Sunday, May 18, 2014

റാഗിംഗ് - ഭാഗം 1

സുപ്രസിദ്ധ ബംഗ്ലൂരിലെ, കുപ്രസിദ്ധ ഹോസ്റ്റല്‍, എം എസ് രാമയ്യ കോളേജ് ഹോസ്റ്റല്‍. മലയാളി റാഗിംഗ് ഫെയിമസ് ആയതിനാല്‍ ആ ഹോസ്റ്റല്‍ വാസം വേണ്ട എന്ന് തീരുമാനിച്ചത് അച്ഛന്‍ ആണ്..

പകരം താമസം ഒരു കിലോമീറ്റര്‍ മാറിയുള്ള, മലയാളിയായ റഫീക്ക് ഭായ് നടത്തുന്ന ഹോസ്റ്റലില്‍. എനിക്കും സന്തോഷമായി. റാഗിങ്ങില്‍ നിന്ന് രക്ഷപ്പെട്ടല്ലോ. 

പക്ഷെ ആ സന്തോഷം അധികനാള്‍ നിലനിന്നില്ല. നാലാം നാള്‍ ആരോ ഒറ്റിക്കൊടുത്തു. എന്നെ പൊക്കി. സൂപ്പര്‍ സീനിയര്‍ ദീപേഷ് ഒരു ബൈക്കില്‍ കയറ്റി, വണ്ടി വിട്ടു. ഏതോ ഒരു ക്രോസ്സ് റോഡില്‍ കയറിയതും പുള്ളി വണ്ടി നിര്‍ത്തി, എന്നോട് ഇറങ്ങാന്‍ പറഞ്ഞു.

"ഹും... ഞങ്ങളെയൊക്കെ പറ്റിച്ച് ഒളിച്ചു താമസിക്കാം എന്ന് കരുതിയോ .. ഊരെടാ ഷര്‍ട്ട്‌"

'ങ്ങേ... ഇവിടെ വെച്ചോ?' എന്ന് ചോദിച്ചത് ഓര്‍മയുണ്ട്. ഇടിയുടെ വേദനയില്‍ ഞൊടിയിടയില്‍ ഷര്‍ട്ട്‌ ഊരി, വീണ്ടും ബൈക്കില്‍ കയറി. ഒരു അഞ്ചു മിനിറ്റു കൂടി കഴിഞ്ഞതും വീണ്ടും ശകടം നിന്നു. ഇറങ്ങാന്‍ പറയുന്നതിന് മുന്‍പുതന്നെ നോം ഇറങ്ങി.

"ജീന്‍സ് ഊരെടാ ... "
ഞാന്‍ ചുറ്റിനും നോക്കി. വിജനമായ പ്രദേശം, ആരും ഇല്ല. മനസ്സില്‍ രണ്ടേ രണ്ടു ചോദ്യം. ഓടണോ അതോ ഊരണോ. പിന്നെ ഒന്നും ചിന്തിച്ചില്ല. ജീന്‍സ് അങ്ങട് ഊരി. വീണ്ടും ബൈക്കില്‍ കയറി. കുറച്ചു കൂടി ദൂരം പോയതിനു ശേഷം പുള്ളി വീണ്ടും ബൈക്ക് നിര്‍ത്തി. ഞാന്‍ വീണ്ടും ഇറങ്ങി.

"ദാ .. ആ വളവു കഴിഞ്ഞാല്‍ നാലാമത്തെ വീടാണ്. നീ നടന്നു വന്നാ മതി." എന്നും പറഞ്ഞ് പുള്ളി ബൈക്ക് വിട്ടു. ഞാനും അണ്ടര്‍വെയറും വിജനമായ റോഡും മാത്രം. വണ്ടീടെ അതേ സ്പീഡില്‍ പുറകെ വെച്ചു പിടിച്ചു. ഒരു അഞ്ചു മീറ്ററിന്‍റെ വ്യത്യാസം, അത്രേയുള്ളൂ.

വളവു തിരിഞ്ഞതെ ഞാന്‍ സഡന്‍ ബ്രേക്ക് ഇട്ടു. എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടുനിന്നു. നിറയെ കടകളും ആള്‍ക്കാരും ഉള്ളൊരു തെരുവ് ആയിരുന്നു അത്. ഏകദേശം ഒരു നൂറു മീറ്റര്‍ ദൂരെയാണ് ഈ പറഞ്ഞ നാലാമത്തെ വീട്. ഒന്നും ആലോചിച്ചില്ല, കണ്ണടച്ച് ഒറ്റയോട്ടം, പിന്നെ ആ വീടിന്‍റെ മുന്‍പില്‍ എത്തിയിട്ടാണ് കണ്ണ്‍ തുറന്നത്.

വാതില്‍ തള്ളിത്തുറന്നു അകത്തു കയറി. അകത്തെ സീന്‍ കണ്ട് ഞാന്‍ കൂടുതല്‍ വിജ്രുംബ്രിതാനായി. ദേ നിക്കണ് എന്നെ പോലെയുള്ള വേറെ ഒരു പത്തെണ്ണം. വിവിധ ബ്രാണ്ടിലുള്ള വിവിധ നിറത്തിലുള്ള അണ്ടര്‍വെയറിന്‍റെ പരസ്യം പോലെ. ഹോ .. ഇവന്‍മാരും എന്നെ പോലെ തന്നെ വഴിനീളെ തുണിയുരിഞ്ഞു വന്നതായിരിക്കുമല്ലോ എന്നോര്‍ത്ത് അറിയാതെ ചിരി പൊട്ടി. അതുകണ്ടതെ സീനിയെര്‍സിന് കുരു പൊട്ടി. എന്‍റെ ചെകിടും പൊട്ടി.

എന്നോട് ഒരു മൂലയില്‍ മാറിനിക്കാന്‍ പറഞ്ഞു. അപ്പോഴും ഞാന്‍ കണ്ണിലൂടെ പറക്കുന്ന പൊന്നീച്ചകളുടെ എണ്ണം എടുക്കണോ അതോ അടിയുടെ കാരണം ചോദിക്കണോ എന്നറിയാതെ കിംകര്‍ത്തവ്യവിമൂഡനായി നിന്നു.

_________________________________________________
ബാക്കി പീഡനങ്ങള്‍ ഉടനെ സംപ്രേഷണം ചെയ്യുന്നതാണ് ... :-p :-D

മനസേ ആസ്വദിക്കൂ ആവോളം .... ആരവങ്ങളില്ലാതെ ..

അമ്മയുടെ ചേട്ടന്‍റെ മകളാണ് മോളിയാന്‍റി. അവരുടെ മൂത്തമകനാണ് മനു. ബന്ധം വെച്ച് നോക്കുമ്പോള്‍ അപ്പൊ ഞാന്‍ അവന്‍റെ അമ്മാവന്‍ ആയി വരും. പക്ഷെ ആറാം ക്ലാസ്സുകാരനെ എങ്ങിനെ ഒരു നാലാം ക്ലാസ്സുകാരന്‍ അമ്മാവന്‍ എന്ന് വിളിക്കും. അതുകൊണ്ട് ഞാന്‍ ചേട്ടനായി. 

എങ്കിലും മനു ഒരിക്കലും എന്നെ ചേട്ടാ എന്ന് വിളിച്ചിട്ടില്ല. വിളിക്കുകയുമില്ല. ഇഷ്ടമില്ലാത്തത് കൊണ്ടല്ല, അവനതിനു കഴിയില്ലായിരുന്നു. അവന്‍ ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്തവന്‍ ആയിരുന്നു. പിന്നെങ്ങനെ വിളിക്കാന്‍.

