Wednesday, August 28, 2013

പുരുഷോത്തമന്‍ വി. സി

"എടാ പുരുഷു ഓടിക്കോ, നിന്റെ അച്ഛൻ വരുന്നുണ്ട്" 

എല്ലാ ദിവസവും വൈകിട്ട് ഒരു അഞ്ച് മണിയാകുമ്പോൾ ആരെങ്കിലും ഒരാൾ ഇങ്ങനെ വിളിച്ചു കൂവും. അത് കേട്ട പാതി കേൾക്കാത്ത പാതി അവൻ അവിടെ നിന്നും ഒറ്റ ഓട്ടമാണ്. നേരെ വീട്ടിലേക്ക്. അവിടെ അവന്റെ നാല് വയസ്സുള്ള അനിയത്തി കളിപ്പാട്ടങ്ങളുടെ ഇടയിൽ ഉറങ്ങുന്നുണ്ടാകും. ഈ കളിപ്പട്ടങ്ങളൊക്കെ അവൻ തന്നെ തടിയും തുണിയും കൂട്ടിയുണ്ടാക്കിയതാണ്. അതിലേതെങ്കിലും ബൊമ്മക്കുട്ടിയെ അവളുടെ കൈയ്യിൽ പിടിപ്പിച്ച്, അവളെയും തോളിൽ ഇരുത്തി പിന്നെ അവിടുന്നോരോട്ടം, ഗീതാന്റിയുടെ വീട്ടിലേക്.

പുരുഷു ഞങ്ങളെക്കാളും മൂത്തതാണ്. അന്നവനൊരു പന്ത്രണ്ട് വയസ്സ് കാണും. ആറാം ക്ലാസ്സിലായിരുന്നു. പക്ഷെ, ഒരു പതിനെട്ടുകാരന്റെ പക്വതയുണ്ടെന്നു അമ്മ എപ്പോഴും പറയുമായിരുന്നു. അവന്റെയമ്മ കൂലിപ്പണി ചെയ്തു കൊണ്ട് വരുന്ന കാശും പിന്നെ അവൻ പാലും പേപ്പറും ഇട്ടു കിട്ടുന്ന പണവും കൊണ്ടായിരുന്നു അടുപ്പിൽ തീ പുകഞ്ഞിരുന്നത്.

എല്ലാ ദിവസവും വൈകിട്ട് അമ്മ ജോലി കഴിഞ്ഞു വരുമ്പോഴേക്കും അവന്റെ അച്ഛൻ വീട്ടിലുണ്ടാകും. നാട്ടിലെ അത്യാവശ്യം നല്ലൊരു മേസ്തിരിയായിരുന്നു അയാൾ. കുറച്ച് കടംവന്നു കയറിയപ്പോൾ വണ്ടിപണിക്ക് പോയി തുടങ്ങി. അങ്ങനെ നാശവും തുടങ്ങി. ഇപ്പോൾ പകലുമുഴുവൻ ചാരായം കുടിച്ച് ലക്ക് കെട്ട അവസ്ഥയിലായിരിക്കും. അമ്മയ്ക്ക് ആകെ കിട്ടുന്ന മുപ്പത് രൂപയിൽ നിന്ന് ഇരുപതുരൂപയും പിടിച്ചു വാങ്ങി വീണ്ടും പോകും. പോകുന്നതിനു മുൻപ് അവരെ പൊതിരെ തല്ലും. ഇത് കണ്ട്, പൂർണിമ, അവന്റെ അനിയത്തി ഇപ്പോൾ സംസാരിക്കാതെയായി.

പൂർണിമയെ അവനു ജീവനായിരുന്നു. അവനവളെ പച്ചതുള്ളി എന്നായിരുന്നു വിളിച്ചിരുന്നത്. അവള്ക്ക് കൊടുക്കാനുള്ള പാല് കുറഞ്ഞു പോകുമെന്നത് കൊണ്ട് അവൻ പാൽചായ പോലും കുടിക്കില്ലായിരുന്നു. ഹോർലിക്സും ബൂസ്റ്റും അവൻ മണത്തിട്ട് പോലുമില്ലായിരുന്നു.

അവന്റെ ജീവിതത്തിലെ ആകെയുള്ളൊരു എന്ജോയ്മെന്റ്റ് ഞങ്ങളുടെ കൂടെ ക്രിക്കറ്റ്‌ കളിക്കുക എന്നതായിരുന്നു. അരമണിക്കൂർ മാത്രമേ അവനുണ്ടാകൂളൂ, അത് കൊണ്ട് അവനായിരിക്കും ആദ്യം ബാറ്റ് ചെയ്യുക. കപിൽ ദേവായിരുന്നു ഇഷ്ടതാരം. സച്ചിൻ എന്ന പുതിയൊരു കളിക്കാരനെ കുറിച്ചും ആദ്യം പറഞ്ഞത് അവനായിരുന്നു.

അന്നൊരു മഴക്കാലമായിരുന്നു. സ്കൂൾ തുറന്ന സമയം.ഞങ്ങള്ക്ക് വാങ്ങിച്ച നോട്ട്ബുക്കുകളുടെ കൂട്ടത്തിൽ അച്ഛൻ രണ്ടെണ്ണം അവനും കരുതിയിരുന്നു. അത് കിട്ടിയ സന്തോഷത്തിൽ അവൻ വീട്ടിലേക് പോകാൻ തുടങ്ങുമ്പോഴാണ്, അടുത്ത വീട്ടിലെ മഹേഷിന്റ അച്ഛൻ വന്നു എന്റച്ഛനോട് പറയുന്നത് " ഇവന്റെ അമ്മയെ ഓട്ടോ ഇടിച്ചു. ആസ്പത്രിയിൽ കൊണ്ടുപോയിട്ടുണ്ട്."

