തില്‍ ചാലിച്ച പക്വമായ മറുപടി എനിക്കിഷ്ടപ്പെട്ടു.

കുറച്ചു കുടിച്ചതിനു ശേഷം അവന്‍ ബാക്കിയുള്ള വെള്ളം കൊണ്ട് മുഖം കഴുകി. സഞ്ചി വലിച്ചടുത്തുവെച്ചു. അപ്പോഴാണ്‌ ഞാനതിനകത്തുള്ള കിലുങ്ങുന്ന ഇരുമ്പിന്‍റെ ശബ്ദം ശ്രദ്ധിച്ചത്.

" എന്താടോ ഇതിനുള്ളില്‍ .. ങ്ങേ.. " ഞാന്‍ ചോദിച്ചു.
" ചേട്ടാ, എന്‍റെ അച്ഛന്‍ ഒരു കൊല്ലനാണ്, ഈ കത്തിയൊക്കെ അച്ഛന്‍ ഉണ്ടാക്കിയതാ. ഞങ്ങടെ നാട്ടിലാണെങ്കില്‍ എല്ലാ വീട്ടിലും കത്തികളുണ്ട്. കടേല്‍ കൊടുത്താല്‍ ഒരു ലാഭവും കിട്ടില്ല. "
അവന്‍ കത്തികള്‍ ഓരോന്നായ് പുറത്തെടുത്തു വെച്ചുകൊണ്ട് പറഞ്ഞു.

" എവിടെയാ മോന്‍റെ വീട്, ഇത്രയും കത്തികള്‍ സഞ്ചിക്കകത്തിട്ട് കറങ്ങുന്നത് അപകടമാണെന്നറിയില്ലേ ?" ചേട്ടാ എന്നുള്ള അവന്‍റെ വിളിയുടെ അധികാരം കൊണ്ട് ഞാന്‍ ചോദിച്ചു.

"അത് നേരാ, പക്ഷെ പിള്ളേരാവുമ്പോ ആരും ഇതൊന്നും തുറന്നു നോക്കില്ല. എന്‍റെ വീട് അങ്ങ് കോലഞ്ചേരിയിലാ. രാവിലെ ഇറങ്ങിയതാ. ഒരു നാലെണ്ണം കൂടി വിറ്റാല്‍ തിരിച്ചുപോകാം." അവന്‍ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

" ഓ.. അപ്പൊ നിനക്ക് തിരിച്ചു വീട്ടിലെത്താന്‍ ഞാന്‍ നാലെണ്ണം വാങ്ങണമെന്ന് .. കൊള്ളാല്ലോ ചെക്കാ നീ " ഇറച്ചി നുറുക്കുന്ന ഒരു കത്തിയുടെ മൂര്‍ച്ച നോക്കി കൊണ്ട് ഞാന്‍ ചിരിച്ചു.

പെട്ടെന്നവന്‍ കുടാകുടാ ചിരിക്കാന്‍ തുടങ്ങി. നിഷ്കളങ്കത നിറഞ്ഞുതുളുമ്പുന്ന ആ കണ്ണുകളുടെ തിളക്കം വീണ്ടും വര്‍ദ്ധിച്ചു.

" അയ്യോ, അത് വേണ്ട, ചേട്ടന്‍ ഒന്നോ രണ്ടോ വാങ്ങിയാല്‍ മതി. ഇപ്പൊ രണ്ടു മണിയായതല്ലേയുള്ളൂ. ഇനീം സമയമുണ്ടല്ലോ. കൊറേ വീടുകളും ഉണ്ട്. ഒരു പത്തിടത്ത് കൂടി കയറിയാല്‍, ബാക്കീം കൂടെ വിറ്റു കിട്ടും" അവന്‍ മറ്റൊരു കത്തിയെടുത്ത് നീട്ടികൊണ്ട് പറഞ്ഞു.