മനു പഠിച്ചിരുന്നത് കാസര്‍ഗോഡ്‌ ചെര്‍ക്കളയിലെ മാര്‍ത്തോമാ മൂക-ബധിര വിദ്യാലയത്തില്‍ ആയിരുന്നു. കുട്ടികള്‍ അവിടെ താമസിച്ചു പഠിക്കണം. അതായിരുന്നു അവിടുത്തെ നിയമം. അതുകൊണ്ടുതന്നെ മോളിയാന്‍റിയും കുടുംബവും എല്ലാ ഞായറാഴ്ച്ചയും വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും വരും. ചിലപ്പോഴൊക്കെ ഞങ്ങളും കൂടെ പോകും അവനെ കാണാന്‍.

ബസ്സ്‌ ഇറങ്ങുമ്പോള്‍ തന്നെ കാണാം, നീണ്ടു കിടക്കുന്ന ഹോസ്റ്റല്‍ വരാന്ത. അതിനു മുന്‍പില്‍ ഒരു ഓട്ടമത്സരത്തിനു ഒരുങ്ങി നില്‍ക്കുന്നതു പോലെ നൂറോളം കുട്ടികള്‍. ദൂരെ അച്ഛനമ്മമാരെ കാണേണ്ട താമസം, അവര്‍ ഓടിയെത്തും. ചിലപ്പോഴൊക്കെ ഓട്ടത്തിനിടയില്‍ അവര്‍ മറിഞ്ഞുവീഴും. അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ കൈയ്യിലെ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു ഓടിച്ചെന്നു അവനെ വാരിപ്പുണരും. അപ്പോള്‍ ശരിക്കും വിഷമം തോന്നും. ആ കുട്ടി വീണത് കൊണ്ടല്ല, മറിച്ച്, വേദനകൊണ്ടു കരയുമ്പോള്‍ അമ്മയുടെ സ്നേഹം തുളുമ്പുന്ന സാന്ത്വന വാക്കുകളും ആ കുട്ടിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ എന്നു കാണുമ്പോള്‍ .

ഒരിക്കല്‍ മോളിയാന്‍റി അമ്മയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു. "എനിക്കവന്‍ ചിരിക്കുന്നത് പോലും കേള്‍ക്കണം എന്നില്ല, ഒരിക്കലെങ്കിലും അവന്‍ അമ്മേ.. എന്ന് വിളിക്കുന്നത് കേട്ടാല്‍ മാത്രം മതിയായിരുന്നു. അവന്‍റെ ശബ്ദം എങ്ങിനെയിരിക്കും എന്നറിയാന്‍ വേണ്ടി മാത്രം." മോളിയാന്‍റിയെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ അമ്മയും അവരെ കെട്ടിപ്പിടിച്ചു കരയും.

ആനുവല്‍ ഡേയ്ക്ക് മനുവിന് മാലാഖയുടെ വേഷമായിരുന്നു. മനു മാത്രമല്ല എല്ലാവരുടെയും വേഷം അങ്ങിനെതന്നെയായിരുന്നു. തൂവെള്ളയും ഇളം റോസും ഇളം നീലയും നിറങ്ങളുള്ള മാലാഖമാര്‍ സ്റ്റേജില്‍ നിറഞ്ഞാടി. ബാക്ക്ഗ്രൗണ്ടില്‍ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ "ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ... കമ്പിത്തിരി മത്താപ്പോ..." എന്ന ഗാനമായിരുന്നു. ആ ഗാനം ഒരിക്കല്‍ പോലും കേള്‍ക്കാത്ത കുട്ടികള്‍ ആണല്ലോ അങ്ങിനെ ചെയ്യുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ അവരുടെ ആ പെര്‍ഫോര്‍മന്‍സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഈയടുത്ത് വീണ്ടും ഞാന്‍ ആ സ്കൂളില്‍ പോയി. മദര്‍ പ്രിന്‍സിപ്പലിനെ കണ്ട് മനുവിന്‍റെ എന്തോ ഒരു പേപ്പര്‍ വാങ്ങാന്‍ വേണ്ടിയായിരുന്നു അത്. പക്ഷെ, ചെറുപ്പത്തില്‍ അവിടെ പോയ അനുഭവം ആയിരുന്നില്ല ഇത്തവണ. ആ കവാടത്തില്‍ എത്തിയപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, സാധാരണഗതിയില്‍ ഒരു സ്കൂള്‍ മുറ്റത്തേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങള്‍ ഒന്നും കേള്‍ക്കാനില്ല, കുട്ടികളുടെ കലപിലകളോ അധ്യാപകരുടെ "സയലന്‍സ് സയലന്‍സ്" എന്ന ശകാരങ്ങളോ ഒന്നുമില്ല. എങ്ങും വരിഞ്ഞുമുറുക്കി കെട്ടിയ മൂകത മാത്രം.

ഞാന്‍ മദര്‍ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ എത്തി. അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാല്‍പ്പെരുമാറ്റങ്ങള്‍ കേട്ട് ഞാന്‍ വരാന്തയിലേക്ക് ചെന്നത്. നോക്കുമ്പോള്‍ മുറ്റം നിറയെ കുട്ടികള്‍. കുറെ പേര്‍ ഓടുന്നു, കുറെ പേര്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നു, വേറെ കുറച്ചു പേര്‍ കൈയും ചുണ്ടും ഉപയോഗിച്ച് തമാശകളും കാര്യങ്ങളും പറയുന്നു. ചിലര്‍ പൊട്ടിച്ചിരിക്കുന്നു, ചിലര്‍ പരിഭവിക്കുന്നു. ഒച്ചപ്പാടും ബഹളവും ഇല്ലാത്ത പഠിപ്പുരമുറ്റം.

"ക്ലാസ് കഴിഞ്ഞോ ... ബെല്‍ അടിക്കുന്നത് കേട്ടില്ലല്ലോ.. ???" അകത്തു കയറിയ ഉടനെ ഞാന്‍ മദറിനോടു ചോദിച്ചു.
മദര്‍ ഒരു ചെറുപുഞ്ചിരിയോടെ എന്നെ നോക്കി. "ബെല്ലോ... ആര്‍ക്കുവേണ്ടി .. ഇവിടെ ബെല്ലിന്‍റെ ആവശ്യമുണ്ടോ ആദര്‍ശ്..??"

അതെ .. ഇവിടെ അതിന്‍റെ ആവശ്യമുണ്ടോ, മനസ്സുകൊണ്ടല്ലേ ഇവര്‍ പരസ്പരം സംവേദിക്കുന്നത്, കാതടപ്പിക്കുന്ന മണിമുഴക്കങ്ങളും, അധ്യാപകരുടെ മൂര്‍ച്ചയേറിയ ശകാരങ്ങളും ഇവരുടെ നിശബ്ദതയുടെ സംഗീതത്തെ അലോസരപ്പെടുത്തില്ലേ, ഞാന്‍ ചിന്തിച്ചു.