അവൻ വാവിട്ടു കരയാൻ തുടങ്ങി. അച്ഛൻ പറഞ്ഞു "സാരമില്ല ഒന്നും സംഭവിക്കില്ല, നമുക്ക് ആസ്പത്രിയിൽ പോകാം"

"അയ്യോ അപ്പൊ, പച്ചതുള്ളി " അവൻ വീണ്ടും കരയാൻ തുടങ്ങി.
പെട്ടെന്ന് എന്നോടായി പറഞ്ഞു " നീയൊന്നവളെ ഗീതാന്റിയുടെ വീട്ടിലാക്കുവോ, ഞാൻ വന്നിട്ട് കൂട്ടാം."

ഒന്ന് സമാധാനിപ്പിക്കാൻ പോലും അറിയാത്ത പ്രായം. ഞാൻ മൂളുക മാത്രം ചെയ്തു.
അന്ന് വൈകുന്നേരം ആസ്പത്രിയിൽ നിന്നും തിരിച്ചു വരുമ്പോൾ കൂടെ അവന്റെ അച്ഛനും ഉണ്ടായിരുന്നു. അന്നും നന്നയിട്ട് കുടിചിട്ടുണ്ടായിരുന്നു. പക്ഷെ സാധാരണയുള്ളത് പോലെ  തെറിവിളിയില്ല. എല്ലാവരും ചേർന്ന് അങ്ങേരെ ഉപദേശിക്കാൻ തുടങ്ങി. എല്ലാം കേട്ടിരുന്നു. അതിനു ശേഷം അയാൾ പറഞ്ഞു.

"ഇല്ല ഇനി ഞാൻ കുടിക്കില്ല. നാളെ മുതൽ ഞാൻ ഡീസന്റ് ആയിരിക്കും"
"നാളെ മുതൽ അച്ഛൻ പണിക്ക് പോകും." അതും പറഞ്ഞവൻ അമ്മയെ കെട്ടിപിടിച്ചു.
"എന്റെ മോനെ പഠിപ്പിക്കണം. വലിയ ആളാക്കണം. ഇവനിനി പേപ്പർ ഇടാനൊന്നും പോകണ്ട. എല്ലാം ഞാൻ ചെയ്തോളാം. ഏതു ബസിലും എനിക്ക് പണി കിട്ടും."
അന്നാദ്യമായി പുരുഷുവിന്റെ മുഖത്ത് ശരിക്കുമുള്ള സന്തോഷം കണ്ടു.
"അമ്മെ ഞാൻ അരി എടുത്തോണ്ട് വരാം. എട്ടു മണിയാകുമ്പോഴേക്കും അയാൾ അത് അടച്ചിട്ടു പോകും " ഇത്രയും പറഞ്ഞ് അവനവിടുന്ന് ഓടി.
"നല്ല മഴ പെയ്യും, നീ കുട എടുത്തോണ്ട് പോ." അവന്റമ്മ വിളിച്ചു കൂവി.
"സാരൂല്ല, ഞാൻ ഓടി പോയി, ഓടി വരാം"

അപ്പോഴേക്കും മഴ നന്നായി പെയ്യാൻ തുടങ്ങി. കുട്ടികളെയും കൂട്ടി അച്ഛനമ്മമാർ വീട്ടിലേക്ക് പോയീ.
ഒരു ഒന്പതര ആയപ്പോഴേക്കും പുരുഷുവിന്റെ അച്ഛൻ ഓടി കിതച്ച് വീട്ടിലോട്ട് വന്നു. കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു.
അത് കണ്ടതെ അച്ഛൻ അമ്മയോട് പറഞ്ഞു, " നീ കുട്ടികളെയും കൂട്ടി അകത്തു പോ".
എന്നിട്ട് ചോദിച്ചു " എന്താ, എന്ത് പറ്റി" അപോഴേക്കും ആണുങ്ങലെല്ലാവരും കൂടി.


"എന്റെ മോൻ, അവൻ, അവൻ ഇത് വരെ വന്നില്ല."
"ഓ.. അത് സാരില്ല, മഴ കാരണം എവിടെയെങ്കിലും കയറി കാണും." മഹേഷിന്റെ അച്ഛൻ പറഞ്ഞു.
"ഇല്ല, ഞാൻ കടയിൽ പോയി, വരുന്ന വഴിക്ക് എല്ലായിടത്തും കയറി നോക്കി, എവിടെയുമില്ല."
പെണ്ണുങ്ങളെല്ലാം ഒരെടുത്തു മാറി നിന്ന് വിങ്ങികരയാൻ തുടങ്ങി.

"അവൻ ചെലപ്പോല്ലാം ക്ലബ്ബിന്റെ ബേക്കിലൂടെയാ വരുന്നത്" മഹേഷ്‌ ഇത് പറഞ്ഞതും ബേബിയമ്മൂമ്മ നിലവിളിച്ചു കരയാൻ തുടങ്ങി. "എന്റെ ദൈവേ, ആ കെണർ ഇന്നലെത്തന്നെ നിറഞ്ഞോഴുകുന്നിണ്ടായിരുന്നല്ലോ.... എന്റെ മോനേ.."

