പണ്ട്, അഞ്ചില്‍ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു, വീട്ടില്‍ നിന്ന് ഏകദേശം ഒരു മൂന്നു കിലോമീറ്റര്‍ മാറിയായിരുന്നു ട്യൂഷന്‍ സെന്‍റര്‍. ഒരു ഒന്നര കിലോമീറ്റര്‍ നടന്നു കഴിഞ്ഞാല്‍ ഒരു വളവു കിട്ടും. ആ വളവു തിരിയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറാന്‍ തുടങ്ങും. ആ ഒരൊറ്റ മണം ആയിരുന്നു അതിലൂടെ ഒരു ക്ഷീണവും കൂടാതെ എന്നെ വഴി നടത്തിയിരുന്നത്.
ഒരു അമ്മൂമ്മ നടത്തുന്ന ചെറിയൊരു ഹോട്ടല്‍ ആയിരുന്നു അത്. ഓടിട്ട, ഓല മെടഞ്ഞു പൊതിഞ്ഞ, അടുത്ത കാറ്റില്‍ വീഴും എന്നു തോന്നിപ്പിക്കുന്ന വളരെ ചെറിയൊരു ഹോട്ടല്‍. അമ്മൂമ്മ ഒരു കന്നഡക്കാരി ആയതുകൊണ്ട് എല്ലാവരും അവരെ "അജ്ജി" എന്നായിരുന്നു വിളിച്ചിരുന്നത്, അതുകൊണ്ടുതന്നെ അത് അറിയപ്പെട്ടിരുന്നത് "അജ്ജി ഓട്ടലൂ" എന്നായിരുന്നു.
ആ മനം മയക്കുന്ന മണം പരത്തുന്ന സംഭവം നീര്‍ ദോശയായിരുന്നു, ഇവിടുത്തെ സ്പെഷ്യല്‍ ഐറ്റം. നീര്‍ ദോശ എന്ന് വെച്ചാല്‍ ഉഴുന്ന് ചേര്‍ക്കാതെ അരയ്ക്കുന്ന ദോശ. അരിയും പഴയ ചോറും കുറച്ചു ജീരകവും ചേര്‍ത്ത് നല്ല നീളത്തില്‍ അരച്ചെടുക്കും. നീളത്തില്‍ എന്ന് വെച്ചാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത്. അത് ചെറിയൊരു ദോശക്കല്ലില്‍ നിറയെ ഒഴിച്ച വെളിച്ചെണ്ണയില്‍ ചുട്ടെടുക്കുന്ന സമയത്തായിരിക്കും എന്‍റെ അതിന്‍റെ മുന്‍പിലൂടെയുള്ള യാത്ര.
നല്ല മൂത്ത വെളിച്ചെണ്ണയില്‍ ആ അരച്ച മാവ് വീഴുമ്പോള്‍ അതിന്‍റെ മണം കിളിവാതിലിലൂടെ പുറത്തുവരും. ജീരകവും അരിയും ഒരുമിച്ചു മൊരിയുമ്പോള്‍ വരുന്ന ആ മണം, അത് എത്രയോ പ്രാവശ്യം എന്നെ ആ ഓട്ടലിന്‍റെ മുന്‍പില്‍ ഒരു പ്രതിമയെ പോലെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. ആ മണം കൂടുതല്‍ ആസ്വദിക്കാന്‍ വേണ്ടി പലപ്പോഴും ഞാന്‍ വെള്ളം കുടിക്കാന്‍ എന്ന വ്യാജേന അതിനകത്തു കയറും.
അപ്പോള്‍ അവിടെ കുറച്ചു പേര്‍ ഈ നീര്‍ദോശ കഴിക്കുന്നുണ്ടാകും. അതാണ് സഹിക്കാന്‍ പറ്റാത്തത്, കാരണം, അവരത് കഴിക്കുമ്പോള്‍ അതിന്‍റെ മുകളില്‍ മീന്‍ കറി ഒഴിച്ചിട്ടുണ്ടാകും. ഈ മീന്‍ കറിക്കുമൊരു പ്രത്യേകതയുണ്ട്, തലേ ദിവസം രാത്രി ഹോട്ടല്‍ അടച്ചതിനു ശേഷമാണ് ഈ മീന്‍കറി ഉണ്ടാക്കുക. ആ മീന്‍കറി ആയിരിക്കും ഇവര്‍ പിറ്റേ ദിവസം വൈകുന്നേരം വിളമ്പുക. ഈ കോമ്പിനേഷന്‍റെ മണം തന്നെ സഹിക്കാന്‍ കഴിയില്ല, അപ്പൊ ഇത് കണ്ടാലുള്ള അവസ്ഥയോ??