എങ്കിലും, ലാസ്റ്റ് ബെല്‍ കേട്ട് ആര്‍ത്തുവിളിച്ചു കൊണ്ട് ആ സ്കൂള്‍മുറ്റം ഒരു ഉത്സവപ്പറമ്പാകുന്നത് കാണാന്‍ മനസ്സ് എന്തുകൊണ്ടോ വെമ്പുന്നുണ്ടായിരുന്നു. ഒരിക്കലെങ്കിലും, ഒരിക്കലെങ്കിലും അവര്‍ക്കാ മണിമുഴക്കം കേള്‍ക്കാന്‍ കഴിയണേയെന്ന് അറിയാത ആഗ്രഹിച്ചുപോയി. പക്ഷെ, അപ്പോഴും തളംകെട്ടിയിരുന്ന അസഹനീയമായ ആ നിശബ്ദത എന്നെ വേട്ടയാടികൊണ്ടിരുന്നു

മാതൃകം ഒരു മാതൃക

സമൂഹത്തിനു വേണ്ടി നന്മ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി പോലും ഈ ലോകത്തില്ല. കാരണം, കുട്ടിക്കാലത്ത് നമ്മില്‍ പാകിയ നന്മയുടെ വിത്തുകള്‍ ഇന്നും മരിച്ചിട്ടില്ല. പക്ഷെ, പലപ്പോഴും നമ്മുടെ ജീവിതസാഹചര്യങ്ങള്‍ നമ്മെ നമ്മുടെതായ ചെറിയ ലോകത്തേക്ക് വരിഞ്ഞുക്കെട്ടുന്നു. 

പ്രാരാബ്ധങ്ങളുടെയും ഭാണ്ഡക്കെട്ടുകളുടെയും ഇടയില്‍ നമുക്ക് ഒറ്റയ്ക്ക് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് അപ്രാപ്യമായ ഒരു മരീചികയായി മാറുന്നു. പക്ഷെ, ഒരു കൂട്ടായ്മയ്ക്ക് പലതും ചെയ്യാന്‍ കഴിയും. അതിനു വേണ്ടത് സമാന ചിന്താഗതിയും കൂട്ടായി പ്രവര്‍ത്തിക്കാനുള്ള മനസ്സുമാണ്.

അവിടെയാണ് മാതൃകം എന്ന കൂട്ടായ്മ വ്യത്യസ്തമാകുന്നത്. നന്മ കെട്ടടങ്ങാത്ത മനസ്സുകളുടെ നന്മ നിറഞ്ഞ കൂട്ടായ്മ.

ഭൂമിയുടെ പല കോണിലുള്ള സമാനമനസ്കരായ ഒരുകൂട്ടം മലയാളി അമ്മമാരുടെ വിപ്ലവാത്മകമായ ആശയമായിരുന്നു "അ .. അമ്മ .. അമ്മിഞ്ഞ.." എന്ന ഫെയ്സ്ബുക്ക് പേജ്. സൈബര്‍ ലോകത്തെ അനന്തമായ സാധ്യതകളെ ഉപയോഗിച്ച് ഫെയ്സ്ബുക്കിലൂടെ നടത്തിയ ഈ മുലപ്പാല്‍ വിപ്ലവം പെട്ടെന്നുതന്നെ പുറംലോകത്തും പടര്‍ന്നുപ്പിടിച്ചു. കുറഞ്ഞ കാലയളവില്‍ തന്നെ ഇത് പലര്‍ക്കും പ്രചോദനമാകുകയും, അതേ തുടര്‍ന്ന്‍ കൂടുതല്‍ ആള്‍ക്കാര്‍ ഈ അമ്മമാര്‍ക്ക് പ്രോത്സാഹനവുമായി രംഗത്തു വരികയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മേയ് എട്ടാം തീയതി അ .. അമ്മ .. അമ്മിഞ്ഞ .. പേജ് ലോഞ്ച് ചെയ്തു. ഉപരിപ്ലവമായ ആശയങ്ങള്‍ക്ക് ദൃഡത പകരാനായി അപ്പോഴേക്കും അനേകരുടെ സഹായഹസ്തങ്ങള്‍ മുന്നോട്ട് വന്നു. അങ്ങിനെ ജൂണ്‍ എട്ടാം തീയതി, കൃത്യം ഒരു മാസം തികയുന്ന ദിവസം, അങ്ങിനെ ആ കീ ബോര്‍ഡ്‌ വിപ്ലവം സമൂഹത്തിലേക്കും പടര്‍ന്നു. ആലപ്പുഴ, പാലക്കാട്, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളിലായി പത്തോളം സ്കൂളുകളില്‍ ആദ്യത്തെ പ്രോഗ്രാം നടത്തി. വിദ്യാര്‍ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സാമൂഹ്യ അവബോധന ക്ലാസ്സ്.

നൂറോളം പേര് പങ്കെടുത്ത ആദ്യത്തെ ക്ലാസ്സില്‍ നിന്നും മാതൃകം പെട്ടെന്ന് വളര്‍ന്നു. മൂവായിരത്തില്‍ പരം ആള്‍ക്കാര്‍ സംബന്ധിച്ച ക്ലാസുകള്‍ വരെ ചെറിയ കാലയളവിനുള്ളില്‍ മാതൃകത്തിനു സംഘടിപ്പിക്കാന്‍ കഴിഞ്ഞു. കാണികള്‍ വെറും കേള്‍വിക്കാരായി മാത്രം നില്‍ക്കാതെ മിക്ക ആള്‍ക്കാരും നല്ല രീതിയില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.

പക്ഷെ മാതൃകത്തിന്‍റെ സാമൂഹ്യബോധം ഇവിടെ തീര്‍ന്നില്ല. കൂടുതല്‍ പേര്‍ നിസ്വാര്‍ത്ഥ സേവനവുമായി മുന്നോട്ട് വന്നപ്പോള്‍ മാതൃകം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അതിലൊന്നായിരുന്നു കഴിഞ്ഞ ഓണത്തിനു പെരിന്തല്‍മണ്ണയിലെ ഫെയ്ത്ത് ഇന്ത്യ സ്കൂളില്‍ നടത്തിയ ഓണാഘോഷ പരിപാടി.

ഒരു ഓണാഘോഷ പരിപാടിയില്‍ എന്തിരിക്കുന്നു, അല്ലെ. അതെ, ഒന്നുമില്ല. പക്ഷെ, ഇത് വ്യത്യസ്തമായിരുന്നു. ഓട്ടിസം ബാധിച്ച, ഭിന്ന ശേഷിയുള്ള കുട്ടികളുടെ സ്കൂള്‍ ആയിരുന്നു അത്. അവരോടൊപ്പം ആടിയും പാടിയും അവരിലലിഞ്ഞു ചേര്‍ന്ന് അവരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി അവര്‍ക്ക് വേറിട്ടൊരു അനുഭവം പകര്‍ന്നു കൊടുത്ത ഒരു മാതൃകയായി മാറുകയായിരുന്നു 'മാതൃകം'.

ഇതുകൂടാതെ, ഓണ്‍ലൈനില്‍ നടക്കുന്ന പലതരത്തിലുള്ള വഞ്ചനകള്‍ക്കെതിരെയും മാതൃകം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. 'നെറ്റിസണ്‍ പോലീസ്' വീണ്ടും ശക്തമായ രീതിയില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്‍റെ തലപ്പത്തുള്ളവര്‍.

പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട് മാതൃകം ഈ കുറഞ്ഞ കാലയളവില്‍ ചെയ്തതിനെ കുറിച്ചു പറയാന്‍. അതുകൊണ്ട് വേണ്ട. എഴുതി നീളം കൂട്ടുന്നില്ല. 'മാതൃകം' ഇന്നൊരു നിയമപരമായ സന്നദ്ധസംഘടനയായി മാറിയിരിക്കുകയാണ്. റെജിസ്റ്റര്‍ഡ് ഓഫീസും നിയമാവലികളും ഉള്ള ഒരു പ്രോപര്‍ ലീഗല്‍ സൊസൈറ്റി.