" നീ എന്തിനാ ഇതൊക്കെ വിക്കാന്‍ നടക്കുന്നത്, നീ സ്കൂളിലൊന്നും പോകാറില്ലേ "

" അയ്യോ.. സ്കൂളീ പോകുന്നോണ്ട് തന്ന്യാ ഞാനിത് വിക്കാനിറങ്ങിയത്. അടുത്ത മാസം മലമ്പുഴയിലോട്ട് ഒരു സ്റ്റഡി ടൂര്‍ ഉണ്ട്. അച്ഛനോട് ചോദിച്ചപ്പോ പൈസ ഇല്ലാ എന്ന് പറഞ്ഞു. അപ്പൊ ഞാന്‍ പറഞ്ഞു, ഇത് വിറ്റ് കിട്ടുന്ന ലാഭം കൊണ്ട് ഞാന്‍ പൊക്കോളാമെന്ന്. അങ്ങനെ ഇറങ്ങിത്തിരിച്ചതാ"

"മോന്‍ എത്രേലാ പഠിക്കുന്നെ... ദാ .. ഇത് വേണ്ട, ചെറിയോരെണ്ണം മതി" ഞാന്‍ ഇറച്ചിക്കത്തി തിരിച്ചു കൊടുത്തു.

" എട്ടിലാ ചേട്ടാ, ക്ലാസ്സിലുള്ള പിള്ളേരൊക്കെ പോകുന്നുണ്ട്. അത് കൊണ്ടാ."

അവന്‍ കത്തി സഞ്ചിയില്‍ തിരിച്ചിട്ടു. പുതിയൊരു കത്തി വലിച്ചെടുത്തു. അപ്പോഴാണ് മറ്റൊരു കത്തിയുടെ അറ്റം കൊണ്ടതും, വിരല്‍ മുറിഞ്ഞതും, അവന്‍ അമ്മേ എന്ന് ഒച്ച വെച്ചതും. അവന്‍ വലിച്ചെടുത്ത കത്തി നിലത്തിട്ട്, വിരല്‍ വായിലിട്ടു. കണ്ണുകളിലൂടെ വേദന നിറഞ്ഞൊഴുകി.

ഞാന്‍ അവനെ അടുത്തുള്ള പൈപ്പിന്‍റെ കീഴില്‍ കൊണ്ടുപോയി. ചോര നില്‍ക്കുന്നില്ല. അകത്തു പോയി ഡെറ്റോളും ഐസ്ക്യൂബും കൊണ്ട് വന്നു. അവന്‍ അവന്‍റെ കൈയ്യിലുള്ള തൂവാല കൊണ്ട് വിരല്‍ അമര്‍ത്തി പിടിച്ച്, മുട്ടുകള്‍ക്കിടയില്‍ മുഖം താഴ്ത്തി ഇരുന്നു.

നീലപൂക്കളുള്ള ആ വെള്ള തൂവാലയില്‍ അങ്ങിങ്ങായി ചോരക്കറ പടര്‍ന്നിരുന്നു. എനിക്ക് ദേഷ്യം വന്നു.

" നിന്‍റെ പ്രായത്തിനൊത്ത കാര്യങ്ങള്‍ ചെയ്‌താല്‍ പോരെ. അറിയാത്ത പണിക്ക് ഇറങ്ങി തിരിച്ചോളും. അച്ഛന്റെ നമ്പര്‍ താ, ഞാനൊന്ന് വിളിക്കട്ടെ. "

" അയ്യോ ചേട്ടാ.. അത് വേണ്ട, ഇതൊക്കെ അറിഞ്ഞാല്‍ പിന്നെ നാളെ എന്നെ വിടൂല്ല. "

" അതിനു വേണ്ടി തന്നെയാ .. നീ നമ്പര്‍ താ, ഇല്ലെങ്കില്‍ നിന്‍റെ കത്തികളെല്ലാം ഞാന്‍ ഇവിടെ പൂട്ടിവെക്കും. "

ഗത്യന്തരമില്ലാതെ അവന്‍ നമ്പര്‍ തന്നു. ഞാനതിലോട്ട് വിളിച്ചു.

