Saturday, August 24, 2013

അമ്മച്ചി ഹോട്ടല്‍

മുന്‍പ് ഞാനിട്ടൊരു പോസ്റ്റില്‍, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത്, ഹോട്ടല്‍ നടത്തുന്ന നന്മ നിറഞ്ഞൊരു അമ്മച്ചിയെ കുറിച്ച് എഴുതിയിരുന്നു. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു;

" എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് എസ് ആർ എം റോഡിലേക്കിറങ്ങി ലിസ്സി ജങ്ക്ഷൻ ഭാഗത്തേക് നടക്കുമ്പോൾ കുരുമുളകരച്ചു വറക്കുന്ന മീനിന്റെ മണം ആരെയും ഒന്ന് മയക്കും. ഇത് എവിടുന്നാനെനറിയാൻ പെടലി 360 ഡിഗ്രിയിൽ ഒന്ന് കറങ്ങും. അപ്പോൾ ഇടത് വശത്ത് ഒരു ചെറ്റകുടിൽ പോലെ കാണാം. അതിന്റെ മുൻപിൽ 'ഊണ് റെഡി' എന്നെഴുതിയിട്ടുണ്ടാകും. ഒരു മടിയും കൂടാതെ അകത്തു കയറുക. "

ഒരു രണ്ടു മാസത്തിനു ശേഷം വീണ്ടും എനിക്ക് അവിടെ പോകാന്‍ തോന്നി. ഞായറാഴ്ചയായത് കൊണ്ട് ഇന്ന് അവധിയാണെന്ന് പറഞ്ഞാണ് അവര്‍ എന്നെ സീകരിച്ചത്.
ഒരു മണിക്കൂര്‍ എങ്ങനെയാണ് പോയതെന്നറിഞ്ഞില്ല. 

അന്ന് ചോദിയ്ക്കാന്‍ വിട്ട പല കാര്യങ്ങളും ചോദിച്ചറിയണം എന്നുണ്ടായിരുന്നു. അപ്പോഴാണ്‌, ഒരു സ്ത്രീ ചായയുമായി വന്നത്. 

"എന്റെ മോളാ, മൂന്ന് പെണ്‍കുട്ടികളാ എനിക്ക്, ഇത് ഏറ്റവും ഇളയത്. ഇവളുടെ അപ്പനുണ്ടായിരുന്ന കാലത്താ ഇവളെയും കെട്ടിച്ചു വിട്ടത്. പക്ഷെ ആറു കൊല്ലം മുന്‍പ് ഇവളെ ഇവിടെ കൊണ്ടുവന്നാക്കി. പിന്നെ ബന്ധം വേര്‍പ്പെടുത്തി."

"അപ്പോള്‍ നിങ്ങള്‍ രണ്ടു പേരും മാത്രേയുള്ളൂ ഇവിടെ" എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ ചോദിച്ചു.

" അതെ മക്കളെ, നിങ്ങളെ പോലുള്ളവര്‍ ഇവിടെ വന്നു കഴിക്കുന്നത് കൊണ്ട് ഞങ്ങള്‍ കഴിഞ്ഞു പോകുന്നു. വിളമ്പി തരാന്‍ പോലും എനിക്ക് പറ്റുന്നില്ല, എന്നിട്ടും നിങ്ങളൊക്കെ പിന്നേം പിന്നേം ഇവിടെ വരുന്നു. മക്കളുടെ വയറു നിറയുമ്പോ, അമ്മച്ചിയുടെ മനസ്സ് നിറയും." 

" അമ്മച്ചി, അമ്മച്ചിയുടെ ഫോട്ടോ ഞാന്‍ എടുത്തോട്ടെ, കൂട്ടുകാരെ കാണിക്കാനാ, അവരാരും ഇവിടെയില്ല, എല്ലാര്‍ക്കും കൊച്ചിക്ക്‌ പുറത്താ ജോലി " 

"ഓ, അതിനെന്താ മോനേ... മോന്റെ അമ്മയെയും കാണിക്കണം ഈ അമ്മച്ചിയുടെ പോട്ടം" ഞാന്‍ ചിരിച്ചു തലയാട്ടി. 

________________________
ഈ രണ്ടു ഫോട്ടോയും എടുത്ത്, ചായ കുടിച്ച ഗ്ലാസ്സും അമ്മച്ചിയുടെ കൈയ്യില്‍ കൊടുത്ത് അവിടുന്നിറങ്ങുമ്പോള്‍, ഒരു കാര്യം ബോധ്യമായി. ആത്മാര്‍ഥതയും സ്നേഹവും ഉള്ളില്‍ കരുതുന്ന ഈ അമ്മച്ചി ഒരിക്കലും ആരെയും വിഷമിപ്പിചിട്ടില്ല എന്ന്. കാരണം,മറ്റുള്ളവരെ സങ്കടപ്പെടുത്താന്‍ കഴിയുന്ന ഒരു വ്യക്തിയായിരുന്നെങ്കില്‍, ഈ എഴുപതാം വയസ്സിലും ഇതു പോലെ ദു:ഖങ്ങളുടെ ഭാണ്ഡക്കെട്ട് ഒറ്റയ്ക്ക് പേറില്ലായിരുന്നു.

3 comments:

  1. എസ് ആർ എം റോഡിനു സമീപം ഒരിടത്ത് കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്.. അപ്പോഴൊന്നും അറിഞ്ഞിട്ടില്ല ഇങ്ങനെയൊന്ന്.. ഇനി എന്നെങ്കിലും ആ വഴി പോവേണ്ടി വന്നാല്‍ ഉറപ്പായും ഒന്ന് അമ്മച്ചിയുടെ അടുത്തും പോയി വരും.. :)

    ReplyDelete
  2. ഞാനും ഒരിക്കല്‍ പോകും

    ReplyDelete
  3. ഞാനും ഒരിക്കല്‍ പോകും

    ReplyDelete