ഇത് കേട്ടതേ അച്ഛന്മാരെല്ലാവരും അങ്ങൊട്ടെക്കോടി. അമ്മൂമ്മ പറഞ്ഞത് പോലെ കിണർ കാണാനില്ലായിരുന്നു. എല്ലാവരും ഉച്ചത്തിൽ അവനെ വിളിക്കാൻ തുടങ്ങി. കോരിചൊരിയുന്ന മഴയ്ക്കിടയിലും എത്ര അകലത്താനെങ്കിലും അത് കേൾക്കാമായിരുന്നു. പക്ഷെ ഒരു മറുവിളി ഉണ്ടായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരോ പറഞ്ഞതനുസരിച് ഫയർ ഫോഴ്സ് എത്തി. വെള്ളം വറ്റിക്കാൻ തുടങ്ങി. അവിടെയും ഇവിടെയും സ്ത്രീകളുടെ നിലവിളികൾ കേള്ക്കാം. മരുന്നിന്റെ മയക്കതിലായത് കൊണ്ട് അവന്റെ അമ്മ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. അപ്പോഴാണ്‌, എല്ലാവരുടെ പ്രാർത്ഥനകളെയും തെറ്റിച്ചു കൊണ്ട് കിണറിലെ കാട്ടുവള്ളികൾക്കിടയിൽ ഒരു കാൽ പിണഞ്ഞു കിടക്കുന്നു, ഒരു നാടിനെ മുഴുവൻ കരയിപ്പിച്ചു കൊണ്ട് ചെളിയിൽ മുഖമാഴ്ത്തി കിടക്കുന്നു. പുരുഷുവിന്റെ മൃതശരീരം. ഞങ്ങളുടെ കളികൂട്ടുകാരൻ.
_______________________________


കുറച്ചു ദിവസങ്ങള്‍ മുമ്പ് ഞാൻ ആ അമ്മയെ കണ്ടു. തന്റെ മകന്റെ ഓരോ കാര്യങ്ങളും അവർ വാതോരാതെ സംസാരിച്ചു. എന്നിട്ട് പറഞ്ഞു, 
" അവന്റെ അച്ഛൻ നന്നാകുന്നത് വരെ ജീവിക്കാനായിരിക്കും ദൈവം അവനെ ഇവിടെ അയച്ചത്. അതിനു ശേഷം അങ്ങേരു ഇതുവരെ കുടിച്ചിട്ടില്ല. ഇപ്പൊ രണ്ട് ബസുണ്ട്, നല്ലൊരു വീടായി." 
"പച്ചതുള്ളി എന്ത് ചെയ്യുന്നു"
"അവൾ എഞ്ചിനീയറിംഗ് കഴിഞ്ഞു. കല്യാണം കഴിഞ്ഞിപ്പോ ഭർത്താവിന്റെ കൂടെ അമേരിക്കയിലാണ്. ഒരു മോനുണ്ട്‌ ."
"ആങ്ഹാ.. എന്താ മോന്റെ പേര്"
"പുരുഷോത്തമൻ.. അവൾക്ക് നിർബന്ധമായിരുന്നു"
 

Saturday, August 24, 2013

അമ്മച്ചി ഹോട്ടല്‍

മുന്‍പ് ഞാനിട്ടൊരു പോസ്റ്റില്‍, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത്, ഹോട്ടല്‍ നടത്തുന്ന നന്മ നിറഞ്ഞൊരു അമ്മച്ചിയെ കുറിച്ച് എഴുതിയിരുന്നു. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു;

" എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് എസ് ആർ എം റോഡിലേക്കിറങ്ങി ലിസ്സി ജങ്ക്ഷൻ ഭാഗത്തേക് നടക്കുമ്പോൾ കുരുമുളകരച്ചു വറക്കുന്ന മീനിന്റെ മണം ആരെയും ഒന്ന് മയക്കും. ഇത് എവിടുന്നാനെനറിയാൻ പെടലി 360 ഡിഗ്രിയിൽ ഒന്ന് കറങ്ങും. അപ്പോൾ ഇടത് വശത്ത് ഒരു ചെറ്റകുടിൽ പോലെ കാണാം. അതിന്റെ മുൻപിൽ 'ഊണ് റെഡി' എന്നെഴുതിയിട്ടുണ്ടാകും. ഒരു മടിയും കൂടാതെ അകത്തു കയറുക. "

ഒരു രണ്ടു മാസത്തിനു ശേഷം വീണ്ടും എനിക്ക് അവിടെ പോകാന്‍ തോന്നി. ഞായറാഴ്ചയായത് കൊണ്ട് ഇന്ന് അവധിയാണെന്ന് പറഞ്ഞാണ് അവര്‍ എന്നെ സീകരിച്ചത്.
ഒരു മണിക്കൂര്‍ എങ്ങനെയാണ് പോയതെന്നറിഞ്ഞില്ല. 

അന്ന് ചോദിയ്ക്കാന്‍ വിട്ട പല കാര്യങ്ങളും ചോദിച്ചറിയണം എന്നുണ്ടായിരുന്നു. അപ്പോഴാണ്‌, ഒരു സ്ത്രീ ചായയുമായി വന്നത്. 

"എന്റെ മോളാ, മൂന്ന് പെണ്‍കുട്ടികളാ എനിക്ക്, ഇത് ഏറ്റവും ഇളയത്. ഇവളുടെ അപ്പനുണ്ടായിരുന്ന കാലത്താ ഇവളെയും കെട്ടിച്ചു വിട്ടത്. പക്ഷെ ആറു കൊല്ലം മുന്‍പ് ഇവളെ ഇവിടെ കൊണ്ടുവന്നാക്കി. പിന്നെ ബന്ധം വേര്‍പ്പെടുത്തി."