" ഹലോ"
" ഹലോ, ഞാന്‍ കൊച്ചിയില്‍ നിന്നാണ്. നിങ്ങളുടെ മകന്‍ ... " അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്, ഇതുവരെ അവന്‍റെ പേര് ചോദിച്ചിട്ടില്ലല്ലോയെന്ന്‍.

" എന്താ നിന്‍റെ പേര് "
"അനി .. ചേട്ടാ ഒന്നും പറയല്ലേ പ്ലീസ് " അവന്‍ കെഞ്ചികൊണ്ട് പറഞ്ഞു.

" ഹലോ, അനില്‍ നിങ്ങടെ മോനാണോ " ഞാന്‍ അങ്ങേ തലക്കലുള്ള അവന്‍റെ അച്ഛനോട് ചോദിച്ചു.
" അനില്‍ അല്ല സര്‍, അനിരുദ്ധന്‍, അതാണ്‌ അവന്‍റെ പേര്. എന്താ .. എന്ത് പറ്റി സര്‍ "
" നിങ്ങളെന്തിനാ കുട്ടികളുടെ കൈയ്യില്‍ ഇങ്ങനെ അപകടം പിടിച്ച സാധനങ്ങള്‍ കൊടുത്തു വിടുന്നത്. അതും ഇത്രേം ദൂരേയ്ക്ക്. "

" അയ്യോ സാറെ, അവന്‍ കൊച്ചിയിലോട്ടാണോ വന്നത്. ഇവിടെ അടുത്ത് ഏതോ കടയില്‍ നല്ല ലാഭം കിട്ടുമെന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ കൊടുത്തത്. ഇവിടെ ഒരു സ്വൈര്യവും തരുന്നില്ലായിരുന്നു. "

" സ്റ്റഡി ടൂറിനു പോകാന്‍ വേണ്ടി കാശ് ഉണ്ടാക്കാനാണെന്നാ പറയുന്നത്. അത് നിങ്ങള്‍ക്ക് കൊടുത്താല്‍ പോരെ. എന്തിനാ വെറുതെ പിള്ളേരെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്. ഇപ്പൊ ഇതാ കൈയും മുറിഞ്ഞു. നല്ലോണം ചോരയും പോയിട്ടുണ്ട്."

ഞാനിത് പറയുമ്പോള്‍ അനിരുദ്ധന്‍ ദയനീയമായി എന്നെ നോക്കി കൊണ്ടിരുന്നു. മറുപടി എന്തായിരിക്കും എന്നവന്‍ ഊഹിച്ചെടുത്ത പോലെ.

"എന്‍റെ സാറേ, അതൊന്നുമല്ല കാര്യം. തള്ളയില്ലാത്ത പിള്ളേരാ. മൂത്തത് രണ്ടെണ്ണം പെമ്പിള്ളാരാ. ഒരാള്‍ പത്തിലും, മൂത്തത് പന്ത്രണ്ടിലും. എനിക്കാണേല്‍ ഒരു കൈ മേലാ. ഒറ്റകൈയും കൊണ്ടാ ഇതൊക്കെ ഒണ്ടാക്കുന്നത്. ഇവള്മാര്‍ക്ക് പുതിയ യൂണിഫോം വേണമെന്ന്‍ പറഞ്ഞ് ഒരാഴ്ച്ചയായി ബഹളാ. അവരെ പറഞ്ഞിട്ടും കാര്യമില്ല, കഴിഞ്ഞ കൊല്ലവും പുതിയതൊന്നും വാങ്ങിച്ചിട്ടില്ല, വളര്‍ന്നു വരുന്ന പെണ്‍കുട്ടികളല്ലേ."