ഇത്രയും കാര്യങ്ങള്‍ ഞാനിവിടെ എഴുതാന്‍ കാരണം, എഫ് ബിയില്‍ വന്നു വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എനിക്ക് പലരെയും പരിചയപ്പെടാന്‍ പറ്റി. അതില്‍ നേരിട്ടിടപിഴകിയവരില്‍ പലരും മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ ആണെന്നും മനസ്സിലായി. അതുപോലെത്തന്നെ നന്മമരങ്ങളായ കുറച്ചു പേരെ എഴുത്തിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഈ കാലയളവിനുള്ളില്‍ എനിക്ക് സാധിച്ചു.

അതില്‍ എറണാകുളത്ത് ഹോട്ടല്‍ നടത്തുന്ന അമ്മച്ചിയേയും കൊച്ചിന്‍ മറൈന്‍ഡ്രൈവ്‌ വൃത്തിയാക്കുന്ന രാംദാസിനെയും നിങ്ങള്‍ സ്വീകരിക്കുക മാത്രമല്ല സഹായിക്കുകയും ചെയ്തു. അമ്മച്ചിയുടെ ഊണ് കഴിക്കാന്‍ നൂറില്‍ പരം ആള്‍ക്കാര്‍ ചെന്നുയെന്ന്‍ അവര്‍ പിന്നീട് പറഞ്ഞു. അതുപോലെത്തന്നെ രാംദാസിനെ തെരുവോരം മുരുകന്‍ പുനരധിവസിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ കീ ബോര്‍ഡില്‍ മാത്രം ഒതുങ്ങാതെ ഒരു പടി കൂടി മുന്നോട്ട് വന്നു ഞാന്‍ നിങ്ങളുടെ സഹായഹസ്തങ്ങള്‍ ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ട് ഈ വര്‍ഷം സമൂഹത്തിനു വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്തുകൂടാ. മാതൃകത്തില്‍ അംഗം ആകാനുള്ള ഏക മാനദണ്ഡം നന്മ വറ്റാത്ത മനസ്സിനു ഉടമയാകുക എന്നതാണ്. സമയം ഒരു പരിമിതിയല്ല. ഇതിലുള്ള എല്ലാവരും അവരുടെതായ കാര്യങ്ങളില്‍ വ്യാപൃതരായവര്‍ തന്നെയാണ്. നമുക്ക് അവരുടെ പാത പിന്തുടരാം. കാരണം, ഞാന്‍ ആദ്യം പറഞ്ഞതുപോലെ,

"സമൂഹത്തിനു വേണ്ടി നന്മ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി പോലും ഈ ലോകത്തില്ല. കാരണം, കുട്ടിക്കാലത്ത് നമ്മില്‍ പാകിയ നന്മയുടെ വിത്തുകള്‍ ഇന്നും മരിച്ചിട്ടില്ല."

ഇരുഹൃദയങ്ങള്‍ ...

എടീ ..
ഉം..

എട്യേ...
ഉം ... ന്തേ...

എടീ .. നീ എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ...
എന്ത് ....

അല്ല ... നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ സാഹിത്യകാരന്മാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നേന്ന് ...
എങ്ങിനെ പറയുന്നേന്ന്‍ ...

അതേയ് .. ഈ കഥയിലും കവിതയിലുമൊക്കെ ഉണ്ടാകാറില്ലേ .. പ്രണയസരോവര തീരത്തു വെച്ച് അവര്‍ ഹൃദയങ്ങള്‍ പരസ്പരം കൈമാറി എന്നൊക്കെ ...
സിനിമയിലും ഉണ്ടല്ലോ അങ്ങിനത്തെ ഡയാലോഗുകള്‍...

ങ്ങാ .. അതന്ന്യാ ഞാന്‍ പറയുന്നേ ... നമുക്കും അങ്ങിനെ ചെയ്താലോ ..
അതിലിപ്പോ പ്രത്യേകിച്ച് എന്താ ചെയ്യാനുള്ളത് ... നമ്മള് ഓള്‍റെഡി ചെയ്തതല്ലേ...

അതല്ലെടി മുത്തേ .. നമുക്കത് ശരിക്കും അങ്ങ്ട് ചെയ്താലോ ...
എവിടെ പ്രണയസരോവര തീരത്തു വെച്ചോ ...

അല്ല ദ്വാപര യമുനാ തീരത്തു വെച്ച് .. നിന്നെയുണ്ടല്ലോ .. എടീ .. ഞാന്‍ പറേണത് ശരിക്കും നമുക്ക് ഹൃദയങ്ങള്‍ കൈമാറിയാലോ എന്നാ ...
അതിപ്പോ എങ്ങിന്യാ ..

അതിനൊക്കെ വഴിയുണ്ട് .. നീ ഈ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്‍റെഷന്‍ എന്ന് കേട്ടിട്ടില്ലേ ...
ഉം .. അതൊരു ശസ്ത്രക്രിയ അല്ലെ ...

അതെ.. നമുക്ക് അതങ്ങ്ട് ചെയ്യാം .. രണ്ടുപേരുടേയും ഹൃദയങ്ങള്‍ പരസ്പരം ട്രാന്‍സ്പ്ലാന്‍റ് ചെയ്യാം ... അതിനു ശേഷം എന്‍റെ ഹൃദയം നിന്നിലും നിന്‍റെ ഹൃദയം എന്നിലും ... ഹോ ..ആലോചിക്കുമ്പോള്‍ തന്നെ എന്ത്‌ സുഖാ ...

ഉം ... അപ്പൊ ഞാന്‍ ശരിക്കും നിങ്ങടെ ഹൃദയത്തിന്‍റെ ഉടമയായി മാറും .. അല്ലേ ... അന്നു പറഞ്ഞതുപോലെ ...
ഉം ... അതെ .. ഞാന്‍ നിന്‍റെയും ..

പക്ഷെ .. ചേട്ടാ എനിക്കൊരു സംശ്യം ...
മ്മ്ം .. എന്ത് സംശ്യം

അല്ലാ ... ഇത് ചെയ്യുന്നതിനിടയില്‍ നമ്മളില്‍ ആരെങ്കിലും ഒരാള്‍ മരിച്ചുപോയാലോ ... അങ്ങിനെയും സംഭാവിക്കാലോ .. മേജര്‍ സര്‍ജറിയല്ലേ ..

സംഭവം ശരിയാണെങ്കിലും അതിലുമൊരു സുഖമില്ലേ മോളേ ...
ങ്ങേ .. അതിലെന്തു സുഖം ..

നീയൊന്നു ആലോചിച്ചു നോക്ക്യേ .. അഥവാ അതിനിടയില്‍ ഇനി ഞാന്‍ മരിച്ചുപോയാലും ജീവിതകാലം മുഴുവന്‍ നിന്‍റെയുള്ളില്‍ മിടിയ്ക്കുന്നത് എന്‍റെ ഹൃദയമല്ലേ ... അതുപോലെത്തന്നെ നിനക്കെന്തേലും സംഭവിച്ചാല്‍ ഞാന്‍ ജീവിക്കുന്നത് നിന്‍റെ ഹൃദയം കൊണ്ടായിരിക്കില്ലേ ... ഹോ .. എന്തൊരു നല്ല ഫീലിംഗ് ആയിരിക്കും അത് ... അല്ലെ ...