"അപ്പോള്‍ നിങ്ങള്‍ രണ്ടു പേരും മാത്രേയുള്ളൂ ഇവിടെ" എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ ചോദിച്ചു.

" അതെ മക്കളെ, നിങ്ങളെ പോലുള്ളവര്‍ ഇവിടെ വന്നു കഴിക്കുന്നത് കൊണ്ട് ഞങ്ങള്‍ കഴിഞ്ഞു പോകുന്നു. വിളമ്പി തരാന്‍ പോലും എനിക്ക് പറ്റുന്നില്ല, എന്നിട്ടും നിങ്ങളൊക്കെ പിന്നേം പിന്നേം ഇവിടെ വരുന്നു. മക്കളുടെ വയറു നിറയുമ്പോ, അമ്മച്ചിയുടെ മനസ്സ് നിറയും." 

" അമ്മച്ചി, അമ്മച്ചിയുടെ ഫോട്ടോ ഞാന്‍ എടുത്തോട്ടെ, കൂട്ടുകാരെ കാണിക്കാനാ, അവരാരും ഇവിടെയില്ല, എല്ലാര്‍ക്കും കൊച്ചിക്ക്‌ പുറത്താ ജോലി " 

"ഓ, അതിനെന്താ മോനേ... മോന്റെ അമ്മയെയും കാണിക്കണം ഈ അമ്മച്ചിയുടെ പോട്ടം" ഞാന്‍ ചിരിച്ചു തലയാട്ടി. 

________________________
ഈ രണ്ടു ഫോട്ടോയും എടുത്ത്, ചായ കുടിച്ച ഗ്ലാസ്സും അമ്മച്ചിയുടെ കൈയ്യില്‍ കൊടുത്ത് അവിടുന്നിറങ്ങുമ്പോള്‍, ഒരു കാര്യം ബോധ്യമായി. ആത്മാര്‍ഥതയും സ്നേഹവും ഉള്ളില്‍ കരുതുന്ന ഈ അമ്മച്ചി ഒരിക്കലും ആരെയും വിഷമിപ്പിചിട്ടില്ല എന്ന്. കാരണം,മറ്റുള്ളവരെ സങ്കടപ്പെടുത്താന്‍ കഴിയുന്ന ഒരു വ്യക്തിയായിരുന്നെങ്കില്‍, ഈ എഴുപതാം വയസ്സിലും ഇതു പോലെ ദു:ഖങ്ങളുടെ ഭാണ്ഡക്കെട്ട് ഒറ്റയ്ക്ക് പേറില്ലായിരുന്നു.

Wednesday, August 21, 2013

ഗന്ധര്‍വയാമം

"അല്ലേലും ഈ അമ്മയ്ക്ക് ഒന്നും അറിയില്ല, അറിയുംങ്കീ പറഞ്ഞു തരൂംല്ല"


അനഘയുടെയും അമ്മയുടെയും വഴക്കിനിടയിലാണ്, തൊടിയിൽ നിന്ന്, എണ്ണ കാച്ചാനുള്ള കുറുന്തോട്ടിയും പറിച്ചു കൊണ്ട് മുത്തശ്ശി കയറി വന്നത്.

" ഓ, നേരം വെളുത്തില്ല, അപ്പോഴേക്കും തുടങ്ങിയോ രണ്ടു പേരും. എന്താ ബിന്ദൂ ഇത്, എന്തിനാ ഇവള് മുഖവും വീർപ്പിചിരിക്കുന്നത് "

"അതായിപ്പോ നന്നായത്, ഡീ പെണ്ണെ, നീ ഗന്ധർവനെയും ആലോചിചിരിക്കാതെ, ഈ തേങ്ങ തിരുമ്മി താ, എന്നിട്ട് വേഗം സ്കൂളിൽ പോകാൻ നോക്ക് "

"ന്റെ കുട്ടിക്ക് ഏത് ഗന്ധർവനെ പറ്റിയാ അറിയേണ്ടത്"
" എനിക്കാരെ കുറിച്ച് അറിയും വേണ്ട കേൾക്കൂം വേണ്ട" 

" ഓ.. ന്റമ്മേ, എന്ത് പറയാനാ, ഇന്നലെ ആ സിനിമ കണ്ടപ്പോ മുതൽ തൊടങ്ങിയ സൂക്കേടാ, ഗന്ധർവന്മാർ ശരിക്കും ഭൂമിയിലേക്ക് വരുമോ, അവർ ഭൂമിയിലെ മനുഷ്യന്മാരെ പോലെയാണോ എന്നെല്ലാം. ഇന്നിപ്പോ രാവിലെയാപ്പോഴേക്കും ഇവൾക്ക് ഗന്ധർവനെ കാണണം എന്ന്. ഞാൻ എന്ത് പറയാനാ. എനിക്കറിയുന്ന ഗന്ധർവൻ പുറത്ത് പേപ്പറും വായിചിരുപ്പുണ്ട്. എട്ടു മണിയാകുമ്പോഴേക്കും ഡൈനിങ്ങ്‌ ടേബിളിൽ ഈ പുട്ടും കറിയും എത്തിയില്ലെങ്കിൽ ഗന്ധർവൻ അസുരനാവും"

"മോള് സ്കൂളിൽ പോയിട്ട് വാ. വൈകുന്നേരം മുത്തശ്ശി ഗന്ധർവന്റെ കഥ പറഞ്ഞു തരാം."