ഞാന്‍ അനിരുദ്ധനെ നോക്കി. അവന്‍ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. അങ്ങേ തലക്കല്‍ അവന്‍റെ അച്ഛന്‍ വീണ്ടും തുടര്‍ന്നു. മകന്‍ പഠിത്തത്തിലും സ്പോര്‍ട്സിലും ഒന്നാമനാണെന്നും, നന്നായി പാട്ടു പാടുമെന്നും പറഞ്ഞു.

"അനിരുദ്ധന്‍, വളരെ നല്ല പേര്, നല്ലൊരു എടുപ്പുണ്ട്. " ഞാന്‍ അവന്‍റെ അച്ഛനോട് പറഞ്ഞു.
" ഹാഹാഹാ .. സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് ഇട്ടതാ. വലുതാകുമ്പോള്‍ ഇവനൊരു പോലീസാകണം എന്നാണ് ആഗ്രഹം. " വളരെ അടുപ്പമുള്ള ഒരാളോടെന്ന പോലെ നിറഞ്ഞ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.

ഞാന്‍ അനിരുദ്ധനോട് ആംഗ്യത്തില്‍ അവന് സംസാരിക്കണോ എന്ന് ചോദിച്ചു. അവന്‍ കൈകൂപ്പിക്കൊണ്ട് വേണ്ട എന്ന് പറഞ്ഞു. ഒരു രണ്ടു മിനിറ്റ് കൂടി അദ്ദേഹം വാ തോരാതെ സംസാരിച്ചു. എപ്പോഴെങ്കിലും കാണാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട്‌ ചെയ്തു.

"അപ്പൊ ഇതായിരുന്നു ഉദ്ധേശമല്ലേ." ഞാനവന്റെ തോളില്‍ തട്ടികൊണ്ട് പറഞ്ഞു.

പക്ഷെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആത്മാഭിമാനത്തിന് ക്ഷതമേറ്റ ഒരുവനെപോലെ അവന്‍ മുഖം താഴ്ത്തി നിന്നു.

"ഒരു കത്തിക്ക് എത്രയാ", ഞാന്‍ വിഷയം മാറ്റി വിഷയത്തിലേക്ക് വന്നു.

" അത് ചേട്ടാ, വലുതിന് മുന്നൂറും, ചെറുതിന് ഇരുന്നൂറും.. വെളിയിലാണേല്‍ നൂറു നൂറ്റമ്പത് കൂടുതല്‍ കൊടുക്കണം" അവന്‍ വീണ്ടും ഊര്‍ജ്ജസ്വലനായി.

" അപ്പൊ നിനക്ക് ആയിരം രൂപ കൂടി വേണമല്ലേ.. ശരി ഇത് നാലും ഞാനെടുക്കാം. ഇങ്ങു തന്നേരെ. എന്നിട്ട് എത്രയും പെട്ടെന്ന്‍ വീട്ടീ ചെല്ലാന്‍ നോക്ക്"

" അത് വേണ്ട ചേട്ടാ.. ചേട്ടനെന്തിനാ നാല് കത്തികള്‍, ഒരെണ്ണം പോരെ. ദാ.. ഇതിന്‍റെ കാശ് തന്നാ മതി. മുന്നൂറു രൂപ. ഞാന്‍ പറഞ്ഞില്ലേ, കുറച്ചു വീടുകളില്‍ കൂടി കയറിയാല്‍ ഇതങ്ങു തീരും. നാല് മണിക്കുള്ള ബസില്‍ എനിക്ക് വീട്ടിലോട്ടും പോകാം. "

ഒരു പന്ത്രണ്ടു വയസ്സുള്ള എട്ടാംക്ലാസ്സുകാരന്‍റെ ദുരഭിമാനമായിരുന്നില്ല ആ വാക്കുകളില്‍, മറിച്ച്, ജീവിതനൗക കരയ്ക്കടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അനാവശ്യ പ്രലോഭനങ്ങളില്‍ വീണുപോകാന്‍ പാടില്ലയെന്ന്‍, ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയെടുത്ത പക്വമായ ഒരു തിരിച്ചറിവായിരുന്നു അത്.