ഒരിക്കല്‍ വെള്ളം കുടിക്കുന്നതിനിടയില്‍ അജ്ജി എന്നോട് ചോദിച്ചു, " ദോസ ബോടാ" (തുളു ഭാഷയില്‍ "ദോശ വേണോ" എന്നാണ് ചോദിച്ചത്)
ഞാന്‍ ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു. വേണ്ടാ എന്ന് പറയാന്‍ മനസ് അനുവദിച്ചിരുന്നില്ല, കാരണം അത്രയ്ക്കും കൊതിച്ചിരുന്നു അതിന്‍റെ ഒരു കഷണമെങ്കിലും കഴിക്കാന്‍. അവരെന്നോട് ക്യാഷ് ടേബിളിനു പുറകിലുള്ള മരത്തിന്‍റെ സ്റ്റൂളില്‍ ഇരിക്കാന്‍ പറഞ്ഞു. നിമിഷനേരം കൊണ്ട് എന്‍റെ മുന്‍പില്‍ മീന്‍ കറിയില്‍ മുങ്ങിയ രണ്ടു ദോശ കൊണ്ടു വന്നു വെച്ചു.
അതിന്‍റെ മനം മയക്കുന്ന മണം എന്‍റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടെങ്കിലും അത് കഴിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. ഞാന്‍ അവിടുന്ന് എഴുന്നേറ്റോടാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും അവര്‍ എന്‍റെ കൈയ്യില്‍ പിടിച്ചു, എന്നോട് അവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു.
"എന്നട്ട് കാസ് ഇജ്ജി" എന്‍റെ കൈയ്യില്‍ കാശില്ല എന്ന് ഞാനവരോട് പറഞ്ഞു. അവരത് കാര്യമാക്കാതെ, എന്നോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. വിളമ്പിയ ഭക്ഷണത്തിന്‍റെ മുന്‍പില്‍ നിന്ന് ഒരിക്കലും എഴുന്നേറ്റ് പോകരുത് എന്ന വലിയൊരു ഉപദേശവും.
പിറ്റേന്ന് അച്ഛന്‍റെ കൈയ്യില്‍ നിന്ന് എക്സ്ട്രാ അഞ്ചു രൂപയും വാങ്ങിച്ച് ഞാന്‍ വീണ്ടും അവിടെ ചെന്നു. വീണ്ടും ആ മണം എന്നെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു. ജഗ്ഗില്‍ നിന്ന് വെള്ളം കുടിച്ചതിനു ശേഷം ഞാന്‍ ആ ഒരു രൂപയുടെ അഞ്ചു തുട്ടുകള്‍ അവര്‍ക്ക് നേരെ നീട്ടി. പക്ഷെ, അവര്‍ അത് വാങ്ങിയില്ല. എന്നോട് ആ സ്റ്റൂളില്‍ ഇരിക്കാന്‍ പറഞ്ഞു. എന്‍റെ മുന്‍പില്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കൊണ്ടുവന്നു വെച്ചു. കഴിക്കാന്‍ മടി കാണിച്ചപ്പോള്‍ അവര്‍ വീണ്ടും ആ ഉപദേശം ഓര്‍മ്മിപ്പിച്ചു.
ഏകദേശം മൂന്നു മാസത്തോളം ഇത് തുടര്‍ന്നു. ഒരു ദിവസം കഴിച്ചു കഴിഞ്ഞതിനു ശേഷം ഞാന്‍ അവരോടു പറഞ്ഞു, "നാളെ തൊട്ട് ട്യൂഷന്‍ ഇല്ല, അടുത്ത ആഴ്ച്ച പരീക്ഷയും തുടങ്ങും." അവര്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ കൈ കഴുകി തിരിച്ചു വരുമ്പോഴും അവര്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
"അപ്പൊ, മോന്‍ ഇനി വരില്ലേ ??" ഒരല്‍പം പരിഭവം കലര്‍ന്ന സ്നേഹത്തോടെ അവര്‍ ചോദിച്ചു.