സ്കൂളിൽ നിന്നെതിയതെ അവൾ നേരെ മുത്തശ്ശിയുടെ മുറിയെലെക്കോടി. ഗന്ധർവനെ കുറിച്ച് കൂടുതൽ കേള്ക്കാൻ അവൾക്ക് ധൃതിയായി. 

"മുത്തശ്ശി, ഗന്ധർവനെ പറ്റി പറ" 
" ഹാ, കുട്ടി എത്ത്യോ, പോയീ കൈയും കാലും കഴുകി ഉടുപ്പ് മാറ്റിയിട്ടു വാ, മുത്തശ്ശി എല്ലാം പറഞ്ഞു തരാം"

അന്ന് സ്നധ്യാദീപം തെളിയുന്നത് വരെ അനഘ മുത്തശ്ശിയുടെ മടിയിൽ കിടന്നു ഗന്ധർവന്മാരുടെ കഥ കേട്ടു. ദേവസദസ്സിലെ അനശ്വര ഗായകർ, അപ്സരസ്സുകൾ പോലും മയങ്ങി പോകുന്ന സൌന്ദര്യമുള്ളവർ. ഒന്ന് പുണരുമ്പോൾ ആയിരം പുഷ്പങ്ങൾ വിരിയിക്കുന്നവർ. കാറ്റിനു പോലും മാദകഗന്ധം പകരുന്നവർ. പക്ഷെ, ശാപഗ്രസ്ഥരായാൽ അനേകായിരം വർഷങ്ങൾ സ്വർഗം വെടിയാൻ വിധിക്കപ്പെട്ടവർ. തങ്ങളുടേതായ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നവർ. മോക്ഷം തേടി അലയുന്ന ദേവാങ്കണത്തിലെ താരകങ്ങൾ.

" വാ, മതി കൊഞ്ചിയത്, വന്നു പഠിക്കാൻ നോക്ക്, പരീക്ഷയടുത്തു എന്ന ഒരു വിചാരവുമില്ല, അടുത്ത കൊല്ലം പത്തിലോട്ടാ. നിന്റെ കൂടെയുള്ള സൌമ്യയും ഗീതയും അഞ്ചു മണിക്കേ പഠിക്കാനിരിക്കും. ഇനിയിപ്പോ ഗന്ധർവൻ വന്നു പരീക്ഷ എഴുതി തരുമെന്നായിരിക്കും. ഈ അമ്മയാ, ഇവളെ ഇങ്ങനെ വഷളാക്കുന്നത് "

പഠിക്കാനിരിക്കുമ്പോഴും അനഘയുടെ മനസ്സ് ഭൂമിയെലേക്ക് ഇറങ്ങി വരുന്ന ഗന്ധർവന്മാരെ തിരയുകയായിരുന്നു. ഇന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ കണ്ടിരുന്നു, ആ പാലമരത്തിന്റെ ചില്ലയിൽ ഒരു മൈന. അതിനി തന്നെ കാണാൻ വന്ന ഗന്ധർവൻ ആയിരിക്കുമോ. സൌമ്യയോടും ഗീതയോടുമിത് പറഞ്ഞപ്പോൾ അവർ കളിയാക്കി ചിരിച്ചു. വീട്ടിലേക്ക് വരുന്ന വഴി കാവിനടുതും കണ്ടു, ഒരു അരയന്നം. സാധാരണ കുറെയേറെ ഉണ്ടാകും, പക്ഷെ ഇന്ന്, ഒറ്റയൊരെണ്ണം മാത്രം. 

പക്ഷെ അവൾക്കറിയാം, ഗന്ധർവൻ വരുമ്പോൾ പാല പൂക്കും, ഏഴുനിറമുള്ള മഴവിൽതേരിറങ്ങി വരുമ്പോഴാണ് അതിന്റെ ഗന്ധം പരക്കുന്നത്. അപ്പോൾ അവൾക്ക് മാത്രമേ തന്റെ ഗന്ധർവനെ കാണാൻ സാധിക്കയുള്ളൂ. 

അവൾ ആ പാലമരത്തെ നോക്കി പറഞ്ഞു 
" ഹേ ഗന്ധർവാ, ചിത്രശലഭമാകാനും, മേഘമാലകളാകാനും, പാവയാകാനും, പറവയാകാനും, മാനാവാനും, മനുഷ്യനാകാനും, എന്റെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത, ഗഗനചാരി, നീ ശരിക്കും ഇവിടെയുണ്ടോ. അതോ ഞാൻ വെറുതെ മോഹിക്കുകയാണോ."
കൂട്ടുകാരികൾ കളിയാക്കുമെങ്കിലും അവൾക്കതൊരു പ്രശനമെയല്ലയിരുന്നു. അവൾ പിന്നെയും പാലമരത്തിനോട് സംസാരം തുടർന്നു.

നാളുകൾ കടന്നു പോയീ. നാലാഴ്ചകൾ കഴിഞ്ഞു, പരീക്ഷ തുടങ്ങി. പാലമരം പച്ചിലകൾ കൊണ്ട് മാത്രം നിറഞ്ഞു നിന്നു. പരീക്ഷ എഴുതുമ്പോൾ ജനാലയിലൂടെ കാണാമായിരുന്നു അതിന്റെ ചില്ലയിലിരുന്ന് ഒരു ചിത്രശലഭം തന്നെ നോക്കുന്നതായി. എന്നാലും അത് തന്റെ ഗന്ധർവനല്ല എന്ന് അവൾക്കറിയാമായിരുന്നു. 