മുന്നൂറു രൂപയ്ക്ക് കത്തിയും കൈയില്‍ തന്ന് ഗേറ്റ് കടന്നവന്‍ മറയുമ്പോള്‍, ഒരു കാര്യം എനിക്ക് തീര്‍ച്ചയായിരുന്നു. നാളത്തെ തലമുറ ഇവനെ അറിയും.
വെറും അനിയായിട്ടല്ല. ഇവന്‍ അറിയപ്പെടുക ഇങ്ങനെയായിരിക്കും.

സിറ്റി പോലീസ് കമ്മീഷണര്‍ , അനിരുദ്ധന്‍ I.P.S

Sunday, June 1, 2014

സുകൃതം

"എടാ .. "

" ഉം "

"ഞാനൊരു കാര്യം പറഞ്ഞാല്‍ നീ വിശ്വസിക്കുമോ.." 

"അതെന്തൊരു ചോദ്യാ .. നീയെന്നോട് കള്ളം പറയില്ലാ എന്ന് എനിക്കറിയില്ലേ .. നീ പറ .. "

"എനിക്ക് നിന്നോടൊപ്പം ഒരു ദിവസം എങ്കില്‍ ഒരു ദിവസം കൂടുതല്‍ ജീവിക്കണം ..  ..."
"അതിപ്പോ എനിക്കും അങ്ങനെ തന്നെയല്ലേ ..  "

"കുന്തം ..  "
"അതെന്തേ ..  "

"അല്ലാതെ പിന്നേ ...  "
"നീ ചൂടാവാതെ കാര്യം പറ .. "

"ചൂടാവാതെ പിന്നെ .. നിനക്കും അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ നീ ദിവസവും ഇത്രേം സിഗരറ്റ് വലിച്ചു കൂട്ടുവോ .. നമ്മുടെ ജീവിതത്തില്‍ നിന്ന് എത്ര ദിവസങ്ങളാണ് നീ പുകച്ചു കളയുന്നത് എന്ന് നീ ഓര്‍ത്തിട്ടുണ്ടോ .. "
"അതിപ്പോ.."

"ഒരു അതിപ്പോയും ഇല്ല .. നീ നിര്‍ത്തുന്നോ ഇല്ലയോ .. "
"ങ്ങേ .. ഭീഷണിയാണോ .."

"അതെ .. ഭീഷണി തന്നെ .."
"അപ്പൊ . നിര്‍ത്തിയില്ലെങ്കില്‍ നീ എന്ത് ചെയ്യും ..  "

"നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ ആയുസ്സ് എത്തുന്നതിനു മുന്‍പേ ചാകും .."
"ങ്ങേ .. അതെങ്ങനെ .."

"നീ വലിച്ചു വലിച്ചു നേരത്തെ ചത്തുപോയാല്‍, ഞാന്‍ പിന്നെ ഈ ലോകത്ത് എന്ത് ചെയ്യാനാ .. അപ്പൊ ഞാനും ചാവും .. സമയം എത്തുന്നതിനു മുന്‍പേ .."

"മോളൂ .. "
"ഉം"

"ഇനി വലിക്കൂല്ലാട്ടാ .."
"   "
_______________________________

അങ്ങനെ ഞമ്മള്‍ പുകവലിയോടു ഗുഡ് ബൈ പറഞ്ഞു, ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടുതല്‍ , അവളോടുകൂടി ജീവിക്കാന്‍ വേണ്ടി മാത്രം....