ഉം .. അതും ശരിയാണല്ലോ ... മരണത്തിനു പോലും വേര്‍പ്പെടുത്താന്‍ പറ്റാത്തതുപോലെ അല്ലെ .. എന്ത് രസായിരിക്കും .. ആലോചിക്കുമ്പോ തന്നെ എന്തൊരു സുഖാ ... 

വിട പറയും മുന്‍പേ

മറ്റൊരു കോളേജില്‍ നിന്ന് സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങിച്ചു വന്നതായിരുന്നു ഷേര്‍സില്‍. പേരില്‍ മാത്രമേ "ഷേര്‍" ഉണ്ടായിരുന്നുള്ളൂ. ആളൊരു പച്ചപ്പാവം. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും പെട്ടെന്നു ഫീലിംഗ്സ് അടിക്കുന്ന പ്രകൃതം. അതുകൊണ്ടുതന്നെ എല്ലാവരുടെയും കളിയാക്കല്‍ ലിസ്റ്റില്‍ ഒന്നാമന്‍ അവനായിരുന്നു. 

പത്തൊന്‍പത് വയസ്സേ ഉള്ളുവെങ്കിലും തല മുഴുവന്‍ കഷണ്ടിയായിരുന്നു. വെളുത്തു തുടുത്ത കവിളുകളില്‍ വസൂരിക്കല പോലെ മുഖക്കുരുപ്പാടുകള്‍. പോരെങ്കില്‍ എപ്പോഴും വിയര്‍ത്തോഴുകുന്ന ശരീരം. ഇതൊക്കെ മതിയായിരുന്നു കോളേജിലെ അന്നത്തെ ഫ്രീക്കന്‍മാര്‍ക്ക് ഒരു ഇന്ട്രോവേര്‍ട്ടിനെ വധിക്കാന്‍. ആദ്യനാളുകളില്‍ ഞാനും അവനെ മറ്റുള്ളവരുടെ കൂടെനിന്നു കളിയാക്കിയിരുന്നു.

പക്ഷെ അതു നിര്‍ത്താന്‍ കാരണം എനിക്കു വന്നൊരു ഫോണ്‍കോള്‍ ആയിരുന്നു. അതും അവന്ടെ മൊബൈലില്‍. സംഭവം നടക്കുന്നത് 2002ല്‍ ആയതുകൊണ്ട് കൂടുതല്‍ കുട്ടികളുടെ കൈയ്യില്‍ മൊബൈല്‍ ഇല്ലായിരുന്നു. ഒരു റൂമിലെ ഞങ്ങള്‍ അഞ്ചുപേര്‍ക്കും കൂടി ഒറ്റ മൊബൈല്‍ ആയിരുന്നു അന്ന്. അതും നോകിയയുടെ ഡബിള്‍ വണ്‍ ഡബിള്‍ സീറോ. പക്ഷെ ഷേര്‍സിലിന്‍റെ മൊബൈല്‍ ക്യാമറയുള്ള ഡബിള്‍ സിക്സ് ഡബിള്‍ സീറോ ആയിരുന്നു. അവന്‍ ആ മൊബൈല്‍ എന്‍റെ നേര്‍ക്കു നീട്ടി.

"ആദര്‍ശ്, എന്‍റെ ഉമ്മാക്ക് അന്നോട് സംസാരിക്കണംന്ന്‍" ഞാന്‍ ഞെട്ടി, ഇവനെന്താ നേഴ്സറി കുട്ടികളെപ്പോലെ വീട്ടില്‍ കംപ്ലൈന്റ്റ്‌ പറഞ്ഞോ. തെല്ലൊരു സംശയവും വലിയൊരു ഭയത്തോടും കൂടിയാണ് ഞാന്‍ ഹലോ പറഞ്ഞത്.

"മോനേ .. മോന്‍റെ വീട് കാസര്‍ഗോഡ് ആണല്ലേ. ഞങ്ങളും അതെ. പക്ഷെ ഇപ്പൊ ഗള്‍ഫിലാ. അടുത്ത മാസം വരുന്നുണ്ട്. ഓന് അങ്ങനെ വല്ല്യ ഫ്രെന്‍സൊന്നും ഇല്ല. ഓനെന്തോ ആള്‍ക്കാരോട് മിണ്ടാന്‍ പേടിയാ. മോന്‍ ഓനെ നിങ്ങളെ കൂടെ കൂട്ടണം. ഓന് കൊറേ ബെഷമങ്ങള്‍ ഇണ്ട്. നിങ്ങ നല്ല ചങ്ങായിമാരായിയിരുന്നാ ഓന് നല്ല സന്തോസായിരിക്കു. ഞമ്മക്കും."

പിന്നീടവര്‍ ഒരു അഞ്ചു മിനിട്ടോളം സംസാരിച്ചതിനു ശേഷം ഫോണ്‍ കട്ട്‌ ചെയ്തു. ഒരു മോനോടുള്ള വാത്സല്യത്തോടു കൂടിയാണ് അവര്‍ എന്നോട് സംസാരിച്ചത്. അതുകൊണ്ടു തന്നെയായിരിക്കും എന്‍റെ അമ്മയുടെ നമ്പര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒരു മടിയും കൂടാതെ കൊടുത്തത്.

ക്ലാസ് വിട്ടു കഴിഞ്ഞതെ ഞങ്ങളുടെ കോമണ്‍ മൊബൈലിലേക്ക് അമ്മയുടെ കോള്‍. അമ്മ കൂടുതല്‍ ഒന്നും പറഞ്ഞില്ല. ഷേര്‍സിലിന്‍റെ ലോണ്‍ലിനെസ്സ് മാറ്റാന്‍ വേണ്ടി ഞാന്‍ അവനോടൊപ്പം താമസം മാറണമെന്ന്. ഞാന്‍ കുറെ തര്‍ക്കിച്ചെങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഓക്കേ പറഞ്ഞു. പക്ഷെ ഒരു കണ്ടീഷന്‍, വീട് ഇഷ്ടമായെങ്കില്‍ മാത്രമേ മാറുകയുള്ളൂ എന്ന് ഞാന്‍ തീര്‍ത്തും പറഞ്ഞു.

അവനൊരു ഓട്ടോയില്‍ വന്നെന്നെ പിക്ക് ചെയ്തു. ഒരു സിംഗിള്‍ ബെഡ്റൂം ഫ്ലാറ്റ് എന്നുതന്നെ പറയാം. ടി വി, ഫ്രിഡ്ജ്, ഓവന്‍, സ്റ്റവ്‌, അലമാരകള്‍ എല്ലാമുണ്ടായിരുന്നു. അഞ്ചുപേര്‍ താമസിക്കുന്ന കുടുസ്സുമുറിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് പാലായനം ചെയ്തതുപോലെ. എന്‍റെയൊരു ചെറുപുഞ്ചിരി അട്ടഹാസം കലര്‍ന്ന ആലിംഗനത്തില്‍ അവസാനിച്ചു. അന്നു വൈകിട്ടു തന്നെ സാധനങ്ങള്‍ ഷിഫ്റ്റ്‌ ചെയ്തു.

ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ ചിക്കനും മട്ടനും ബീഫും മീനും. കൂടെ കഴിക്കാന്‍ ഇടിയപ്പവും ചപ്പാത്തിയും ഫ്രൈഡ് റൈസും. ഫ്രൂട്സ് ആണെങ്കില്‍ പലവിധം.