അങ്ങനെ പരീക്ഷയുടെ അവസാനദിവസം. അവൾക്ക് ദേഷ്യവും കരച്ചിലും വന്നു. "ഇത്രയും നാൾ നീ വന്നില്ല. എന്റെ പ്രതീക്ഷകൾ എല്ലാം വെറുതെയാണെന്ന് തോന്നുന്നു. എന്നാലും ഒരു പ്രത്യാശ ഇന്നുമെന്നിലുണ്ട്. നീയെന്നത് സത്യമാണെങ്കിൽ, എന്റെ സ്നേഹത്തിനു നീ എന്തെങ്കിലും വില കല്പ്പിക്കുന്നുവെങ്കിൽ, രണ്ടു മാസം കഴിഞ്ഞു ഞാൻ വരുമ്പോൾ ഈ പാല പൂത്തിരിക്കണം. ഇല്ലെങ്കിൽ എല്ലാവരെയും പോലെ ഞാനും വിശ്വസിക്കും, മുത്തശ്ശി പറഞ്ഞത് നുണയാണ് എന്ന്. നീയില്ല എന്ന്."

വേനലവധി കഴിഞ്ഞ് സ്കൂളിലേക്ക് പോകുമ്പോൾ തന്റെ കൂട്ടുകാരികളെ കാണാം എന്നുള്ളതിനെക്കാളും, അവൾ കാണാൻ കൊതിച്ചത് പൂത്തു നില്‍ക്കുന്ന ആ പാലമരമാണ്. തന്റെ ഗന്ധർവൻ ഉണ്ട് എന്നതിന്റെ തെളിവ്. അവൾക്കറിയാമായിരുന്നു, അങ്ങനെയൊന്നു സംഭവിച്ചില്ലെങ്കിൽ, ഇന്നവള്‍ മാത്രമല്ല, അവളുടെ സ്നേഹവും കൂട്ടുകാരികളുടെ മുൻപിൽ തോറ്റുപോകുമെന്ന്. കഴിഞ്ഞാഴ്ച്ച ദീപയുടെ ചേച്ചിയുടെ കല്യാണത്തിന് എല്ലാവരും കൂടി തന്നെ കളിയാക്കി കൊന്നില്ലയെന്നെയുള്ളൂ. ഇന്നും കൂടി അങ്ങനെയായാൽ, അതും ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം തന്നെ, തനിക്ക് ആലോചിക്കാൻ കൂടി വയ്യ. 

അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ കൂട്ടുകാരികൾ എല്ലാവരും പാലമരത്തിന്റെ അടുത്ത് നിൽപ്പുണ്ട്. ദീപയും സൌമ്യയും റസിയയും അഞ്ജലിയും ഗീതയും എല്ലാവരുമുണ്ട്. അവളാ മരത്തിലേക്ക് നോക്കി, ഹും, ഒരു മാറ്റവുമില്ല, പച്ചിലകുടയും ചൂടി നിർവികാരമായിട്ടു അത് വേരുറച്ചു നിൽകുന്നു. പക്ഷെ കാറ്റിനു പാലപ്പൂവിന്റെ ഗന്ധം. അപ്പോഴേക്കും എല്ലാവരും അവളെ വട്ടം കൂടി. 

" അനഘേ, നിന്റെ ഗന്ധർവൻ വന്നു. പാലമരം പൂത്തു. ദേ നീയാ കൊമ്പ് കണ്ടോ, അതാ അതിൽ നിറയെ പാലപൂക്കൾ."

അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതാ പാല പൂത്തിരിക്കുന്നു. അതും ആ ഒറ്റ ചില്ല മാത്രം. തന്റെ ഗന്ധർവൻ പറവയായും പൂമ്പാറ്റയായും വന്നിരിക്കാറുള്ള ആ ചില്ല.

"ഇതെന്തായിപ്പോ ഇങ്ങനെയൊന്ന്, ഒന്നും പിടികിട്ടുന്നില്ലല്ലോ, ഇത് വരെ പൂക്കാത്ത ഈ പാല ഇങ്ങനെ പൂത്തതെന്തേ. ഒറ്റ കൊമ്പിൽ മാത്രം. പോ കുട്ടികളെ, അകത്തേക്ക് പോ, പൂത്ത പാലച്ചോട്ടിൽ പെങ്കുട്ട്യോള് നിന്നൂടാ. വല്ല ഗന്ധർവനും വന്നു കൂടും." 

സ്കൂൾമുറ്റം അടിച്ചു വാരുന്ന എഴുപതു വയസ്സുള്ള നാണിത്തള്ള അവരെ അവിടുന്ന് പറഞ്ഞയക്കുമ്പോൾ, അവള്‍ പോലുമറിയാതെ, ഒരു നീല ചിത്രശലഭം അവളുടെ കാർകൂന്തലിൽ കയറിയോളിച്ചു.