"ഇല്ല .. ഇവിടുത്തെ ട്യൂഷന്‍ കഴിഞ്ഞു, ഇനി ഇത് വഴി വരേണ്ട ആവശ്യം ഇല്ല." നിഷ്കളങ്കമായ എന്‍റെ ആ മറുപടി അവരെ വല്ലാതെ വേദനിപ്പിച്ചു. ആ വാക്കുകള്‍ അത്രയും ക്രൂരമാണ് എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.
"ഇല്ല .. ഇവിടുത്തെ ട്യൂഷന്‍ കഴിഞ്ഞു, ഇനി ഇത് വഴി വരേണ്ട ആവശ്യം ഇല്ല." നിഷ്കളങ്കമായ എന്‍റെ ആ മറുപടി അവരെ വല്ലാതെ വേദനിപ്പിച്ചു. ആ വാക്കുകള്‍ അത്രയും ക്രൂരമാണ് എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.
"എന്നാല്‍ .. ഇത്രയും നാള്‍ കഴിച്ച ദോശയുടെ കാശ് തന്നിട്ട് പോയാല്‍ മതി" എന്നും പറഞ്ഞ് അവര്‍ എന്നെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണിലൂടെ ആത്മബന്ധത്തിന്‍റെ ഉറവ അണപൊട്ടി ഒഴുകി. അതിന്‍റെ തീവ്രത മനസ്സിലാക്കാന്‍ കഴിയാതെ പത്തു വയസ്സുകാരനായ ഞാന്‍ അന്ധാളിച്ചു നിന്നു.
ഇറങ്ങാന്‍ നേരം ഞാന്‍ അവരോടു കരഞ്ഞു കൊണ്ട് പറഞ്ഞു, "ഇത്രയും പൈസയൊന്നും എന്‍റെ കൈയ്യില്‍ ഇല്ല, അച്ഛന്‍ തരുകയുമില്ല.."
അവര്‍ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു, "അത് അജ്ജി അന്നേരത്തെ വിഷമം കൊണ്ട് പറഞ്ഞതല്ലേ.. അത് കാരയാക്കണ്ട.. മോന്‍ സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വന്നാല്‍ മതി." എനിക്ക് സമാധാനമായി, ഞാന്‍ സന്തോഷത്തോടെ അവിടുന്ന് ഇറങ്ങി.
അവര്‍ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു, "അത് അജ്ജി അന്നേരത്തെ വിഷമം കൊണ്ട് പറഞ്ഞതല്ലേ.. അത് കാരയാക്കണ്ട.. മോന്‍ സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വന്നാല്‍ മതി." എനിക്ക് സമാധാനമായി, ഞാന്‍ സന്തോഷത്തോടെ അവിടുന്ന് ഇറങ്ങി.
അഞ്ചു വര്‍ഷം കഴിഞ്ഞ് തൊണ്ണൂറാം വയസ്സില്‍ അവര്‍ മരിച്ചപ്പോള്‍, അജ്ജി ഓട്ടലിനോട് ചേര്‍ന്ന് പുറകുവശത്തുള്ള അവരുടെ വീട്ടില്‍ ഞാന്‍ പോയി. ചന്ദനത്തിരികളുടെയും എരിത്തിരികളുടെയും മണം കൊണ്ടു നിറഞ്ഞ മുറ്റം, ഞാന്‍ വെള്ളപുതച്ചു കിടക്കുന്ന അവരുടെ കാലില്‍ മുഖം തൊട്ടു വണങ്ങി. അപ്പോഴും എനിക്ക് ആ വെളിച്ചെണ്ണയില്‍ മൊരിയുന്ന അരിയും ജീരകവും കലര്‍ന്ന മാവിന്‍റെ മണം കിട്ടുന്നുണ്ടായിരുന്നു, അത്രയ്ക്കും ആ മണം അവരുടെ ദേഹത്തും ദേഹിയിലും അലിഞ്ഞു ചേര്‍ന്നിരുന്നു.
No comments:
Post a Comment