"എന്തിനാടെയ് ഇത്രയും ഫുഡ് വാങ്ങിച്ചു വെച്ചേക്കുന്നത്. ആവശ്യമുള്ളത് പുറത്തു പോയി കഴിച്ചാല്‍ പോരെ." എന്‍റെ ന്യായമായ ചോദ്യം.

"ഇത് ഇന്ന് കൊടുത്തു വിട്ടതാ. എനിക്ക് പുറത്തെ ഫുഡ് പിടിക്കില്ല."
"കൊടുത്തു വിട്ടതോ .. ആര്"
"ഓരോ രണ്ടു ദിവസം കൂടുമ്പോഴും കോഹിനൂര്‍ ബസ്സില്‍ രണ്ടു ദിവസത്തേക്കുള്ള ഫുഡ് ഉമ്മൂമ്മ നാട്ടില്‍ നിന്നു കൊടുത്തുവിടും. അത് ഫ്രിഡ്ജില്‍ വെച്ചു ഓവനില്‍ ചൂടാക്കി കഴിക്കും. അത്യാവശ്യം ചായയും ഓംലറ്റും ഉണ്ടാക്കാനാണ്‌ ഈ സ്റ്റവ്."

"ആങ്ഹാ.. നീ കൊള്ളാല്ലോ" കോളടിച്ചു എന്നു ഞാന്‍ മനസ്സിലും പറഞ്ഞു.

രാത്രി അവന്‍റെ ഉമ്മ വീണ്ടും വിളിച്ചു. അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്. ഷേര്‍സിലിന് എന്തോ ഒരു വലിയ രോഗമുണ്ടെന്നും അതിന്‍റെ പരിണിതഫലമാണ് അവന്‍റെ ശരീരത്തില്‍ പ്രതിഫലിക്കുന്നതും എന്ന്. പതിനായിരങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന എന്തോ ഒരു അപൂര്‍വ്വരോഗം.

അപ്പോഴാണ്‌ എനിക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് മനസ്സിലായത്. എന്‍റെ വാസസ്ഥലമാറ്റത്തിന്‍റെ ഹിഡന്‍ അജെണ്ടയും. പിന്നെ വൈകിച്ചില്ല. അന്നു വൈകിട്ടു തന്നെ അവനെ എന്‍റെ എല്ലാ കൂട്ടുകാരുമായി പരിചയപ്പെടുത്തി. കുറച്ചുപേരോടു കാര്യവും അവതരിപ്പിച്ചു. പക്ഷെ ആരും അവനെയൊരു രോഗിയായി കാണരുതെന്ന് അവന്‍റെ ഉമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും ഞങ്ങളുടെ എല്ലാ ഊടായിപ്പിലും അവനെ കൂട്ടി. മദ്യപ്പിക്കില്ലെങ്കിലും ഡാബയിലും ഡിസ്കോകളിലും ഉള്ള യാത്രകളില്‍ അവനും ഞങ്ങളുടെ ബൈക്കിന്‍റെ പിറകില്‍ ഇടം കണ്ടെത്തി. വലിയ വലിയ മുട്ടന്‍ കോമഡികളും മിമിക്ക്രികളും അവന്‍റെ ട്രേഡ്മാര്‍ക്കായി.

അങ്ങിനെയൊരു യാത്രയ്ക്കിടയിലാണ് അവന്‍ ഒരു പൂക്കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത്. രാമയ്യ ഹോസ്പിറ്റലിനു മുന്‍വശത്തുള്ള ഒരു കൊച്ചുക്കട. അവന്‍ കുറെ ഓര്‍ക്കിഡ് പൂക്കള്‍ സെലെക്റ്റ് ചെയ്തു. വയലറ്റും മഞ്ഞയും പിങ്കും വൈറ്റും എല്ലാം. അതിനിടയില്‍ വെക്കാന്‍ മൂന്നു ചുവന്ന റോസാപ്പൂക്കളും.

"എന്തിനാടാ ഇതൊക്കെ .. അതും ഈ നട്ടപ്പാതിരായ്ക്ക്" ഞങ്ങള്‍ അറിയാത്ത വല്ല പ്രണയവും ഉണ്ടോ എന്ന സംശയമായിരുന്നു നവീനിന്.
"ഹാഹാഹാ .. അതൊന്നുമല്ലെടാ .. " മുന്‍പൊരിക്കലും കാണാത്ത സന്തോഷവും തെളിച്ചവുമായിരുന്നു അവന്‍റെ കണ്ണുകളില്‍, "രണ്ടാഴ്ച്ച കഴിഞ്ഞ് എന്‍റെ ഇത്തായുടെയും അളിയന്‍റെയും മൂന്നാം വെഡിംഗ് ആനിവേര്‍സറിയാണ്. അതിനുവേണ്ടി മുന്‍ക്കൂട്ടി ഓര്‍ഡര്‍ ചെയ്തതാ".

പിറ്റേ ദിവസം അവന്‍റെ ഉമ്മ വിളിച്ചു. എല്ലാവരും നാട്ടിലെത്തി എന്നു പറഞ്ഞു. ഞങ്ങള്‍ എല്ലാവരെയും ക്ഷണിച്ചു. പോകാന്‍ തയ്യാറായ ആറുപേര്‍ക്ക് കൊഹിനൂറില്‍ ടിക്കറ്റും ബുക്ക് ചെയ്തു. ഷേര്‍സില്‍ ഒരാഴ്ച്ച മുന്‍പുതന്നെ പോയി. മജസ്റ്റിക്കില്‍ ബസ്സ്‌ വിടാറായപ്പോള്‍ അവന്‍ പറഞ്ഞു.

"എടാ .. നീ മറക്കാതെ ആ പൂക്കള്‍ കൊണ്ടുവരണം. പൈസ ഞാന്‍ ഓള്‍റെഡി കൊടുത്തിട്ടുണ്ട്". ഞാനവനെ കെട്ടിപ്പിടിച്ചു യാത്രയാക്കി. കൊണ്ടുച്ചെല്ലാം എന്ന് ഉറപ്പും നല്‍കി.

പിറ്റേ ദിവസം രാവിലെ ആറു മണിക്ക് അവന്‍ ബസ് ഇറങ്ങിയ ഉടനെ വിളിച്ചു. അപ്പോഴും അവന്‍ പൂക്കളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി. ക്ലാസ്സുള്ള സമയങ്ങളില്‍ ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ അവന്‍ വിളിക്കും. എല്ലാവരോടും വാതോരാതെ അവിടുത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കും. വൈകുന്നേരങ്ങളില്‍ അവന്‍ വീണ്ടും വിളിച്ച് മണിക്കൂറുകള്‍ സംസാരിക്കും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഞങ്ങള്‍ എല്ലാവരും ലൗഡ്സ്പീക്കറില്‍ അന്താക്ഷരി കളിക്കും.

കാണുന്നതിനു മുന്‍പുതന്നെ അവന്‍റെ ഉമ്മയും ഉപ്പയും ഉമ്മൂമ്മയും അളിയനും പെങ്ങളും ഞങ്ങളുടെയും സ്വന്തക്കാരായി. അവരും ഞങ്ങളോട് വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. കാണാനുള്ള വ്യഗ്രതയേറി.