Tuesday, August 20, 2013

കാക്കകൂട്ടിലെ കുയിലുകൾ.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് എസ് ആർ എം റോഡിലേക്കിറങ്ങി ലിസ്സി ജങ്ക്ഷൻ ഭാഗത്തേക് നടക്കുമ്പോൾ കുരുമുളകരച്ചു വറക്കുന്ന മീനിന്റെ മണം ആരെയും ഒന്ന് മയക്കും. ഇത് എവിടുന്നാണെന്നറിയാൻ പെടലി 360 ഡിഗ്രിയിൽ ഒന്ന് കറങ്ങും. അപ്പോൾ ഇടത് വശത്ത് ഒരു ചെറ്റകുടിൽ പോലെ കാണാം. അതിന്റെ മുൻപിൽ 'ഊണ്‍  റെഡി' എന്നെഴുതിയിട്ടുണ്ടാകും. ഒരു മടിയും കൂടാതെ അകത്തു കയറുക. കാരണം വെളിയിൽനിന്നു കാണുന്നത് പോലെ തന്നെയാണകത്തും. യാതൊരു പത്രാസുമില്ല. 

ആദ്യത്തെ പ്രാവശ്യം, കുരുമുളകരച്ചു വറക്കുന്ന മീനിന്റെ മണത്തിനോടുള്ള എന്റെ അഭിനിവേശം ആ ഊട്ടുപുരയുടെ അന്തസില്ലയ്മയോട് അടിയറവു പറഞ്ഞു. പക്ഷെ, രണ്ടാം വട്ടം അന്തസ്സിനോട് പോടാ പുല്ലേ എന്ന് പറഞ്ഞുകൊണ്ട് മൂക്കിന്റെ പാത പിന്തുടർന്നു.

ചുറ്റും നോക്കിയപ്പോൾ ഇരുന്നു കഴിക്കാൻ എട്ടു സ്ടൂളുകളും ഒരു വലിയ മേശയും. മറ്റൊരു മേശയിൽ കഴിക്കാനുള്ള പ്ലേടുകളും ചോറും കറിയും.

"പുതിയ ആളാണോ ?" ഒരു സ്ത്രീശബ്ദം എന്നോടെന്നപോലെ ചോദിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. അപ്പൊ മനസ്സിലായി എന്നോടുതന്നെയാണെന്ന്
"ങ്ഹാ.. അതെ"
" മോനേ, ഇവിടെ അമ്മച്ചി തനിചേയുള്ളൂ, അത് കൊണ്ടെടുത്ത് കഴിച്ചോ, വറുത്തത് വേണമെങ്കിൽ പറയണേ"

പ്ലേറ്റെടുത്തു, ചോറ് വിളമ്പി, പയർതോരന്‍, പയർ മെഴുക്കുവരട്ടി, പിന്നെ സാമ്പാറും മീൻചാറും. നത്തോലിയുടെ വലിപ്പമുള്ള ചാള പീസ്‌ പീസാക്കി നല്ല കടുംകട്ടി ചുമപ്പു നിറത്തിലുള്ള മീന്‍ചാർ. കോരിയോഴിച്ചതേ സംഗതി രസം പോലെ ഊര്‍ന്നു വീണു. "പണി പാളിയാ കടവുളേ.." വീണ്ടും അന്തസ്സ് തലപൊക്കി. പക്ഷെ, ഒരു പിടി വായിലിട്ടപ്പോൾ നല്ല ചട്ടിയിലിട്ടുവെച്ച മീനിന്റെ ടേസ്റ്റ്. നല്ല മണവും.

"അമ്മച്ചി, ഇന്നെന്നതാ വറത്തത്" പുതിയൊരാൾ എന്റെ സൈഡിൽ വന്നിരുന്നു.
"അയിലയാ മോനേ. എടുക്കട്ടെ"
"ങ്ഹാ, രണ്ടെണ്ണം, എരിവു കൂടുതൽ "


"മറ്റേ മോന്, മീൻ വേണ്ടേ." വിളിച്ചു കൂവലിന്റെ ചമ്മലിനോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന ഞാൻ പെട്ടെന്ന് പറഞ്ഞു. "എനിക്കും രണ്ടെടുത്തോ"
അകത്ത് എണ്ണയിൽ പൊരിയുന്ന മീനിന്റെ ശബ്ദം. ഇവിടെയാണെങ്കിൽ നാവില്ന്നിനു വെള്ളമൂറുന്ന കുരുമുളകിന്റെ മണവും.
കാത്തിരുപ്പിനു വിരാമമിട്ടു കൊണ്ട് കയ്യിൽ എണ്ണയേറ്റു പിടയ്ക്കുന്ന മീനിന്റെ പാത്രവുമായി അങ്ങനെ അമ്മച്ചി പ്രത്യക്ഷപ്പെട്ടു. 


പക്ഷെ അമ്മച്ചിയെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഒരു എഴുപത് വയസ്സെങ്കിലും കാണും. നരച്ച ചുവന്ന ബ്ലൗസും ഒരു നീല കള്ളികളുള്ള കൈലിമുണ്ടും. എല്ലും തോലുമായുള്ള ഒരു ശരീരപ്രകൃതം.
പക്ഷെ ഒരു നിത്യാഭ്യാസിയുടെ ചാരുതയോടു കൂടെ ആ മീനുകള ഞങ്ങളുടെ ചോറിന്റെ മുകളിലിട്ടു.