നേഴ്സസ് ഡേ

അബ്ബാസ്‌ ഭായുടെ നേഴ്സ് പോസ്റ്റിനു താഴെ ഇട്ട കമന്റ്, ഒന്ന് കൂടി വിപുലീകരിച്ച് എഴുതുന്നു .. 
_____________________________________

എന്‍റെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ മണത്തറിഞ്ഞ ഗന്ധം മണ്ണിന്‍റെയും മാമ്പഴങ്ങളുടെയും ആയിരുന്നില്ല, മറിച്ച് മരുന്നുകളുടെതായിരുന്നു, കാരണം എന്‍റെ അമ്മ ഒരു നേഴ്സ് ആയിരുന്നു. സ്കൂള്‍ വിട്ടാല്‍ ഞാനും അനിയനും നേരെ ഓടി ചെല്ലുന്നത് വീട്ടിലേക്ക് ആയിരുന്നില്ല, ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ആയിരുന്നു. അമ്മ തിരക്കിലാണെങ്കിലും ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കു, വേറെ ഏതെങ്കിലും ഒരു സിസ്റ്റര്‍ ആന്‍റി ഞങ്ങള്‍ക്ക് വേണ്ട ബ്രെഡും പാലും കരുതി വെച്ചിട്ടുണ്ടാകും, വീട്ടില്‍ നിന്ന് കൊണ്ടുവന്നതോന്നുമല്ല, രോഗികള്‍ക്ക് കൊടുക്കുന്ന അതേ സാധനം.
പാലില്‍ മുക്കുമ്പോള്‍ അലിഞ്ഞു പോകുന്ന അമൃതം പോലെയായിരുന്നു ആ ബ്രെഡ്‌. ഞങ്ങള്‍ ലൈഫില്‍ കഴിച്ച ഏറ്റവും ബെസ്റ്റ് ബ്രെഡ്‌.

അതുപോലെ തന്നെ അമ്മയുടെ പ്രധാന ജോലി പ്രസവ വാര്‍ഡില്‍ ആയതുകൊണ്ടായിരിക്കാം, മിക്ക ദിവസങ്ങളിലും ഞങ്ങള്‍ക്ക് ലഡുവും സ്വീറ്റ്സും കിട്ടുമായിരുന്നു. ആശുപത്രി നിയമം അനുസരിച്ച് നേഴ്സ്മാര്‍ ഇതൊന്നും വാങ്ങാന്‍ പാടില്ല, അതുകൊണ്ടുതന്നെ അതൊക്കെ ഞങ്ങള്‍ കുട്ടികളുടെ അവകാശമായിരുന്നു.

പിന്നീട് അമ്മ നഴ്സിംഗ് ട്യൂടര്‍ ആയി, അതിനു ശേഷം പ്രിന്‍സിപ്പല്‍ ആയി റിട്ടയര്‍ ചെയ്തു. റിട്ടയര്‍ ചെയ്യുന്നതിനു കുറച്ചു വര്‍ഷം മുന്‍പു വരെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ഗവര്‍ന്മെന്റ് നഴ്സിംഗ് സ്കൂളില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അമ്മയുടെ സെന്റ്‌ ഓഫ് ദിനം ഞാനിപ്പോഴും ഓര്‍ക്കുന്നു, ഏകദേശം അഞ്ഞൂറോളം കുട്ടികള്‍ നിറകണ്ണുകളോടെ അമ്മയെ യാത്രയയ്ക്കുമ്പോള്‍ എന്നില്‍ അന്ന് ഉണര്‍ന്നു വന്ന അഭിമാനബോധം ജീവിതത്തില്‍ പല നേട്ടങ്ങളും ഞാന്‍ ഒറ്റയ്ക്ക് നേടിയപ്പോഴും തോന്നിയിട്ടില്ല.

അന്ന് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന സൌദിയില്‍ ജോലി ചെയ്തിരുന്ന ഒരു പൂര്‍വ വിദ്യാര്‍ഥിനി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു, " മാഡം പഠിപ്പിച്ചു തന്ന ഏറ്റവും വലിയ പാഠമാണ്, ആതുരസേവനത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ നമ്മള്‍ നമ്മുടെ രക്തബന്ധങ്ങളെ മറക്കേണ്ടി വരും, കാരണം മറ്റുള്ളവരെ സ്വന്തമായി കരുതാന്‍
അതൊരു വിലങ്ങുതടി ആകരുത്."