മൂന്നാം ദിവസം ഉച്ചയായിട്ടും ഷേര്‍സിലിന്‍റെ കോള്‍ വന്നില്ല. ഷോപ്പിംഗ്‌ ഉണ്ടെന്നു പറഞ്ഞതുകൊണ്ട് ഞങ്ങളും ശല്യപ്പെടുത്താന്‍ നിന്നില്ല. പക്ഷെ, വൈകിട്ടു വന്ന ഫോണ്‍കോള്‍, അതു വരേണ്ടായിരുന്നു എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്‍റെ അമ്മയായിരുന്നു വിളിച്ചത്.

"മോനേ .. വിഷമിക്കരുത്.. നിന്‍റെ കൂട്ടുക്കാരന്‍ ഷേര്‍സില്‍ ഇന്നലെ രാത്രി മരിച്ചു. ബ്രെയിന്‍ ഹെമറേജ് ആയിരുന്നു..."

കൂടുതലൊന്നും കേള്‍ക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു ഉടനെ അവന്‍റെ നമ്പറില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തിരിച്ചു കോള്‍ വന്നു. അവനായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു. പക്ഷെ അവനല്ലായിരുന്നു. അളിയന്‍ ആയിരുന്നു. അമ്മ പറഞ്ഞത് സത്യമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഞങ്ങളെ വിട്ടുപോയിരിക്കുന്നു.

ഏകദേശം ഒരു രണ്ടാഴ്ച്ചയ്ക്കു ശേഷം അവന്‍റെ ഉപ്പയും ഉമ്മയും അളിയനും ബാംഗ്ലൂരില്‍ വന്നു. ഒത്തിരി കാണാന്‍ കൊതിച്ച അവരെ ഇങ്ങിനെയൊരു സാഹചര്യത്തില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നു ഒരിക്കലും കരുതിയിരുന്നില്ല. താമസം മാറിയെങ്കിലും അവന്‍റെ ഫ്ലാറ്റിന്‍റെ താക്കോല്‍ എന്‍റെ കൈയ്യിലായിരുന്നു.

ഫ്ലാറ്റിന്‍റെ മുന്‍പില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതിനുള്ളില്‍ കണ്ണീരു വറ്റാത്ത ഉറവകളുമായി ഒരു സ്ത്രീ. ഫോട്ടോയില്‍ കണ്ട എന്നെ അവര്‍ക്ക് നല്ല പരിചയമായിരുന്നു. കൂടെയുള്ളവരെ ഞാന്‍ പരിചയപ്പെടുത്തുമ്പോഴും അവര്‍ വിതുമ്പുന്നുണ്ടായിരുന്നു. അളിയനായിരുന്നു സംസാരിച്ചത്. ഉപ്പയുടെ ഹൃദയം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

"അവന്‍റെ ഉടുപ്പുകള്‍ മാത്രം മതി. മറ്റുള്ള സാധനങ്ങളൊക്കെ നിങ്ങള്‍ എടുത്തോളൂ ... നിങ്ങളോടു സംസാരിച്ച സന്തോഷത്തില്‍ വേദനയില്ലാത്ത മനസ്സുമായി അവനു പോകാന്‍ കഴിഞ്ഞില്ലേ ..." സ്വയം നിയന്ത്രിച്ച ഞങ്ങള്‍ അതുകേട്ടതെ പോട്ടിത്തകര്‍ന്നുപോയി. ഫ്രിഡ്ജിനോടു മുഖം ചേര്‍ത്തു ഉപ്പയും തേങ്ങിക്കരയാന്‍ തുടങ്ങി.

അവന്‍റെ ഉടുപ്പുകളൊക്കെ പാക്ക് ചെയ്തു കാറില്‍ കൊണ്ടുപോയി വെച്ചു. മുഖത്തു കൃത്രിമ ചിരി വരുത്താന്‍ ഞങ്ങള്‍ ആവതു പരിശ്രമിച്ചു. പക്ഷെ, ഉമ്മയ്ക്കു മാത്രം അതിനു കഴിയുന്നില്ലായിരുന്നു. അവര്‍ വിങ്ങി പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു. പോകാന്‍ നേരത്ത് അവരെന്‍റെ കൈ പിടിച്ചു. ആദ്യമായി ഉരിയാടി.

"മോനെ.. ആ പൂക്കള്‍ എവിടെ... "

___________________________________
ഷേര്‍സിലിന്‍റെ ഓര്‍മ്മയ്ക്കായ് കഴിഞ്ഞ പത്തു വര്‍ഷമായി ഇന്നും ബാംഗ്ലൂരിലെ എം.എസ്.രാമയ്യ. കോളേജില്‍, സിവില്‍ എന്ജിനിയറിംഗ് വിഭാഗത്തിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്ക് ക്യാഷ് അവാര്‍ഡ്‌ കൊടുക്കുന്നുണ്ട്. മകന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകളുടെ ഓര്‍മ്മയക്കായ് ആ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹസമര്‍പ്പണമായി

എന്‍റെ ഹൃദയത്തിന്‍റെ ഉടമ

എടീ ..
ഉം ..

എട്യേ .. 
ഊം .. ന്തേ ..

അല്ല .. നീ എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ...
എന്ത്...

അല്ല നീ എപ്പോഴേലും വിചാരിച്ചിട്ടുണ്ടോ ... നീ എങ്ങനെ ഇവിടെ വന്നു ജനിച്ചു എന്ന് ..
എന്ന്വെച്ചാ ...

എന്ന്വേച്ചാ കുന്തം .. എടീ .. നിനക്ക് വേണേല്‍ ഈ ലോകത്ത് എവിടെ വേണേലും ജനിക്ക്യാരുന്നു ... വല്ല അമേരിക്ക്യെലോ ആഫ്രിക്കേലോ ജനിക്കായിരുന്നു .. അല്ലെ ...
അതെങ്ങനെ .. ഞാനൊരു മലയാളിയല്ലേ .. അപ്പൊ ഞാന്‍ ഇവിട്യല്ലേ ജനിക്ക്യാ ...

അതല്ലെടി മുത്തേ ... ഞാന്‍ പറയുന്നത് ഒരു തത്വാണ് ...
തത്വോ .. അതെന്തോന്ന് ..

എടീ ... നീയൊന്നാലോചിച്ച് നോക്ക് ... ഒരാള്‍ ജനിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് ദൈവം ഒരു ഹൃദയം കൊടുക്കും ... ആ ഹൃദയം കൊണ്ട് ഒരാളെ മാത്രേ തീവ്രമായി പ്രണയിക്കാന്‍ പറ്റൂ ... എനിക്ക് വേണ്ടിയുള്ള ആ ഹൃദയം ദൈവം നിന്‍റെയുള്ളിലാ വെച്ചിരിക്കുന്നത് ..

ങ്ങേ.. അതിന് നിങ്ങടെ തത്വത്തില്‍ ദൈവം ഇല്ലാന്നല്ലേ പറഞ്ഞത് ....

ഹോ .. എന്നാ ദൈവം വേണ്ട .. ഒരു പ്രപഞ്ചശക്തി ഉണ്ടെന്ന് വിചാരിക്ക്...
ഉം .. വിചാരിച്ചു .. അതിന് ..

അതിനൊന്നൂല്ല... അതൊരു പ്രത്യേക ഫീലിംഗാ മോളെ .. നമ്മളെ മാത്രം ജീവനെ പോലെ സ്നേഹിക്കുന്ന ഒരാളെ നമുക്ക് വേണ്ടി സൃഷ്ടിച്ചു വിടുക .. എന്നിട്ട് അവരെ കണ്ടുമുട്ടുക ... ജീവിതകാലം മുഴുവന്‍ പ്രണയിക്കുക... എത്ര പേര്‍ക്ക് ഇങ്ങന്യോരാളെ കണ്ടുമുട്ടാന്‍ പറ്റും... നീയാലോചിച്ചിട്ടുണ്ടോ ...