"മീൻമുട്ടയാ, മക്കൾ എടുത്തു കഴിച്ചോ"
കുറഞ്ഞത് ഒരു ഇരുപതിയഞ്ചെണ്ണമെങ്കിലും ഉണ്ടാകും. നല്ല മുഴുത്തത്.
എല്ലാവരും ഈരണ്ടെണ്ണം വെച്ചെടുത്തു. ഞാൻ ഒരെണ്ണം കൂടുതൽ എടുത്തു. പാത്രത്തിൽ പിന്നെയും ബാകി.
"വേറെ വല്ല ഹോട്ടലിൽ ആയിരുന്നെങ്കിൽ ഇത് മൂന്ന് പ്ലേടാക്കി ഓരോന്നും മിനിമം അൻപത് രൂപയ്ക്കെങ്കിലും വിറ്റെനേ" കൂടെയുള്ലോരാൾ ആത്മഗതം പറഞ്ഞു.

കഴിച്ചു കഴിഞ്ഞ ഒരാള്‍ അകത്ത് പോയി കാശ് കൊടുത്തതിനു ശേഷം ചോറിന്റെയും കറികളുടെയും പാത്രങ്ങൾ നിറച്ചു കൊണ്ടുവന്നു.
"അയ്യോ മക്കളെ, അമ്മച്ചി തരാൻ മറന്നു പോയതാ, ഇന്നലെത്തെ രസാ.. നല്ല രുചിയായിരിക്കും." ഒരു വലിയ ചെരുവം നിറച്ചു രസം മുന്നില് കൊണ്ട്വന്നു വെച്ചിട്ട് ആ സ്ത്രീ പറഞ്ഞു.

ആ നിമിഷം എന്റെ മനസ്സിലൂടെ ഓടിയത് ആ സ്ത്രീയുടെ സത്യസന്ധതയും നിഷ്കളങ്കതയും സ്നേഹം തുളുമ്പുന്ന മനസ്സുമാണ്. സ്വന്തം മക്കളോട് എന്നപോലെയാണ് എല്ലാവരോടും പെരുമാറുന്നത്.
ആരെങ്കിലും ഭക്ഷണം കഴിച്ചിട്ട് ഇറങ്ങി പോയാൽ പോലും ആ അമ്മച്ചി അറിയില്ല.

അങ്ങനെ അവസാനത്തെ ഉരുള ചോറും വാരി അതിലേക്ക് രസം ഡയറക്റ്റ് ഒഴിച് ഒറ്റ വലി. ഭയങ്കര ടേസ്റ്റ് ആണ്.
ഞാൻ പത്രവുമെടുത്ത്‌ അടുക്കളയിലോട്ടു ചെന്നു.


" അമ്മച്ചീ, ഇതെവിടെയാ കഴുകുന്നേ"
"ഹോ, അതൊന്നും വേണ്ട, അതൊക്കെ അമ്മച്ചി ചെയ്തോളാം"
"എത്രയായി അമ്മച്ചി" ഞാൻ കൈ കഴുകികൊണ്ട് ചോദിച്ചു
"മക്കളുടെത്... അൻപത് രൂപ, ആ പെട്ടികകത്ത് ഇട്ടെരേ"
"അൻപതോ, അമ്മച്ചീ ഞാൻ രണ്ട് മീനും എടുത്തിരുന്നു"
"അതോണ്ടാ അൻപത്, രണ്ട് മീനിന് ഇരുപത്തിയഞ്ച്"
എന്റെ അന്തം വിട്ടു കുന്തം വിഴുങ്ങി നിക്കുന്ന ഭാവം കണ്ടു അമ്മച്ചി പറഞ്ഞു " ഇന്ന് മാർകെറ്റിൽ മീനിന് ഒരു കിലോയ്ക്ക് നാല്പ്പത് രൂപയെയുള്ളൂ. ഒരു കിലോയിൽ ഒരെഴെണ്ണം കാണും. അപ്പൊ ഞാൻ ഇവിടെയും വില കുറച്ചു. ഈ വയസാം കാലത്ത് ഞാൻ എന്തിനാ കാശുണ്ടാക്കുന്നത്."

ആ അമ്മച്ചിയോട്‌ എനിക്ക് വല്ലാത്ത സ്നേഹം തോന്നി. എവിടുന്നോ വരുന്ന മക്കള്‍ക്ക് വേണ്ടി ചോറും കറിയും ഒരുക്കിവെക്കുന്ന അമ്മ. "അമ്മച്ചി, ഞാൻ വേണമെങ്കിൽ കുറച്ച നേരം ഇവിടെ വിളമ്പാൻ നില്ക്കാം " 
അപ്പോൾ അമ്മച്ചി ഒരു ഭാവഭേദവുമില്ലാതെ, " അതൊന്നും വേണ്ട മക്കളെ, ഇവിടെ വരുന്നവർക്കറിയാം വിളമ്പി കഴിക്കണമെന്ന്. പിന്നെ അത്ര നിർബന്ധാണെങ്കിൽ പോവുന്ന സമയം പാത്രങ്ങൾ നിറച്ച് വെച്ചിട്ട് പൊയ്ക്കോ. കഴിക്കാൻ വരുന്നവർ കാലിയായ പാത്രങ്ങൾ കാണുന്നത് മോശല്ലേ."
____________________________
പാത്രങ്ങൾ നിറച്ച് വെച്ച് അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സിൽ ഒരു ചിന്ത മാത്രം. ഇങ്ങനെയൊരു അമ്മച്ചിയുടെ സ്വന്തം മക്കളെവിടെ. അവരും ഇതുപോലെ വല്ലിടത്തും കഷ്ടപ്പെടുന്നുണ്ടാവുമോ. അതോ അവർ ഈ സ്ത്രീയെ തനിച്ചാക്കി പോയതാണോ. അതോ.... ഇനി ഇവർക്ക് മക്കളില്ലേ ..