പറയാനാണെങ്കില്‍ ഇനിയുമുണ്ട് ഒരു പാട് .. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഓരോ ദിവസത്തെയും അനുഭവങ്ങള്‍, ജനനത്തിന്‍റെയും മരണത്തിന്‍റെയും നേര്‍ക്കാഴ്ചകള്‍, സാഹോദര്യത്തിന്‍റെയും സഹനത്തിന്‍റെയും നേര്‍ക്കാഴ്ചകള്‍.

ഒരിക്കല്‍ ഞാനും എഴുതാം, ഈ വെളുത്ത മേലങ്കി അണിഞ്ഞ ഭൂമിയിലെ മാലാഖമാരെ കുറിച്ച്, എന്‍റെ അമ്മയെ കുറിച്ചും മറ്റു സിസ്റ്റര്‍ ആന്‍റിമാരെ കുറിച്ചും .. നന്ദി അബ്ബാ ഈ പോസ്റ്റിനു  

Sunday, May 18, 2014

കുഞ്ഞനിയന്‍

ഇന്ന് ഞങ്ങൾ ബാവ എന്ന് വിളിക്കുന്ന എൻറെ കുഞ്ഞനിയന്റെAdheesh Damodaran ഹാപ്പി ഹാപ്പി ബർത്ത്ഡേ ആണ്.. 

അവനു വേണ്ടി ഈ വരികൾ ഞാൻ ഒരിക്കൽക്കൂടി ഇവിടെ കുത്തിക്കുറിക്കട്ടെ .. ഹാപ്പി ബർത്ത്ഡേ ബ്രോ .. 
---------------------

കുഞ്ഞനിയന്‍
________________

അമ്മതന്‍ വയറില്‍
കുഞ്ഞിക്കാലനങ്ങുമ്പോള്‍,
ഇതെന്‍ പെങ്ങളെന്നു പറഞ്ഞു
തൊട്ടുംത്തലോടി ഞാന്‍,

ആങ്ങളമാര്‍ക്ക്
കുഞ്ഞുടുപ്പിടീക്കാനും,
കണ്ണെഴുതി പൊട്ടുതൊടീക്കാനും ,
ഒരു കുഞ്ഞുപ്പെങ്ങള്‍ക്കായ്
മിഴിയോര്‍ത്തിരുന്നു
അന്നു ഞാന്‍

അനിയനവന്‍ പിറന്നപ്പോള്‍,
പെങ്ങളല്ലെന്നറിഞ്ഞപ്പോള്‍,
ഉള്ളൊന്നുപ്പിടഞ്ഞിരുന്നു,
ഇടനെഞ്ചൊന്നുടഞ്ഞിരുന്നു

എങ്കിലും, പൊന്നോമനയാ-
മവന്‍, ഒരു പാല്‍പ്പുഞ്ചിരിയാല്‍,
എന്നുള്ളം കവര്‍ന്നെടുത്തു,
എന്നുടുപ്പും കുതിര്‍ത്തു തന്നു

കുഞ്ഞനിയനവന്‍,
പണ്ടെന്‍ തോളിലേറി
അമ്പിളിമാമനെ പിടിച്ചിരുന്നവന്‍,
എന്നോളം വളര്‍ന്നല്ലോ
ഇന്നവന്‍,

എങ്കിലും, ഇന്നുമ-
വനെന്‍ കുഞ്ഞനിയന്‍,
കുഞ്ഞിക്കാലനക്കം കണ്ട്
പെങ്ങളെന്ന് ഞാന്‍ വിളിച്ച,
കണ്ണിലെ കൃഷ്ണമാണിയാ-
മെന്‍ പൊന്നനിയന്‍
______________________________
ഗഗനചാരി