ഉം .. അത് ശര്യാണല്ലോ ... അപ്പൊ ദൈവം എനിക്ക് വേണ്ടി പടച്ചുവിട്ടത്
നിങ്ങളെയായിരിക്ക്യും ല്ലേ ..

അതെന്താടീ .. നിനക്കൊരു സംശ്യം പോലെ ..
ഏയ്‌ .. ഒന്നൂല്ല .. നിങ്ങളെ തന്ന്യാ .. അതെനിക്കൊറപ്പാ ...

അതെങ്ങനെ മനസ്സിലായി ... പറ .. ഒന്ന് കേക്കട്ടെ ..
മനസ്സിലാക്കാന്‍ ഒന്നൂല്ല .. അതാണ്‌ തത്വം... അത്രേയുള്ളൂ ... ഹോ .. സത്യം.. വല്ലാത്തൊരു ഫീലിംഗ് തന്ന്യായിത് ...

♥ ♥ ♥

ദൃശ്യം - ഹൃദ്യമീ ദൃശ്യം

പണ്ടൊക്കെ ഒരു മോഹന്‍ലാല്‍ ചിത്രം ഇറങ്ങിയാല്‍ അതിന്‍റെ പോസ്റ്ററുകളില്‍ സ്ഥിരം കാണുന്ന വാചകങ്ങള്‍ ആയിരുന്നു: 

"ഇവന്‍ ഞങ്ങളുടെയും മകന്‍"
"ഇതുപോലെയാകണം എന്‍റെയും ഭര്‍ത്താവ്"
"എന്‍റെ അച്ഛനാണ് എന്‍റെ ഹീറോ"

എങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതുപോലുള്ള ജീവിതഗന്ധിയായ കഥാപാത്രങ്ങള്‍ ഈ താരത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. പക്ഷെ അതിനെല്ലാം പലിശ സഹിതം തിരിച്ചു വീട്ടിയിരിക്കുകയാണ് ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം. പ്രേക്ഷകമനസ്സിലേക്ക് പഴയ മോഹന്‍ലാല്‍ എന്ന കുടുംബനാഥനെ വീണ്ടും കുടിയേറ്റിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്

ജോര്‍ജ്ജുകുട്ടി ഒരു അനാഥനാണ്. വെറും നാലാംക്ലാസ്സുകാരനായ തനി നാട്ടിന്‍പ്പുറത്തുക്കാരന്‍. നാട്ടുകാരുടെ സ്വന്തം കേബിള്‍ ഓപ്പറേറ്റര്‍ എന്നതിലുപരി എല്ലാവരുടെയും കൂട്ടുകാരന്‍. അവരുടെ ചില്ലറ ചില്ലറ പ്രശ്നങ്ങള്‍ക്ക് കവലയിലെ ചായക്കടയില്‍ വെച്ച് അവര്‍ക്കു വേണ്ട ഉപദേശങ്ങളും ഉപായങ്ങളും പറഞ്ഞു കൊടുക്കുന്ന ഒരു സാധാരണ മനുഷ്യന്‍. ജോര്‍ജ്ജുകുട്ടിയുടെ ഒരേയൊരു വിനോദം എന്നു പറയുന്നത് സിനിമ കാണുന്നതാണ്. ചാനലുകളില്‍ വരുന്ന എല്ലാ സിനിമകളും തന്‍റെ കേബിള്‍ ഓഫീസിലിരുന്നു കാണും. വെറുതെ കാണുകയല്ല, തീവ്രമായി അതില്‍ ലയിച്ചിരുന്നു കാണും.

ജോര്‍ജ്ജുകുട്ടിയുടെ സ്വര്‍ഗ്ഗം എന്നു പറയുന്നത് ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കൊച്ചു ലോകമാണ്. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിശുക്കും പരിഭവങ്ങളും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ ഒരു കനല്‍ വന്നു വീഴുന്നു. അതോടെ എല്ലാം തകിടം മറിയുന്നു. പിന്നീട് ഉടലെടുക്കുന്ന ഓരോ സംഭവവികാസങ്ങളും അതില്‍നിന്നും തന്‍റെ കുടുംബത്തെ എന്തു വില കൊടുത്തും രക്ഷിക്കണം എന്ന ഒരു അച്ഛന്‍റെയും ഭര്‍ത്താവിന്‍റെയും സ്വാര്‍ത്ഥവും വികാരനിര്‍ഭരവുമായ നീക്കങ്ങളാണ് ചിത്രത്തിന്‍റെ ടേര്‍ണിംഗ് പോയിന്‍റ്.

പോലീസിന്‍റെ കുശാഗ്രബുദ്ധിയെ ചടുലമായ ചാണക്യനീക്കങ്ങളോടു കൂടി തരണം ചെയ്യുകയാണ് നായകന്‍. അതിനു വേണ്ടി സംഭവ ദിവസത്തെ വീണ്ടും സമാന്തരമായി പുനരാവിഷ്ക്കരിക്കുന്നു, ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുക്കൊണ്ട്. അവിടെയാണ് തിരക്കഥാകൃത്തും കൂടിയായ സംവിധായകന്‍ പ്രേക്ഷകനെ കൈയ്യിലെടുക്കുന്നത്.

ചിത്രത്തിന്‍റെ ഹൈലൈറ്റ് ക്ലൈമാക്സില്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സപെന്‍സും തുടര്‍ന്നുള്ള വികാരപ്രകടനങ്ങളുമാണ്. മീനയുടെ കഥാപാത്രം തുല്യപ്രാധാന്യമുള്ള ഒന്നാണ്. അതുപോലെത്തന്നെ മക്കളുടെയും. ആശാ ശരത്തും സിദ്ധിക്കും കുഞ്ചനും എന്നു വേണ്ട ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. എടുത്തു പറയേണ്ടത് കലാഭവന്‍ ഷാജോണ്‍ന്‍റെ കോണ്‍സ്റ്റബിളാണ്. ഈയൊരു കഥാപാത്രം മതി ഈ നടന്‍റെ കഴിവു തിരിച്ചറിയാന്‍.

ഗാനങ്ങള്‍ രണ്ടും ഹൃദ്യം. മുഴച്ചുനില്‍ക്കാത്ത രീതിയിലുള്ള സിറ്റ്വേഷണല്‍ കോമഡി. എല്ലാത്തിനും പിന്തുണയായി അനില്‍ ജോണ്‍സണ്‍ന്‍റെ മികവാര്‍ന്ന പശ്ചാത്തല സംഗീതവും സുജിത് വാസുദേവിന്‍റെ ഹൃദയഹാരിയായ ക്യാമറയും. ആകെമൊത്തത്തില്‍ കണ്ണിനും മനസ്സിനും ഒരു ദൃശ്യവിരുന്നു തന്നെയാണ് ജീത്തു ജോസഫിന്‍റെ "ദൃശ്യം".

ലാലേട്ടന്‍റെ ഏറ്റവും മിക്കച്ച പത്തു കുടുംബചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ദൃശ്യം ആണെന്ന് നി:സംശയം പറയാം. പ്രേക്ഷകര്‍ കാത്തിരുന്ന ലാലേട്ടന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നിരിക്കുന്നു. അതിന്‍റെ ഫുള്‍ ക്രെഡിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്